Connect with us

Articles

ബഹിഷ്കരണത്തേക്കാള്‍ വലിയ ആയുധമുണ്ടോ?

Published

|

Last Updated

ഇറാന്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദ് ഒരിക്കല്‍ യു എന്‍ പൊതു സഭയില്‍ പറഞ്ഞു: ഇസ്‌റാഈലിന്റെ നിലനില്‍പ്പ് നുണയിലാണ്. “ഹോളോകോസ്റ്റ്” പറഞ്ഞു പൊലിപ്പിച്ച നുണയല്ലാതെ മറ്റൊന്നുമല്ല. വലിയ ചര്‍ച്ചകള്‍ക്ക് വാതായനങ്ങള്‍ തുറന്നിട്ടു ആ വാക്കുകള്‍. പല്ലു കൊഴിഞ്ഞ് വിധേയപ്പെട്ടു പോയ വയസ്സന്‍ സിംഹമാണ് യു എന്‍ എന്നറിഞ്ഞിട്ടും ഹ്യൂഗോ ഷാവേസും നജാദുമൊക്കെ ആ തണുപ്പന്‍ പൊതു മണ്ഡലത്തെ ചൂട് പിടിപ്പിക്കും വിധം സംസാരിച്ചത് തങ്ങളുടെ വാക്കുകള്‍ വലിയൊരു സംവാദത്തിന് തിരികൊളുത്തുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. തെരുവുകളില്‍, മാധ്യമങ്ങളില്‍, നിയമനിര്‍മാണസഭകളില്‍, നെറ്റിലെ കൂട്ടായ്മകളില്‍, പ്രാര്‍ഥനാലയങ്ങളില്‍, ന്യൂസ് റൂമുകളില്‍, കലാപ്രകടനങ്ങളില്‍, സുഹൃദ്‌സദസ്സുകളില്‍, കുടുംബങ്ങളില്‍ ഉച്ചരിക്കുന്ന ഓരോ വാക്കും മുദ്രാവാക്യവും പ്രാര്‍ഥനയും സാമ്രാജ്യത്വവിരുദ്ധമായ പ്രതിരോധവും ആക്രമണവും ഒരുക്കുന്നു. ഗാസയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍ ലോകത്താകെ ഉയരുന്ന പ്രതിഷേധ പ്രപഞ്ചം ആ അര്‍ഥത്തില്‍ പ്രതീക്ഷ പകരുന്നതാണ്.
ഈ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ യു എന്നിനെയും യു എസിനെയും ചില അഭിനയങ്ങള്‍ക്കെങ്കിലും നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഹമാസ് തൊടുത്തു വിടുന്ന റോക്കറ്റുകളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞ യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് സ്വരം ചെറുതായെങ്കിലും മാറ്റേണ്ടി വന്നു. ജൂതരാഷ്ട്രത്തെ പിണക്കാതെ ഒരു വെടിനിര്‍ത്തല്‍ തരപ്പെടുത്താന്‍ ജോണ്‍ കെറിയെ മധ്യപൗരസ്ത്യ ദേശത്തേക്ക് അയക്കേണ്ടി വന്നു. യു എന്നാകട്ടെ സംയമനം പാലിക്കണമെന്ന് ഇസ്‌റാഈലിനെ“”ഉപദേശി”ക്കുകയായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഹമാസിന്റെയും ഫലസ്തീന്‍ അതോറിറ്റിയുടെയും ഇസ്‌റാഈലിന്റെയും പ്രതിനിധികളെ കൈറോയില്‍ ഒരുമിച്ചിരുത്താന്‍ ബാന്‍ കി മൂണ്‍ തയ്യാറായിരിക്കുന്നു. നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഹമാസിനു മേല്‍ ഇത്ര കാലം അടിച്ചേല്‍പ്പിച്ച തൊട്ടുകൂടായ്മ മെല്ലെ ഒലിച്ചു പോകുന്നുണ്ട് ഇവിടെ.

ലോകത്തെ വിവിധ നഗരങ്ങളില്‍, തെരുവുകളില്‍ മുദ്രാക്യം വിളിക്കുന്നവര്‍ എന്ത് ഫലപ്രാപ്തിയാണ് ഉണ്ടാക്കുകയെന്ന് ചോദിക്കുന്നവരുണ്ട്. സാമ്രജ്യത്വവിരുദ്ധമായ അവബോധം ഈ ഓരോ മുദ്രാവാക്യവും സൃഷ്ടിക്കുന്നുണ്ട് എന്നതാണ് ഉത്തരം. ആദ്യം അത് തെരുവിലിറങ്ങുന്നവനെ ആശയപരമായി ആയുധമണിയിക്കുന്നു. രണ്ടാമത് അത് പ്രചരിപ്പിക്കുന്നവനെയും. പിന്നെ ഈ ആവേശോജ്ജ്വലമായ പ്രതികരണങ്ങള്‍ ആയിരക്കണക്കായ മനുഷ്യരെ പരോക്ഷമായി സ്വാധീനിക്കുന്നു. സമാധാനത്തിനായുള്ള മുറവിളികളെയും ഇടപെടലുകളെയും അപ്പാടെ ബന്ദിയാക്കി ഇസ്‌റാഈല്‍ തുടരുന്ന നരമേധം സാമ്രാജ്യത്വത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും കുറിച്ചുള്ള ഗൗരവതരമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഓര്‍മപ്പെടുത്തലുകള്‍ക്കും വഴിയൊരുക്കുകയാണ്. ഉറച്ച വാക്കുകള്‍ക്ക് ഏത് കോട്ടകൊത്തളത്തെയും കിടിലം കൊള്ളിക്കാനുള്ള ശേഷിയുണ്ടല്ലോ.
അത്തരമൊരു ധീരമായ വാക്കാണ് ബ്രിട്ടീഷ് മുന്‍ ഉപ പ്രധാനമന്ത്രി ജോണ്‍ പ്രിസ്‌കോട്ടില്‍ നിന്ന് ലോകം കേട്ടത്. പലായനത്തിനുള്ള സാധ്യത പോലും നിഷേധിച്ച്, നാല് ഭാഗവും അടച്ചിടപ്പെട്ട ഗാസയെ നാസി ജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളോടാണ് അദ്ദേഹം ഉപമിച്ചത്. ഇസ്‌റാഈല്‍ അതിന്റെ നിലനില്‍പ്പിനായി എക്കാലത്തും ഉയര്‍ത്തിയ നാസി ക്രൂരതയെ തന്നെ സയണിസ്റ്റ് ഭീകരതയെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുക വഴി ചരിത്രപരമായ പ്രഹരമാണ് അദ്ദേഹം നല്‍കിയത്. മറ്റേത് വിമര്‍ശവും സയണിസ്റ്റുകള്‍ ക്ഷമിക്കും. അവരുടെ ഭാഷയില്‍ “സംഘടിതവും ആസൂത്രിതവുമായ ഹോളോകോസ്റ്റ് കശാപ്പ്” അനുപമമാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂരത അതാണ്. അതിന് മുകളില്‍ മറ്റൊന്നുമില്ല. “രാഷ്ട്രമില്ലാത്ത ജനതക്ക്, ജനങ്ങളില്ലാത്ത രാഷ്ട്രമെ”ന്ന ഇസ്‌റാഈലിന്റെ സൃഷ്ടി മുദ്രാവാക്യം തന്നെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഹോളോകോസ്റ്റ് വിലാപത്തിലാണ്. അതുകൊണ്ടാണ് ബ്രിട്ടനിലെ ജ്യൂയിഷ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ മിക് ഡേവിസ് ഇങ്ങനെ പ്രതികരിച്ചത്: ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ക്രൂരതയെ, ഹോളോകോസ്റ്റിനെ നിസ്സാരവത്കരിക്കുകയാണ് പ്രിസ്‌കോട്ട് ചെയ്തത്. ഇത് ജൂത സമൂഹം പൊറുക്കില്ല.
ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് ഇസ്‌റാഈലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ഹമാസ് പ്രവര്‍ത്തകരെ നിരന്തരം ഭീകരരെന്ന് വിളിച്ച്, സയണിസമാണ് “ഭീകരത”യെന്ന പദം പ്രാബല്യത്തിലാക്കിയത്. 9/11ന് ശേഷം അമേരിക്ക ആ പദം ആഗോളവത്കരിക്കുകയായിരുന്നു. അതേ പദം ഇസ്‌റാഈലിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുക വഴി മൊറേല്‍സ് ലാറ്റിനമേരിക്കയുടെയാകെ ഐക്യദാര്‍ഢ്യം അങ്ങേയറ്റം ഫലപ്രദമായി അടയാളപ്പെടുത്തുകയാണ് ചെയ്തത്. മധ്യ പൗരസ്ത്യ മേഖലയിലെ ഒരേയൊരു ജനാധ്യപത്യ രാഷ്ട്രമാണ് ഇസ്‌റാഈലെന്ന് അമേരിക്ക ഇന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊറേല്‍സിന്റെ ഭീകര പ്രയോഗമെന്നോര്‍ക്കണം. ഇസ്‌റാഈല്‍ പൗരന്‍മാര്‍ക്ക് വിസ കൂടാതെ ബൊളീവിയയില്‍ പ്രവേശിക്കാനുള്ള, 42 വര്‍ഷമായി നിലനില്‍ക്കുന്ന കരാര്‍ അദ്ദേഹം റദ്ദാക്കുകയും ചെയ്തു.
ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ആയിരങ്ങള്‍ അണിനിരന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ആഭ്യന്തരമായി ഉയരുന്ന സമ്മര്‍ദത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഇത്തരമൊരു റാലി നടക്കുന്നത് തടയാനായി ഭരണകൂടം കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ മനുഷ്യത്വം അസ്തിമിച്ചിട്ടില്ലാത്ത മനുഷ്യര്‍ ഇസ്‌റാഈലില്‍ അവശേഷിക്കുന്നുവെന്ന് ആ റാലി വിളിച്ചുപറഞ്ഞു. ചരിത്രത്തിലേക്കുള്ള വാതില്‍ ആ റാലിയിലും തുറന്നു വെച്ചിട്ടുണ്ടായിരുന്നു. ഇസ്‌റാഈല്‍ എന്ന രാഷ്ട്രത്തെ ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചെടുക്കും മുമ്പ് ഫലസ്തീന്‍ ഭൂവിഭാഗത്തില്‍ ഇടകലര്‍ന്ന് ജീവിച്ച ജൂതരുടെയും അറബികളുടെയും ചരിത്രത്തിന്റെ പുനഃസൃഷ്ടിയായാണ് ടെല്‍ അവീവില്‍ അവര്‍ കൊളുത്തിയ വിളക്കുകള്‍ വിലയിരുത്തപ്പെട്ടത്. പാരീസില്‍ നിരോധം മറികടന്ന് കൂറ്റന്‍ പ്രകടനം നടന്നു. ന്യൂയോര്‍ക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് ഫലസ്തീന്‍ റാലിയില്‍ എത്തിയത്. ജര്‍മനിയില്‍ ജൂതന്‍മാരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഭൂഖണ്ഡങ്ങള്‍ കീറിമുറിച്ച് പ്രതിഷേധത്തിര പടര്‍ന്നു കയറിയപ്പോള്‍ ഒരു നഗരവും ഒഴിഞ്ഞ് നില്‍ക്കുന്നില്ല. നിരായുധരായ മനുഷ്യരെയാണ് യഥാര്‍ഥത്തില്‍ സാമ്രാജ്യത്വം ഭയക്കുന്നത്. അതുകൊണ്ടാണ് ഗാസയിലേക്ക് സഹായവുമായി പോയ കപ്പല്‍ക്കൂട്ടത്തെ ഇസ്‌റാഈല്‍ മുമ്പ് ആക്രമിച്ചത്. ഗാസയിലെ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെപ്പോലും വകവരുത്തുന്നത് ഈ മനുഷ്യരാണ് വലിയ പ്രതിരോധ ശക്തിയായി വളരാന്‍ പോകുന്നതെന്ന തിരിച്ചറിവിലാണ്. അകലെ എവിയെയോ ആണെങ്കിലും ഈ മനുഷ്യസഞ്ചയത്തോട് ഐക്യപ്പെടുന്ന മനുഷ്യ സംഘങ്ങള്‍ അധീശശക്തികളെ അലോസരപ്പെടുത്തുന്നു. ഇതില്‍ ചിലരെങ്കിലും റേച്ചല്‍ കോറിയെപ്പോലെ ഫലസ്തീനിന്റെ മണ്ണിലേക്ക് തീര്‍ഥ യാത്ര നടത്തുമെന്ന് അവര്‍ ഭയക്കുന്നു.
2005 മുതല്‍ ഇസ്‌റാഈലിനെതിരെ നിരന്തരം പ്രചാരണം നടത്തുന്ന ബി ഡി എസ് പ്രസ്ഥാനം ശക്തിപ്പെട്ടുവരികയാണ്. ബോയ്‌കോട്ട്, ഡിവസ്റ്റ്‌മെന്റ്, സാംഗ്ഷന്‍സ് എന്നാണ് പൂര്‍ണരൂപം. ഫലസ്തീനിലെ 171 സര്‍ക്കാറിതര സംഘടനകളുടെ കൂട്ടായ്മയാണ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്‌റാഈലിന് മേല്‍ ആഗോളതലത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും സമ്മര്‍ദം ശക്തമാക്കുകയാണ് ലക്ഷ്യം. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തിന്റെ നേര്‍ ചിത്രങ്ങള്‍ അവര്‍ ലോകത്തിന് മുമ്പില്‍ വെക്കുന്നു. അധിനിവേശത്തിന്റെ ചരിത്രം പ്രചരിപ്പിക്കുന്നു. ഇസ്‌റാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഇസ്‌റാഈലില്‍ നടത്തിയ മുതല്‍മുടക്കുകള്‍ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നു. അക്കാദമിക രംഗത്തെയും കലാ രംഗത്തെയും പ്രമുഖരെ ഇസ്‌റാഈലുമായി ബന്ധപ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ചെറുതെങ്കിലും ചില വിജയങ്ങള്‍ സംഘടന നേടുന്നുണ്ട്.
ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഇസ്‌റാഈലിലെ പരിപാടി ബഹിഷ്‌കരിച്ചത് അത്തരമൊരു വിജയമായിരുന്നു. വര്‍ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കക്കെതിരെ ആഗോളവ്യാപകമായി നടന്ന ബഹിഷ്‌കരണ പ്രസ്ഥാനമാണ് ബി ഡി എസിന്റെ മാതൃക. ഇസ്‌റാഈലിനെ അപ്പാര്‍തീഡ് രാഷ്ട്രമായി കാണുന്ന ബി ഡി എസ്, നിയമവിരുദ്ധ പ്രസ്ഥാനമാണെന്ന് ലീബര്‍മാനെപ്പോലുള്ള തീവ്ര ജൂത നേതാക്കള്‍ വാദിക്കുമ്പോള്‍ ഇസ്‌റാഈലിനകത്ത് നിന്ന് തന്നെ ബി ഡി എസിന് പിന്തുണ ലഭിക്കുന്നുണ്ട്. ഫലസ്തീന്‍ ജനതയോട് ഇസ്‌റാഈല്‍ കാണിക്കുന്ന ക്രൂരതകള്‍ വര്‍ണവിവേചനപരമാണെന്നതിന് ബി ഡി എസ് കൃത്യമായ തെളിവുകള്‍ നിരത്തുന്നു. ഇസ്‌റാഈലിനകത്ത് അറബ് വംശജര്‍ അനുഭവിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത വിവേചനങ്ങള്‍ സൂസന്‍ നഥാനെപ്പോലുള്ളവര്‍ അവരുടെ പുസ്തകങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
രണ്ട് ഇസ്‌റാഈല്‍ കമ്പനികളിലായി പെന്‍ഷന്‍ ഫണ്ട് നിക്ഷേപിച്ച നോര്‍വേ സര്‍ക്കാര്‍ അത് പൂര്‍ണമായി പിന്‍വലിച്ചുവെന്നത് സമീപകാല ബി ഡി എസ് വിജയമാണ്. ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ ബേങ്കായ ഡാന്‍സ്‌കെ ബേങ്ക് ഇസ്‌റാഈലിലെ പ്രമുഖ ബേങ്കായ ഹാപോലിമിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മൈക്രോസോഫ്റ്റിന്റെ ബില്‍ഗേറ്റ്‌സ് ജി4എസ് എന്ന ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനത്തിലെ നിക്ഷേപത്തിന്റെ വലിയ പങ്ക് പിന്‍വലിക്കാന്‍ തയ്യാറായി. ഈ കമ്പനി ഇസ്‌റാഈലില്‍ ജയില്‍ പരിഷ്‌കരണ ദൗത്യമേറ്റെടുത്തുവെന്ന് ബി ഡി എസ് പ്രചരിപ്പിച്ചതോടെയാണ് ഈ ഡിവസ്റ്റ്‌മെന്റിന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തയ്യാറായത്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഫൗണ്ടേഷന്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചില്ല. ജി4 എസ് തന്നെ പിന്നീട് ഇസ്‌റാഈലുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ഡെസ്മണ്ട് ടുടുവിന്റെ നേതൃത്വത്തില്‍ നൊബേല്‍ ജേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ചിന്തിക്കുന്നവരുടെ മുഴുവന്‍ ഐക്യദാര്‍ഢ്യം ഗാസയോടൊപ്പമുണ്ടെന്നതിന്റെ നിദര്‍ശനമാണ്.
യു കെയിലെ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ആയ ജോണ്‍ ലൂയിസ്, സോഡാ സ്ട്രീം കമ്പനിയുടെ ഉത്പന്നങ്ങള്‍ പൂര്‍ണമായി തങ്ങളുടെ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്തു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലാണ് സോഡാ സ്ട്രീമിന്റെ പ്രധാന ഉത്പാദന കേന്ദ്രമെന്ന് ബി ഡി എസ് പ്രചരിപ്പിച്ചതോടെയാണ് ഇത്. ചിലി ഇസ്‌റാഈലുമായുള്ള വ്യാപാര ഉടമ്പടികള്‍ ചിലി മരവിപ്പിച്ചുവെന്നത് ഗാസാ കൂട്ടക്കൊലയോടുള്ള ശക്തമായ പ്രതികരണങ്ങളില്‍ ഒന്നാണ്. ബ്രസീല്‍, ചിലി, ഇക്വഡോര്‍, എല്‍സാല്‍വദോര്‍, പെറു തുടങ്ങിയ രാജ്യങ്ങള്‍ ഇസ്‌റാഈലില്‍ നിന്ന് സ്ഥാനപതിമാരെ പിന്‍വലിച്ചിരിക്കുകയാണ്. ഇസ്‌റാഈല്‍ പ്രതിനിധിയെ രാജ്യത്ത് നിന്ന് പുറത്താക്കാനും സ്വന്തം പ്രതിനിധിയെ ടെല്‍ അവീവില്‍ നിന്ന് പിന്‍വലിക്കാനും ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ എ എന്‍ സിയുടെ പാര്‍ലിമെന്ററി സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മാലദ്വീപ് ഇസ്‌റാഈലുമായുള്ള മുഴുവന്‍ ഉഭയകക്ഷി കരാറുകളും റദ്ദാക്കിക്കഴിഞ്ഞു. മുഴുവന്‍ ഇസ്‌റാഈല്‍ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് യമീന്‍ ഭരണകൂടം. തുര്‍ക്കിയില്‍ 12 നഗരസഭകള്‍ ഇസ്‌റാഈല്‍ ഉത്പന്നങ്ങള്‍ക്ക് ബഹിഷ്‌കരണം ഏര്‍പ്പെടുത്തി. ഈ ബഹിഷ്‌കരണങ്ങള്‍ ഇസ്‌റാഈലിന്റെ കയറ്റുമതിയെ കാര്യമായി ബാധിച്ചുവെന്ന് പ്രധാന കമ്പനികളെല്ലാം സമ്മതിക്കുന്നുവെന്ന് വരുമ്പോഴാണ് ഈ കുഞ്ഞരുവികള്‍ മഹാപ്രവാഹമായി മാറുന്നുവെന്ന് വ്യക്തമാകുന്നത്. ഇസ്‌റാഈലിലെ പ്രധാന പഴസത്ത് ഉത്പാദകരായ പ്രിനിവിന്റെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞുവെന്ന് ഡയറക്ടര്‍ ഇദോ യാനിവ് വ്യക്തമാക്കുന്നു. യഹൂദ പത്രമായ ഹാരത്‌സ് കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പിലും ഈ ആഘാതം വ്യക്തമാണ്. ലോകത്താകെ നിരവധി സംഘടനകളും വ്യക്തികളും നടത്തുന്ന നിശ്ശബ്ദ ബഹിഷ്‌കരണ ശ്രമങ്ങള്‍ സാവധാനം ഫലം കാണുന്നുവെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ഫേസ്ബുക്ക് അടക്കമുള്ള കൂട്ടായ്മകളില്‍ ഇസ്‌റാഈല്‍ ഉത്പന്നങ്ങളുടെ പട്ടികയും ബാര്‍കോഡുകളും പ്രചരിക്കുന്നുണ്ട്. ചെറുത്തു നില്‍പ്പ് സംഘങ്ങളുടെ സൈറ്റുകള്‍ സന്ദര്‍ശിച്ച് ബഹിഷ്‌കരണ ചലനങ്ങള്‍ മനസ്സിലാക്കന്‍ ശ്രമിക്കുകയും ഐക്യപ്പെടുകയും ചെയ്യുകയാണ് ഗാസയിലെ കുട്ടികള്‍ക്കു മേല്‍ അര്‍പ്പിക്കാനുള്ള യഥാര്‍ഥ കണ്ണീര്‍ പൂക്കള്‍.
സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക മേധാവിത്വവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ ചെറുത്തു നില്‍പ്പുകള്‍ അത്ര വലുതല്ലായിരിക്കാം. ആഴത്തിലുള്ള പ്രതിസന്ധി സൃഷ്ടിക്കാന്‍ അത് അശക്തവുമായിരിക്കാം. പക്ഷേ, വന്‍ശക്തികളുടെ ധാര്‍ഷ്ട്യത്തിന്റെ ഇരുട്ടിനെ കീറിമുറിക്കാന്‍ ഈ ചെറു മെഴുതിരിക്കാലുകള്‍ക്ക് സാധിക്കും. ഈ വെളിച്ചത്തില്‍ ഇന്ത്യയിലെപ്പോലുള്ള സമദൂര കള്ളത്തരങ്ങള്‍ കൂടുതല്‍ വെളിപ്പെട്ടു വരും. ഈ പ്രതിരോധങ്ങള്‍ സൃഷ്ടിക്കുന്ന അവബോധങ്ങള്‍ ഹമാസ് അയക്കുന്ന റോക്കറ്റുകളേക്കാള്‍ ആയിരം മടങ്ങ് ശക്തമായിരിക്കും. ആര്‍ എസ് എസിന് ശക്തമായ സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇന്ത്യക്ക് യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഇസ്‌റാഈല്‍വിരുദ്ധ വോട്ട് രേഖപ്പെടുത്തേണ്ടി വന്നത് ഈ അവബോധത്തിന്റെ ശക്തികൊണ്ടാണ്. ഇങ്ങ് കേരളത്തിലെ എം എല്‍ എമാര്‍ക്ക് അമേരിക്കന്‍ യാത്ര ഉപേക്ഷിക്കേണ്ടിയും വന്നുവല്ലോ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest