Connect with us

Malappuram

ഫലസ്തീന്‍ ജനതക്ക് പിന്തുണയര്‍പ്പിച്ച് ശിഹാബ് തങ്ങള്‍ അനുസ്മരണം

Published

|

Last Updated

മലപ്പുറം: മൂന്ന് പതിറ്റാണ്ട് കാലം മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവി അലങ്കരിച്ച് മണ്‍മറഞ്ഞു പോയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയായി മാറി. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സേവനവും കാരുണ്യവും മുഖമുദ്രയാക്കുകയും ചെയ്ത മുഹമ്മദലി ശിഹാബ് തങ്ങളുടെ മായാത്ത ഓര്‍മകള്‍ നിറഞ്ഞ് നിന്ന ചടങ്ങില്‍ ഇസ്രായേല്‍ ക്രൂരതയുടെ ബലിയാടായി മാറുന്ന ഫലസ്തീന്‍ ജനത ഹൃദയം കൊണ്ട് പിന്തുണയര്‍പ്പിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഫലസ്തീന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സാലിഹ് ഫാഹിദ് മുഹമ്മദിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
ജീവിക്കാനുള്ള അവകാശത്തിനായി വിലപിക്കുന്ന പലസ്തീന്‍ ജനതക്ക് വേണ്ടി ശബ്ദിക്കാത്ത മോദി സര്‍ക്കാറിനെതിരെയുള്ള കടുത്ത താക്കീതും സമ്മേളനത്തില്‍ നിന്ന് ഉയര്‍ന്നു. പലസ്തീന്‍ ജനതയെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി ഒരു ജനത വിലപിക്കുകയാണ്. പലസ്തീനില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുമ്പോഴും അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും മൗനം പാലിക്കുന്നു.
ഐക്യരാഷ്ട്ര സഭ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അവസാന സമയമാണിത്. പലസ്തീനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ പാരമ്പര്യത്തെയാണ് ബി ജെ പി സര്‍ക്കാര്‍ കളഞ്ഞ്കുളിച്ചിരിക്കുന്നത്. വംശഹത്യയുടെ പിന്‍ബലമുള്ള സര്‍ക്കാര്‍ ഇസ്രായേലിനെ പിന്തുണക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ഈ ദുഷ്‌പേര് നീക്കാന്‍ സര്‍ക്കാറിന് പറ്റിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
മതേതര ജനാധിപത്യത്തിന്റെ ശാക്തീകരണം എന്ന പ്രമേയത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രി ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

Latest