ബാര്‍ തര്‍ക്കം: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ദുരൂഹമെന്ന്

Posted on: August 2, 2014 12:34 am | Last updated: August 2, 2014 at 12:34 am

തിരുവനന്തപുരം: ബാര്‍ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. പൂട്ടിയ ബാറുകളില്‍ ചിലത് തുറക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൂട്ടിയ ബാറുകളില്‍ ടൂ സ്റ്റാര്‍ നിലവാരമുള്ളവ തുറക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവ് ദുരൂഹത ഉളവാക്കുന്നതാണ്. കമ്മീഷന്റെ അധികാരപരിധിക്ക് പുറത്തുള്ള വിഷയത്തിലാണ് ഉത്തരവ്. 1993ലെ മനുഷ്യാവകാശനിയമത്തിലെ 12-ാം വകുപ്പിനു വിരുദ്ധവുമാണിത്. ബാറുടമകള്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിനെതിരെ നീങ്ങുന്ന സാഹചര്യത്തില്‍ കമ്മീഷന്റെ പരാമര്‍ശം ദുരൂഹതയുണര്‍ത്തുന്നു. 418 ബാറുകള്‍ പൂട്ടിയതിന് ശേഷമുള്ള മൂന്നര മാസക്കാലം കേരളത്തില്‍ കുറ്റകൃത്യങ്ങളുടെയും വാഹനാപകടങ്ങളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയതാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ട കമ്മീഷന്‍ മദ്യലോബിയെ സഹായിക്കുന്നുവെന്നു ജനങ്ങള്‍ക്കു ധാരണയുണ്ടാക്കുന്ന വിധി പുറപ്പെടുവിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.