ചര്‍ച്ചയില്‍ തീരുമാനമായില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരും

Posted on: August 1, 2014 12:30 am | Last updated: August 1, 2014 at 12:30 am

STETHESCOPE DOCTORതിരുവനന്തപുരം: കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം തുടരും. സര്‍ക്കാറുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചതെന്നു ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവനുമായിട്ട് കെ ജി എം ഒ എ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സമരം പിന്‍വലിച്ചാല്‍ ഡയസ്‌നോണ്‍ പിന്‍വലിക്കുമെന്ന നിര്‍ദേശമാണു സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ പി മോഹനന്‍ പറഞ്ഞു. സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍വാങ്ങില്ല. ഡയസ്‌നോണിനെ നേരിടാന്‍ തന്നെയാണു തീരുമാനം. അവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്കു വിളിച്ചാല്‍ പങ്കെടുക്കാന്‍ തയാറാണ്. അതല്ല സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറല്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്കു നീങ്ങുമെന്നു പ്രസിഡന്റ് പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ നിസഹകരണ സമരം നടത്തുന്നത്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുമ്പോള്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ താത്കക്കാലിക നിയമനം നല്‍കുന്നത് നിര്‍ത്തുക, വികസനത്തിന് പകരം ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്ന നടപടിയും, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടാണു സമരം നടത്തുന്നത്.