മലബാറില്‍ ക്യാന്‍സറിനെ ചെറുക്കാന്‍ ‘കാന്‍ ക്യൂവര്‍ ക്യാന്‍സര്‍’

Posted on: July 31, 2014 6:01 am | Last updated: July 31, 2014 at 12:04 am

cancerകണ്ണൂര്‍: കേരളത്തിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്യാന്‍സറിനെ ചെറുക്കാന്‍ കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലബാറില്‍ 25 ഇന കര്‍മ പദ്ധതി തയാറാക്കുന്നു. രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള ബോധവത്കരണവും ക്യാന്‍സര്‍ പ്രതിരോധവും സാധ്യമാക്കുന്ന രീതിയില്‍ ‘കാന്‍ ക്യൂവര്‍ ക്യാന്‍സര്‍’ എന്ന പേരിലാണ് തീവ്രപ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
ക്യാന്‍സര്‍ സാധ്യതാ ലക്ഷണങ്ങള്‍ മനസ്സിലാക്കി വിവിധ പരിശോധനകള്‍ നടത്തിയും ജീവിത ശൈലിയില്‍ കടന്നുകൂടിയ അനാരോഗ്യകരമായ ശീലങ്ങള്‍ മാറ്റിയും ക്യാന്‍സര്‍ നിരക്ക് 70 ശതമാനം കുറക്കാനായാണ് ‘ക്യാന്‍സറിനെ അറിയാന്‍, അറിയിക്കാന്‍, കണ്ടെത്താന്‍, കീഴ്‌പ്പെടുത്താന്‍’ എന്ന മുദ്രാവാക്യവുമായി പദ്ധതി നടപ്പാക്കുന്നത് . കേരളത്തിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം 280 ശതമാനം കൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളില്‍ ക്യാന്‍സര്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. സ്തനാര്‍ബുദം, തൈറോയിഡ് ക്യാന്‍സര്‍ എന്നിവ ബാധിച്ച സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായാണ് കണ്ടെത്തിയത്. 65 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് അര്‍ബുദം കൂടുതല്‍. തിരുവനന്തപുരം, കൊച്ചി, കാസര്‍കോട് എന്നിവിടങ്ങളിലെ പ്രധാന ക്യാന്‍സര്‍ സെന്ററുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
15 വയസ്സ് മുതല്‍ 34 വയസ്സ് വരെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം കുറവാണെന്ന് കണക്കുകള്‍ പറയുന്നു. 15 മുതല്‍ 34വരെ വയസ്സു ള്ളവരില്‍ തൈറോയിഡ് ക്യാന്‍സറില്‍ 195 ശതമാനം വര്‍ധനയുണ്ട്. എന്നാല്‍ ഗര്‍ഭാശയ ക്യാന്‍സര്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ 69 ശതമാനം കുറവുള്ളതായി കണക്കുകള്‍ പറയുന്നു. നിരന്തര ബോധവത്കരണം യുവാക്കളില്‍ പുകയിലജന്യ ക്യാന്‍സര്‍ കുറച്ചിട്ടുണ്ട്. ചെറുപ്പക്കാരില്‍ ക്യാന്‍സര്‍ 39 ശതമാനം കുറവാണ്. പുരുഷന്‍മാരില്‍ സ്വനപേടകം, അന്നനാളം, രക്താര്‍ബുദം, പ്രോസ്‌റ്റേറ്റ്, മൂത്രാശയം, മലദ്വാരം എന്നിവയെ ബാധിക്കുന്ന ക്യാന്‍സര്‍ വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്
ഇത്തരമൊരു സാഹചര്യത്തില്‍ ക്യാന്‍സറിനെ ചെറുക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ഐ എം എ യൂനിറ്റുകളുടെ സഹകരണത്തോടെ ഡോക്ടര്‍മാര്‍ക്കായി ‘ക്യാന്‍സര്‍ പ്രതിരോധവും നിയന്ത്രണവും നൂതന സാധ്യതകള്‍’ എന്ന വിഷയത്തില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി നടത്തും.
25 ഇന കര്‍മപദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ 50 വിദ്യാലയങ്ങളില്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള യുവ വിമുക്തി ക്ലബിലെ അംഗങ്ങള്‍ നടത്തുന്ന ലൈഫ് സ്റ്റൈല്‍ ഡിസീസ് ഡിറ്റക്ഷന്‍ ക്ലിനിക്ക് തുടങ്ങും. ഇതിനുപുറമെ ക്യാന്‍സര്‍ രോഗികള്‍ക്കും രോഗവിമുക്തര്‍ക്കും സൗജന്യ ഡയാലിസിസ് സേവനം എം സി സി എസില്‍ ലഭ്യമാക്കും.
വയനാട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വയനാട് യൂനിറ്റുമായി ചേര്‍ന്ന് സഞ്ജീവനി സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി നടപ്പാക്കും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കിടയിലുള്ള പുകവലി, പുകയില ശീലം നിരുത്സാഹപ്പെടുത്തുന്നതിനും പുകവലി ഒഴിവാക്കുന്നവരുടെ പ്രശ്‌ന ലഘൂകരണവും ലക്ഷ്യമിട്ട് ദൈ്വവാര ‘നോ ടുബാക്കോ ക്ലിനിക്ക്’ തുടങ്ങും. വര്‍ധിച്ചുവരുന്ന തൈറോയ്ഡ് ക്യാന്‍സര്‍ നിയന്ത്രണം ലക്ഷ്യമിട്ട് ദൈ്വമാസ തൈറോയ്ഡ് ക്ലിനിക്ക് കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ തുടങ്ങും.
പത്ത് പേരടങ്ങുന്ന ആയിരത്തോളം ബ്രസ്റ്റ് ക്യാന്‍സര്‍ അവയര്‍നസ് ബ്രിഗേഡ് രൂപവത്കരിക്കും. റെഡ്‌ക്രോസിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയായിരിക്കും ഇതിന്റെ രൂപവത്കരണം. ക്യാന്‍സര്‍ രോഗ വിമുക്തര്‍ക്കായി സൗജന്യ ക്യാന്‍സര്‍ വാര്‍ഷിക ഹെല്‍ത്ത് ചെക്കപ്പ് എന്നിവയും നടത്തും.
ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്തി ഉടന്‍ ചികിത്സ നല്‍കുന്ന പദ്ധതി തിരഞ്ഞെടുത്ത അഞ്ച് പഞ്ചായത്തുകളില്‍ 35-55 ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്കായി നടപ്പാക്കും. മൊബൈല്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ഡിറ്റക്ഷന്‍ യൂനിറ്റ് തുടങ്ങുമെന്നും സൊസൈറ്റി പ്രസിഡന്റ് കൃഷ്ണനാഥ പൈ പറഞ്ഞു.