Connect with us

International

ഗാസയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനോട് ഉപമിച്ച് ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രി

Published

|

Last Updated

ലണ്ടന്‍: ഗാസയിലെ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിയെ നാസിജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനോട് ഉപമിച്ച് ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രി ജോണ്‍ പ്രിസ്‌കോട്ട്. അഭിപ്രായത്തിനെതിരെ രൂക്ഷ എതിര്‍പ്പുമായി ബ്രിട്ടനിലെ ജൂതസമൂഹം രംഗത്തുവന്നിട്ടുണ്ട്. ഹോളോകാസ്റ്റിനെ നിസ്സാരവത്കരിച്ചെന്നാണ് വിമര്‍ശം. പ്രിസ്‌കോട്ടിന്റെ സ്വഭാവദൂഷ്യത്തിനെതിരെ ലേബര്‍ പാര്‍ട്ടി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
“സണ്‍ഡേ മിററിലെ” ലേഖനത്തിലാണ് പ്രിസ്‌കോട്ട് ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ചത്. “രണ്ടാം ലോകമഹായുദ്ധത്തിനിടെ 60 ലക്ഷം ജൂതന്‍മാരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നാസികള്‍ കൊന്നൊടുക്കി. വാര്‍സോ പോലെയുള്ള പ്രധാന നഗരങ്ങളില്‍ ഇവരെ ഒതുക്കി. ഹമാസിനെ തീവ്രവാദികളാക്കി മുദ്രകുത്തിയ ഇസ്‌റാഈല്‍ ഒരേസമയം ന്യായാധിപനായും കൊലയാളിയായും പെരുമാറുന്നു. ഗാസയെന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ച് കൊല നടത്തുകയും ചെയ്യുന്നു. നാസികളുടെ കൈകളാല്‍ ജൂതന്‍മാര്‍ക്ക് ഏറ്റത് ഞെട്ടിപ്പിക്കുന്നതാണ്. അത്തരം ക്രൂരതകള്‍ ചേരികളിലെ ഇരകളോട് അതുല്യമായ അനുകമ്പയും ദയയുമാണ് ഇത്തരം അനുഭവങ്ങള്‍ ഇസ്‌റാഈലികള്‍ക്ക് നല്‍കേണ്ടിയിരുന്നത്.” പ്രിസ്‌കോട്ടിന്റെ ലേഖനത്തില്‍ പറയുന്നു.
ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് ഓഫ് ബ്രിട്ടീഷ് ജ്യൂസിന്റെ പ്രസിഡന്റ് വിവിയന്‍ വിന്‍മാനും ജ്യൂവിഷ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ മിക് ഡേവിസും ഇതിനെ രൂക്ഷമായി എതിര്‍ത്ത് പ്രതിപക്ഷ ചീഫ് വിപ്പ് ലോര്‍ഡ് ബാസമിന് കത്തെഴുതിയിട്ടുണ്ട്. “ഗാസയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനോടും ചേരിയോടും ഉപമിക്കുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. സംഘടിതവും ആസൂത്രിതവുമായി ഹോളോകോസ്റ്റ് കശാപ്പിനെ ഒരിക്കലും ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തോട് ഉപമിക്കാന്‍ പറ്റില്ല. ഈ അഭിപ്രായപ്രകടനത്തിലൂടെ ലോര്‍ഡ് പ്രിസ്‌കോട്ട് ജൂത ചരിത്രത്തിലെ വേദനാജനകമായ ഓര്‍മയായ ഹോളോകാസ്റ്റിനെ നിസ്സാരവത്കരിച്ചിരിക്കുന്നു. യാതൊരു സംശയവുമില്ല, മറ്റുള്ളവരും ഇനി ഇത്തരം ഭാഷ ഉപയോഗിക്കാന്‍ തുടങ്ങും. അതിനാല്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കണം.” കത്തില്‍ പറയുന്നു.

Latest