Connect with us

Idukki

ഇടുക്കി മെഡിക്കല്‍ കോളജില്‍ സെപ്തംബര്‍ ഒന്നിന് ക്ലാസ്

Published

|

Last Updated

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളേജില്‍ സെപ്തംബര്‍ ഒന്നിന് ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീതയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നലെ മെഡിക്കല്‍ കോളജിന് വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ അജിത് പാട്ടീലിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കെട്ടിടങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും ഓഗസ്റ്റ് 15നകം പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.

മെഡിക്കല്‍ കോളജിന്റെ ആദ്യ ബാച്ചിലേക്ക് 29 പെണ്‍കുട്ടികള്‍ക്കും 13 ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പൈനാവിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലും ആണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലും താമസസൗകര്യം നല്‍കും. കോളജിലും ഹോസ്റ്റലുകളിലും ഭക്ഷണ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികളെ താമസസ്ഥലത്തു നിന്നും കോളജിലെത്തിക്കുന്നതിന് ബസ് വാങ്ങുന്നതിന് ഉടനെ അനുമതിയാകും. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൂടി വാഹനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങുന്നതിനായി നിലവിലുള്ള കെട്ടിടങ്ങളില്‍ സൗകര്യമൊരുക്കുന്നതിനുള്ള നിര്‍മാണം ഓഗസ്റ്റ് 15നകം പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍ അജിത് പാട്ടീല്‍ പറഞ്ഞു. മെഡിക്കല്‍ കോളജിനായി രൂപകല്‍പ്പന ചെയ്യുന്ന മന്ദിരം ഇടുക്കിയുടെ ഭൂപ്രകൃതിക്ക് ഇണങ്ങിയതും മനോഹരവുമായിരിക്കണം. നിലവില്‍ മെഡിക്കല്‍ സ്റ്റോറായി പ്രവര്‍ത്തിക്കുന്ന കെട്ടിടം കോളേജ് ലൈബ്രററിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാറേമ്മാവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കൈവശമുള്ള വഴിയോര വിശ്രമകേന്ദ്രം ഇന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കൈമാറും. മെഡിക്കല്‍ കോളജിന്റെ ഓഫീസുകളിലൊന്ന് ഇവിടെ പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി.ജി.ആര്‍. പിള്ള, പ്രിന്‍സിപ്പല്‍ ഡോ. എം.എ. രവീന്ദ്രന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.