കാട്ടാനകളുടെ സഞ്ചാരപദം വഴിമാറ്റി ഭൂമാഫിയ, നടപടിയെടുക്കാതെ വനം വകുപ്പ്

Posted on: August 3, 2014 8:13 am | Last updated: August 3, 2014 at 8:13 am

പത്തനംതിട്ട: ആനകളുടെ പരമ്പരാഗത സഞ്ചാരപദത്തിന് മാര്‍ഗം തടസം സൃഷ്ടിച്ച് ജനവാസമേഖലയിലേക്ക് കാട്ടാനകളെ കയറ്റി ഭൂമി തട്ടിയെടുക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുന്നു. ഇത്തരത്തില്‍ ചുളു വിലക്ക് തട്ടിയെടുക്കുന്ന ഭൂമി സ്വകാര്യ റിസോര്‍ട്ട് നിര്‍മാണത്ത് നല്‍കുകയാണ് പതിവ്. സംസ്ഥാനത്ത് വാല്‍പ്പാറ, നെല്ലിയാമ്പതി, വയനാട്, മറയൂര്‍, മൂന്നാര്‍, കുണ്ടള, കാന്തല്ലൂര്‍ എന്നിവിടങ്ങളിലാണ് ഭൂ മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആനത്താരകള്‍ക്ക്് കുറുകെ കിടങ്ങ് നിര്‍മിച്ചും. നടപ്പാതകളില്‍ തടിയില്‍ ആണിതറച്ചുമാണ് ഇവയുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നത് പകരം ജനവാസമേഖലയിലേക്ക് പുതിയ വഴി തയ്യാറാക്കി ഇവിടെ ശര്‍ക്കര, കൈതച്ചക്ക, കരിമ്പ് , ഉപ്പ് തുടങ്ങിയ ആഹാര വസ്തുക്കള്‍ വെച്ച് ആനകളെ വഴിതിരിച്ചു വിടുന്നു.

ആനകളുടെ ശല്യം രൂക്ഷമാകുന്നതോടെ ഭൂമി വില്‍ക്കാന്‍ ഉടമയെ സമീപിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് സംഘങ്ങള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ ദേശവാസികളുടെ സഹായം ലഭിക്കുന്നത് ഭൂ മാഫിയകള്‍ക്ക് തുണയാകുന്നുണ്ട്, അതേസമയം ഇവര്‍ക്കെതിരെ പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയത്തില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
ഇത്തരത്തില്‍ തട്ടിയെടുത്ത ഭൂമിയില്‍ പുറംമ്പോക്ക് ഭൂമികള്‍, വനം ഭൂമി എന്നിവ ഉള്‍പ്പെടുന്നുള്ളതിനാല്‍ വനം വകുപ്പിന് നിയപരമായി മുന്നോട്ടുപോകാമെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. വനമേഖലകളില്‍ റിസോര്‍ട്ട് നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇവിടങ്ങളില്‍ അത് ബാധകമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ ഏറെയും ഭൂമി തട്ടിയെടുക്കല്‍ നടക്കുന്നത് വാല്‍പ്പാറ, ചിന്നാര്‍- മറയൂര്‍ മേഖലകളിലാണ് ഇവിടെ തമിഴ് നാടിന്റെ അതിര്‍ഥി പ്രദേശമായതിനാല്‍ റവന്യു രേഖകള്‍ കൃത്യമല്ലാത്താണ് ഈ മേഖലകളിലേക്ക് ഭൂ മാഫികളെ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിക്കുന്നത്. വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായിട്ടാണ് സൂചന.
ഇത്തരത്തില്‍ തട്ടിയെടുത്ത ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് മുറിക്കുന്ന മരങ്ങള്‍ ഭൂ മാഫിയെ സഹായിക്കുന്ന പ്രദേശവാസികള്‍ക്ക് നല്‍കുകയാണ് പതിവ്.
വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെ ജൈവ വേലി, ഫെന്‍സിങ് ലൈന്‍ എന്നിവ സ്ഥാപിച്ചിരിക്കുന്ന ജനവാസമേഖലകളില്‍ പോലും ഇപ്പോള്‍ കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഭൂമി തട്ടിയെടുത്ത ശേഷം ഈ ഭാഗത്തു കൂടിയുള്ള മാര്‍ഗ്ഗം തടസ്സം സൃഷ്ടിച്ച് ആനകളുടെ സഞ്ചാരം തടയുകയും ചെയ്യും. ആനത്താരകള്‍ മാറ്റുന്നതോടെ ഇവയുടെ ആവാസ വ്യവസ്ഥയ്ക്കും ഇതോടെ നിലവില്‍ ഭീക്ഷണിയായിരിക്കുകയാണ്. മഴക്കാലമാകുന്നതോടെ സ്ഥിരമായി ജലം കുടിക്കാന്‍ എത്തുന്ന നദികടവുകള്‍ക്ക് പകരം ആഴമേറിയ ഭാഗത്ത് ഇവ എത്തിപ്പെടാന്‍ സാദ്യത ഉള്ളതായിട്ടാണ് വനവാസികള്‍ പറയുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് ഒരു മാസത്തിനിടെ മൂന്ന് ആനകളാണ് ചരിഞ്ഞിട്ടുള്ളത്.