Connect with us

Malappuram

ജില്ല പ്രളയ ഭീഷണിയില്‍; നാടാകെ വെള്ളക്കെട്ട്

Published

|

Last Updated

തിരൂര്‍: മഴ ഇന്നലെയും പെയ്ത തോടെ ജില്ല പ്രളയഭീതിയിലായി. ജലസ്രോതസുകളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. തിരൂരില്‍ കോടതി റോഡിന് പിറക് വശത്തെ 50 വര്‍ഷം പഴക്കമുളള കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വൈദ്യുതി ബന്ധം തകരാറിലായി. ഫയര്‍ഫോഴ്‌സ്, തിരൂര്‍ സി.ഐ.മുഹമ്മദ് ഹനീഫ, വൈദ്യുതി വകുപ്പ് അധികൃതര്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞൊഴുകിയതിനെ തുര്‍ന്ന് രണ്ട് 11 കെ.വി വൈദ്യുതി പോസ്റ്റുകള്‍ ഒഴുകിപോയി. പുറത്തൂര്‍ ഇലക്ട്രിസിറ്റി സെക്ഷനിലെ വൈദ്യുതി ബന്ധം തകരാറിലായി. പോസ്റ്റുകള്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുന്നത് വരെ ഈ മേഖലയില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. പുറത്തൂര്‍ കുറ്റിക്കാട് ഭാഗത്ത് നിന്നും എട്ട് പോത്തുകള്‍ ഒഴുകിപ്പോയി. നാട്ടുകാരുടെ സഹായത്തോടെ തോണികള്‍ ഉപയോഗിച്ച് ഇവയെ രക്ഷപ്പെടുത്തി.
ഭാരതപ്പുഴയോരത്തെ 50 വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തൃപ്രങ്ങോട് പഞ്ചായത്തിലെ 21-ാം വാര്‍ഡിലെ 20 വീടുകള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. ഈ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. തിരുന്നാവായ പുഴ നമ്പ്രത്ത് മൂന്നും തിരുത്തിയില്‍ രണ്ടും അടക്കം പ്രദേശത്തെ പന്ത്രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഇവിടെ ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞൊഴുകാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. തലക്കാട് പഞ്ചായത്തിലെ മുട്ടിക്കല്‍ ഭാഗത്ത് വാലില്ലാ പുഴയില്‍ മീന്‍ പിടിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിരുന്ന അനധികൃത തടയണ പൊളിച്ചുമാറ്റി വെള്ളക്കെട്ട് ഒഴിവാക്കി.
വെട്ടം, മംഗലം, നിറമരുതൂര്‍ പഞ്ചായത്തുകൡലെയും തിരൂര്‍ മുനിസിപ്പാലിറ്റിയിലെയും നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

Latest