Connect with us

Ongoing News

ജോര്‍ദാനിലേക്ക് കേരളത്തില്‍ നിന്നും മില്‍മ നെയ്യ്‌

Published

|

Last Updated

കല്‍പ്പറ്റ: ലോകവിപണികളില്‍ സ്ഥാനം കണ്ടെത്താനുള്ള സാധ്യതകള്‍ മില്‍മ പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി കെ സി ജോസഫ്. വിദേശ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യേതര രാജ്യമായ ജോര്‍ദാനിലേക്കുള്ള മില്‍മ നെയ്യ് കയറ്റുമതിയുടെ ഉദ്ഘാടനവും, ഫഌഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കൃഷിക്കാര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്താന്‍ കഴിയുന്നത് ക്ഷീരമേഖലയില്‍ മാത്രമാണ്. മറ്റൊരു കൃഷിക്കും വിലസ്ഥിരത അവകാശപ്പെടാനാവില്ല. പല ഉത്പ്പന്നങ്ങള്‍ക്കും വില കൂടുമ്പോള്‍ ഉല്പാദനം കുറയും മറിച്ചും സംഭവിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഉല്പാദനം എത്ര വര്‍ധിച്ചാലും പാലിന് വില കുറയുന്നില്ലെന്നത് ക്ഷീരമേഖലയില്‍ മാത്രം കാണാന്‍ സാധിക്കുന്ന വസ്തുതയാണ്.
കഴിഞ്ഞ രണ്ട് ബജറ്റിലും ക്ഷീരമേഖലക്കായി ഗണ്യമായ തുകയാണ് മാറ്റിവെച്ചിട്ടുള്ളത്. കാലിത്തീറ്റ സബ്‌സിഡി വര്‍ദ്ധിപ്പിച്ച് 40 പൈസയില്‍ നിന്നും ഒരു രൂപയായി ഉയര്‍ത്തി. ക്ഷേമ പെന്‍ഷന്‍ 300 രൂപയില്‍ നിന്നും അഞ്ഞൂറ് രൂപയായി ഉയര്‍ത്താനും സര്‍ക്കാരിന് സാധിച്ചു. കൂടാതെ പാലിന്റെ വില മൂന്ന് തവണയായി വര്‍ധിപ്പിച്ച് 13 രൂപയായി ഉയര്‍ത്തി. ഇതിന്റെയെല്ലാം അനൂകൂല്യം ലഭിക്കുന്നത് കര്‍ഷകര്‍ക്കാണ്. ക്ഷീരമേഖലയുടെ സംരക്ഷണ കവചമായി മാറാന്‍ മില്‍മക്ക് സാധിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാകുമ്പോഴെങ്കിലും പാല്‍, പച്ചക്കറി, കോഴിയിറച്ചി, കോഴിമുട്ട എന്നിവയില്‍ കേരളം സ്വയം പര്യാപ്തമാകണം.
പാല്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധവുണ്ടായി. മലബാര്‍മേഖലയിലടക്കം വില്‍പ്പനയില്‍ ഗണ്യമായി വര്‍ധനവുണ്ടായത് അതിന്റെ തെളിവാണ്. പച്ചക്കറിയിലെ കീടനാശിനി പ്രയോഗവും, ഭക്ഷ്യവസ്തുക്കളിലെ മായവുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുകയാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ പച്ചക്കറി കൃഷിയിലേക്കും മറ്റും തിരിയണം. കൂടാതെ ജൈവകൃഷി രീതി അവലംബിച്ച് കീടനാശിനിയില്ലാത്ത ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് തന്നെ നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം. സര്‍ക്കാരിന്റെ മുഖ്യ അജണ്ടകളിലൊന്ന് ഈ രംഗത്തുള്ള സജീവ ഇടപെടലാണ്. മില്‍മയുടെ ബ്രാന്‍ഡിന് വിശ്വാസ്യത ഏറെയാണ്. അത് നിലനിര്‍ത്താനും മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ബെസ്റ്റ് എക്‌സ്‌പോര്‍ട്ടര്‍ അവാര്‍ഡ് എന്‍ ഇബ്രാഹിം ഏറ്റുവാങ്ങി. ബെസ്റ്റ് എക്‌സ്‌പോര്‍ട്ട് ടെക്‌നോളജിസ്റ്റ് അവാര്‍ഡ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി പി ആലി അനുഷ അലക്‌സിന് സമ്മാനിച്ചു. എം ആര്‍ ഡി എഫ് ഇന്‍സെന്റീവ് വിതരണവും നടന്നു. കെ എന്‍ സുരേന്ദ്രന്‍ നായര്‍, കെ ടി തോമസ്, കല്ലട രമേശ്, പി എ ബാലന്‍മാസ്റ്റര്‍, പി കെ പാഠക്, ജോസ് ഇമ്മാനുവല്‍, എ പി കുര്യാക്കോസ്, കെ മോഹനന്‍, പി ശശിധരന്‍, പി കെ അനില്‍കുമാര്‍, കെ ടി സരോജിനി, ഡി എസ് കോണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

Latest