Connect with us

Eranakulam

മരാമത്ത് ജോലികള്‍ നിലച്ചു; ഫണ്ടുകള്‍ ലാപ്‌സാകും

Published

|

Last Updated

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ഹരിതട്രിബ്യൂണല്‍ ഇടപെടലിനും പിന്നാലെ കരാറുകാര്‍ നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്തെ മരാമത്ത് ജോലികള്‍ നിലച്ചു. കുടിശ്ശിക നല്‍കാത്തതിനാല്‍ കരാറുകാര്‍ പുതിയ പണികള്‍ ഏറ്റെടുക്കുന്നില്ലെന്ന് മാത്രമല്ല, പ്രവൃത്തികള്‍ നടന്നുവന്നിരുന്നത് ഇന്നലെ മുതല്‍ നിര്‍ത്തിവെക്കുകയും ചെയ്തതോടെ 6000 കോടി രൂപയോളം ചെലവില്‍ നടപ്പാക്കി വന്നിരുന്ന പദ്ധതികളാണ് ഇപ്പോള്‍ നിശ്ചലമായിരിക്കുന്നത്.

ഹരിത ട്രിബ്യൂണല്‍ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തെ പാറമടകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കുഴിയടക്കാനുള്ള അസംസ്‌കൃത വസ്തുവായ മെറ്റല്‍ പോലും കിട്ടാനില്ലാതെ മരാമത്ത് രംഗം കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് കുടിശ്ശിക തന്നുതീര്‍ക്കുക, മൂന്ന് ശതമാനം കോമ്പൗണ്ടിംഗ് നികുതിക്ക് പുറമെ വാങ്ങല്‍ നികുതിയായി 14.5 ശതമാനം കൂടി അടക്കണമെന്ന പുതിയ വ്യവസ്ഥ പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ട് കരാറുകാര്‍ പണി നിര്‍ത്തിവെച്ച് സമരം ആരംഭിച്ചിരിക്കുന്നത്. കരാറുകാര്‍ക്ക് 1700 കോടിയോളം രൂപ സര്‍ക്കാര്‍ കുടിശ്ശിക നല്‍കാനുണ്ട്. കുടിശ്ശിക തീര്‍ക്കാതെ പണികള്‍ നടത്തേണ്ടതില്ലെന്നാണ് കരാറുകാരുടെ തീരുമാനം
ഇതുമൂലം 2403 കോടി രൂപ ചെലവില്‍ ലോകബേങ്ക് സഹായത്തോടെ നടപ്പാക്കി വരുന്ന കെ എസ് ടി പിയാണ് പ്രതിസന്ധി നേരിടുന്ന പ്രധാന പദ്ധതി. സംസ്ഥാനത്തെ ക്രഷറുകള്‍ അടച്ചത് മൂലം മെറ്റല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി നേരത്തെ തന്നെ അവതാളത്തിലാണ്. ഇതിന് പുറമേ, 4800 കി .മി. പൊതുമരാമത്ത് റോഡ് ഉപരിതലം പുതുക്കല്‍, പതിമൂന്നാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരം സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന 270 കോടി രൂപയുടെ പദ്ധതികള്‍, 188 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന 350 കി മീ ദേശീയ പാതയുടെ ഉപരിതല പുതുക്കല്‍, 40 പാലങ്ങളുടെ നിര്‍മാണം, 275 കി മീ കുഴിയടക്കല്‍, സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് അനുമതി ലഭിച്ച 187 കി .മീ റോഡ് നിര്‍മാണം എന്നിവയാണ് പ്രതിസന്ധിയിലായിരിക്കുന്ന മറ്റ് പ്രധാന പദ്ധതികള്‍. പദ്ധതി പ്രവര്‍ത്തനം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ ഈ പദ്ധതികളുടെയെല്ലാം ഫണ്ട് ലാപ്‌സാകും.
മരാമത്ത് ജോലികള്‍ തടസ്സപ്പെട്ടിരിക്കുന്നത് ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വി .കെ ഇബ്‌റാഹിംകുഞ്ഞ് പറഞ്ഞു. കുഴിയടയക്കല്‍ പോലുള്ള അടിയന്തര പ്രവൃത്തികള്‍ക്കായി സംസ്ഥാനത്തെ 176 അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് 50,000 രൂപ വീതം ഇംപ്രസ് മണിയും ഓരോ ഡിവിഷനിലും ഒരു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കരാറുകാരുടെ ബില്ലുകള്‍ മാറാത്തത് മാത്രമല്ല പ്രശ്‌നം, ഹരിത ട്രിബ്യൂണലിന്റെ പുതിയ നിര്‍ദേശങ്ങളും ഇന്നത്തെ നിശ്ചലാവസ്ഥക്ക് കാരണമായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ നടപടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest