വെടിനിര്‍ത്തിയിട്ടും ആക്രമണം

Posted on: August 2, 2014 8:15 am | Last updated: August 3, 2014 at 2:01 pm

gazaഗാസ/ ജറൂസലം: വെടിനിര്‍ത്തല്‍ നിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കി. കരാറില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്നാഴ്ചയിലേറെയായി ഗാസയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് യു എന്നും യു എസും നടത്തുന്ന ശ്രമങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളോടെ തകര്‍ന്നത്. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സംയുക്തമായാണ് വെടിനിര്‍ത്തല്‍ പ്രസ്താവന നടത്തിയത്. യു എന്നും യു എസും മുന്നോട്ടുവെച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഹമാസും ഇസ്‌റാഈലും തയ്യാറായതായാണ് ഇരുവരും അറിയിച്ചത്. ശാശ്വതമായ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഫലസ്തീന്‍, ഇസ്‌റാഈല്‍ പ്രതിനിധി സംഘം ഈജിപ്ത് തലസ്ഥാനമായ കൈറോയിലേക്ക് പോകുമെന്നും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതോടെ കൈറോ ചര്‍ച്ച നടക്കുമോയെന്നതില്‍ സംശയമുയര്‍ന്നിട്ടുണ്ട്. പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ട് മണി മുതല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനാണ് ഇരു വിഭാഗവും തയ്യാറായത്. എന്നാല്‍, മൂന്ന് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കി.
കൈറോയില്‍ നടക്കേണ്ട ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഈജിപ്ത് സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, പുതിയ വെടിനിര്‍ത്തല്‍ കരാര്‍ വരുന്നത് വരെ ചര്‍ച്ച നീട്ടിവെക്കണമെന്നാണ് ഫലസ്തീന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. പന്ത്രണ്ട് അംഗങ്ങളാണ് ഫലസ്തീന്‍ പ്രതിനിധി സംഘത്തിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ ഗാസയില്‍ നിന്നും ശേഷിക്കുന്നവര്‍ ഇസ്‌റാഈല്‍ അധീനതയിലുള്ള വെസ്റ്റ്ബാങ്കില്‍ നിന്നും ഫലസ്തീനിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഉള്ളവരാണ്. ഹമാസിന്റെ അഞ്ച് അംഗങ്ങളും ഫലസ്തീന്‍ അതോറിറ്റിയുടെയും ഫതഹിന്റെയും പ്രതിനിധികളും സംഘത്തിലുണ്ട്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതിനിധി സംഘത്തിലില്ല. മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ളവരാണ് പ്രതിനിധി സംഘത്തെ തീരുമാനിച്ചത്.
തെക്കന്‍ ഗാസാ മുനമ്പില്‍ ഹമാസ് നിര്‍മിച്ച തുരങ്കങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം സൈന്യം പരിശോധന നടത്തുന്നതിനിടെ ആക്രമണമുണ്ടാകുകയായിരുന്നുവെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. ഹമാസ് പ്രവര്‍ത്തകര്‍ ഇസ്‌റാഈലിലേക്ക് നുഴഞ്ഞുകയറിയതായും സൈന്യം അവകാശപ്പെടുന്നു. വെടിനിര്‍ത്തലിനിടെ ഹമാസ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രത്യേക കാബിനറ്റ് യോഗം ചേര്‍ന്നതിനു ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. എന്നാല്‍, ഇസ്‌റാഈലാണ് ആക്രമണം പുനരാരംഭിച്ചതെന്ന് ഹമാസ് അധികൃതര്‍ വ്യക്തമാക്കി.
തെക്കന്‍ ഗാസയിലെ റഫാ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികരും നാല്‍പ്പതോളം ഫലസ്തീന്‍കാരും കൊല്ലപ്പെട്ടതായി യു എന്‍ സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. അതിനിടെ, കരയാക്രമണത്തിനിടെ കാണാതായ സൈനികനു വേണ്ടി ഇസ്‌റാഈല്‍ തിരച്ചില്‍ ആരംഭിച്ചു. ഹമാസിന്റെ തുരങ്കങ്ങള്‍ ആക്രമിക്കുന്നതിനിടെയാണ് സൈനികനെ കാണാതാകുന്നത്. സൈനികന്‍ ഹമാസിന്റെ പിടിയിലായിട്ടുണ്ടാകാമെന്നും സംശയമുണ്ട്. 2006ല്‍ ഹമാസിന്റെ പിടിയിലായ ഇസ്‌റാഈല്‍ സൈനികന്‍ ഗിലാദ് ശാലിത്തിനെ അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോചിപ്പിച്ചത്. ഇസ്‌റാഈല്‍ തടവിലാക്കിയ ആയിരം ഫലസ്തീന്‍കാരെ മോചിപ്പിക്കുന്നതിന് പകരമായാണ് 2011ല്‍ സൈനികനെ വിട്ടയച്ചത്.
ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 1,464 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 63 ഇസ്‌റാഈലുകാരാണ് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും സൈനികരാണ്.