Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ഇംഗ്ലണ്ടിന് കിരീടം; ഇന്ത്യ അഞ്ചാമത്

Published

|

Last Updated

ഗ്ലാസ്‌ഗോ: 20ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ 15 സ്വര്‍വും 30 വെള്ളി മെഡലുകളും 19 വെങ്കലവുമുള്‍പ്പെടെ 64 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത്. സമാപന ദിവസം പി കശ്യപ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം വെള്ളി നേടി. പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം.
ഗെയിംസില്‍ 58 സ്വര്‍ണവും 59 വെള്ളിയും 57 വെങ്കലവുമായി 174 പോയിന്റുകളുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത്. 49 സ്വര്‍ണം, 42 വെള്ളി, 46 വെങ്കലവുമായി ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 32സ്വര്‍ണമടക്കം 82 പോയിന്റുമായി കാനഡയാണ് മൂന്നാം സ്ഥാനത്ത്.

ജ്വാല ഗുട്ട- അശ്വിനി സഖ്യത്തിന് വെള്ളി
ഇന്ത്യയുടെ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യത്തില്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ വെള്ളി. ഫൈനലില്‍ മലേഷ്യയുടെ വിവിയാന്‍ ഖ മുന്‍ ഹു- ഖെ വി വൂന്‍ സഖ്യമാണ് 17- 21, 21-23 എന്ന സ്‌കോറിന് ഇന്ത്യന്‍ ജോഡിയെ കീഴടക്കിയത്.
പി വി സിന്ധുവിനും
ഗുരു സായ് ദത്തിനും വെങ്കലം
ഇന്ത്യയുടെ പി വി സിന്ധുവിന് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെങ്കലം. വെങ്കല പോരാട്ടത്തില്‍ മലേഷ്യയുടെ ജിംഗ് യി ടീയെ 23-21, 21-9 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം മൂന്നാം സ്ഥാനത്തെത്തിയത്. 34 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരം വെങ്കലം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് സിന്ധു അതിജീവിച്ചത്. രണ്ട് ഗെയിം പോയിന്റുകള്‍ നേടി 23-21 എന്ന സ്‌കോറിനാണ് ഒന്നാം സെറ്റ് സിന്ധു പിടിച്ചത്. എന്നാല്‍ രണ്ടാം സെറ്റില്‍ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെ 21-9 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരം സെറ്റും മത്സരവും കൈവശപ്പെടുത്തി. സൈനയുടെ അഭാവത്തില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്നു സിന്ധു. എന്നാല്‍ സെമിയില്‍ കാനഡയുടെ ലി മിഷേലിനോട് പരാജയപ്പെട്ടതോടെ ആ സ്വപ്‌നം പൊലിയുകയായിരുന്നു.
വനിതാ സിംഗിള്‍സില്‍ കാനഡയുടെ ലീ മിഷേല്‍ സ്വര്‍ണവും സ്‌കോട്ട്‌ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മോര്‍ വെള്ളിയും നേടി.
പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ വെങ്കലവും ഇന്ത്യക്ക്. ഇന്ത്യയുടെ ഗുരു സായ് ദത്ത് ഇംഗ്ലണ്ടിന്റെ മൂന്നാം സീഡ് രാജീവ് ഔസേഫിനെ കീഴടക്കിയാണ് ഗുരു സായ് വെങ്കലം നേടിയത്. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ 21-15, 14-21, 21-19 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം വെങ്കലം നേടിയത്.
ഹോക്കിയില്‍ വെള്ളി
ഇന്ത്യയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴടക്കി ആസ്‌ത്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കി സ്വര്‍ണം നിലനിര്‍ത്തി. നാല് വര്‍ഷം മുമ്പ് ഡല്‍ഹി ഗെയിംസിലെ ഫൈനല്‍ ആവര്‍ത്തിച്ചപ്പോള്‍ തോല്‍വി ഭാരം കുറഞ്ഞെന്നു മാത്രം. ഇത്തവണ പരാജയപ്പെട്ടത് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക്. ഡല്‍ഹിയില്‍ അത് എട്ട് ഗോളായിരുന്നു എന്ന വ്യത്യാസം മാത്രം. ഇരു പകുതികളിലുമായി വഴങ്ങിയ രണ്ട് ഗോളുകളാണ് ഇന്ത്യന്‍ തോല്‍വി ഉറപ്പാക്കിയത്. തുടര്‍ച്ചയായ അഞ്ചാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ് ആസ്‌ത്രേലിയന്‍ ഹോക്കി ടീം ഇവിടെ നേടിയത്. ക്രിസ് സിറിയെല്ലോ നേടിയ ഹാട്രിക്കും വില്‍ എഡ്ഡി ഒക്കെന്‍ഡെന്‍ നേടിയ ഒറ്റ ഗോളുമാണ് ഇന്ത്യയുടെ വിധി നിര്‍ണയിച്ചത്. 13, 29, 48 മിനുട്ടുകളിലാണ് ക്രിസ് വല ചലിപ്പിച്ചത്. 51ാം മിനുട്ടില്‍ വില്‍ എഡ്ഡി പട്ടിക പൂര്‍ത്തിയാക്കി.
കളിയുടെ തുടക്കത്തില്‍ ഇന്ത്യ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആസ്‌ത്രേലിയ കനത്ത പ്രതിരോധ പൂട്ടിലൂടെ അതെല്ലാം തകര്‍ത്തു. 13ാം മിനുട്ടില്‍ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ആസ്‌ത്രേലിയ ലീഡെടുത്തത്. മത്സരത്തില്‍ ഇന്ത്യക്ക് ഒറ്റ പെനാല്‍റ്റി കോര്‍ണര്‍ മാത്രമാണ് ലഭിച്ചത്. അതാകട്ടെ വലയിലെത്തിക്കാന്‍ സാധിച്ചതുമില്ല. മറുഭാഗത്ത് ആസ്‌ത്രേലിയ നിരന്തരം ഇന്ത്യന്‍ പ്രതിരോധത്തെ പരീക്ഷിക്കുന്നുണ്ടായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളില്‍ തിരിച്ചടിക്കാനുള്ള സര്‍വ ശ്രമങ്ങളും ഇന്ത്യ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല.
ആസ്‌ത്രേലിയ സ്വര്‍ണവും ഇന്ത്യ വെള്ളിയും നേടിയപ്പോള്‍ ഇംഗ്ലണ്ടിനാണ് വെങ്കലം. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
ബോക്‌സിംഗില്‍ വിജേന്ദറിന് വെള്ളി
ബോക്‌സിംഗില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിന് വെള്ളി. 75 കിലോ വിഭാഗത്തില്‍ മത്സരിച്ച വിജേന്ദര്‍ ഇംഗ്ലണ്ടിന്റെ ആന്റണി ഫോളറോട് പരാജയപ്പെടുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മൂന്നാം മെഡലാണ് വിജേന്ദര്‍ ഇവിടെ നേടിയത്. നാല് വര്‍ഷം മുമ്പ് വെങ്കലവും 2006ല്‍ വെള്ളിയും വിജേന്ദര്‍ സ്വന്തമാക്കിയിരുന്നു.

Latest