Ongoing News
ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന നിസ്സഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ കെ ജി എം ഒ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കി ഉയര്‍ത്തുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മാസം 21 മുതല്‍ ഡോക്ടര്‍മാര്‍ സമരരംഗത്തിറങ്ങിയത്.
നിലവിലുള്ള ജനറല്‍ ആശുപത്രികളെ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ജില്ലാ ആശുപത്രികളില്‍ നിന്ന് ജനറല്‍ ആശുപത്രികളിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജോലി സമയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കെ ജി എം ഒ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.




