Connect with us

Wayanad

പരക്കുനി കോളനി വെള്ളത്തിലായി

Published

|

Last Updated

പനമരം: മഴ കനത്തതോടെ പരക്കുനി കോളനി വെള്ളത്തിലായി. വര്‍ഷാവര്‍ഷങ്ങളില്‍ മഴശക്തമാകുന്നതോടെ പരക്കുനി കോളനിനിവാസികള്‍ക്ക് ദുരിതമാണ്. മഴവെള്ളം വീടുകളും പരിസരങ്ങളിലും കെട്ടികിടക്കുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും വൃദ്ധന്മാരും കൊച്ചുകുട്ടികളുമടക്കം ദുരിതത്തിലാകുന്നു. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിക്കാര്‍ക്കാണ് ദുരവസ്ഥ. ആദിവാസികളും മറ്റുള്ളവരുമടക്കം അമ്പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കാലവര്‍ഷത്തിന് മുമ്പെ മഴവെള്ളം ഒഴിവാക്കുന്നതിനാവശ്യമായ പൈപ്പുകള്‍ നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നതല്ലാതെ നാളിതുവരെയായി യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. രണ്ട് ദിവസം മഴ ശക്തമായി തുടര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശമായ പരക്കുനി കോളനി നിവാസികളുടെ വീടുകളില്‍ വെള്ളം തളം കെട്ടിനില്‍ക്കുകയാണ്. കബനിപുഴയോട് ചേര്‍ന്നാണ് ഇവിടെ കുടുംബങ്ങള്‍ താമസിക്കുന്നത്.
പുഴ കരകവിയുന്നതോടെ വീടുകള്‍മിക്കതും വെള്ളത്തിനടിയിലാകും. മഴവെള്ളം കെട്ടി ഏകദേശം നാലടി പൊക്കത്തില്‍ വെള്ളംഇപ്പോള്‍ തന്നെയുണ്ട്.
ഇങ്ങനെ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പ്രായമായവരെയുംകുട്ടികളെയും റോഡിലേക്കെത്തിക്കുന്നത് വളരെ പ്രയാസപ്പെട്ടാണ്. ചെറുകാട്ടൂര്‍ വില്ലേജ്ഓഫീസര്‍, പനമരം ട്രൈബല്‍ ഓഫീസര്‍, വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരെനാട്ടുകാര്‍ വിളിച്ചുവരുത്തി. കഴിഞ്ഞ വര്‍ഷം ഇത്തരം അനുഭവം കോളനിക്കാര്‍ക്ക് നേരിടേണ്ടിവന്നതിനാലാണ് പ്രദേശവാസികള്‍ പലരും ക്ഷുഭിതരായി. പനമരം പൊലീസുംസ്ഥലത്തെത്തിയിരുന്നു.
എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്മത്തിന്റെ നേതൃത്വത്തില്‍നടത്തിയ ചര്‍ച്ചയുടെ ഫലമായി ദ്രുതഗതിയില്‍ പൈപ്പിട്ട് വെള്ളം ഒഴിവാത്താനുള്ള സംവിധാനംഏര്‍പ്പെടുത്തി. വെള്ളം കയറുന്ന പക്ഷം കോളനിക്കാരെ മാറ്റി പാര്‍പ്പിക്കാനുള്ള സംവിധാനവും പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എടുത്തിട്ടുണ്ട്.

 

Latest