Connect with us

Wayanad

വിള ഇന്‍ഷ്വറന്‍സില്‍ വഞ്ചിതരായി; കര്‍ഷകസംഘടനകള്‍ പ്രക്ഷോഭത്തിന്

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി കവുങ്ങ് കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവര്‍ വഞ്ചിതരായി. വിളനാശം മൂലം കനത്ത നഷ്ടം നേരിടേണ്ടിവന്ന കര്‍ഷകര്‍ക്ക് പ്രീമിയത്തിനു തുല്യമായ തുകപോലും കമ്പനി നഷ്ടപരിഹാരമായി നല്‍കുന്നില്ല.
അടക്ക വിള ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ കഴിഞ്ഞവര്‍ഷം ജില്ലയില്‍ നിന്നു മാത്രം 21.5 ലക്ഷം രൂപ പിരിച്ച കമ്പനി സംസ്ഥാനത്താകെ 15 ലക്ഷം രൂപയുടെ ക്ലെയിമാണ് അനുവദിച്ചത്. ജില്ലയില്‍ 14 കാലാവസ്ഥാ കേന്ദ്രങ്ങളുടെ പരിധിയില്‍ അടക്ക വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകരെ ചേര്‍ത്ത കമ്പനി വൈത്തിരി, തരിയോട്, കാഞ്ഞിരങ്ങാട്, തവിഞ്ഞാല്‍ കേന്ദ്രങ്ങളുടെ പരിധിയില്‍ മാത്രമാണ് ക്ലെയിം അനുവദിച്ചത്. അതാവട്ടെ, ഏക്കറിന് 400 മുതല്‍ 2,000 രൂപ വരെയും.
അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ജില്ലയില്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് പദ്ധതിയില്‍ കര്‍ഷകരെ ചേര്‍ത്തത്. വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ നടന്നതു ശുദ്ധതട്ടിപ്പാണെന്നു ഹരിതസേന നേതാക്കളായ എം സുരേന്ദ്രന്‍, പി എന്‍ സുധാകരസ്വാമി, ജോസ് പുന്നയ്ക്കല്‍, വി പി കൃഷ്ണദാസ് ആരോപിച്ചു. വിളനഷ്ടത്തിന്റെ തോതില്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 30ന് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ കല്‍പ്പറ്റയിലെ ഓഫിസ് പടിക്കല്‍ ധര്‍ണ നടത്താനും കേന്ദ്ര ധനമന്ത്രാലയത്തിനു പരാതി നല്‍കാനും ഹരിതസേന തീരുമാനിച്ചു.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മഴക്കുറവുമൂലവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ച കാരണവും ഉല്‍പ്പാദനനഷ്ടം ഉണ്ടായാല്‍ ഏക്കറിന് 10,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. തുടര്‍ച്ചയായ മഴമൂലം അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുമ്പോള്‍ ഉണ്ടാവുന്ന രോഗങ്ങള്‍ മൂലമുള്ള (ഡിസീസ് കോണ്‍ജിനല്‍ ക്ലൈമറ്റ്) വിളനാശത്തിന് ഏക്കറിന് 25,000 രൂപയുടെ പരിരക്ഷയും ഉറപ്പുനല്‍കിയിരുന്നു. കവുങ്ങ് ഏക്കറിന് 2,160 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം. ഇതില്‍ 1,080 രൂപ കര്‍ഷകന്റെയും ബാക്കി സര്‍ക്കാരിന്റെയും വിഹിതമാണ്. കഴിഞ്ഞവര്‍ഷം കവുങ്ങുതോട്ടങ്ങളില്‍ മഹാളി രോഗം മൂലം വന്‍ ഉല്‍പ്പാദനത്തകര്‍ച്ചയാണ് ഉണ്ടായത്. കാലാവസ്ഥയിലെ പിഴവു കാരണം ഉണ്ടാവുന്ന കുമിള്‍രോഗമാണ് മഹാളി. ഇതേക്കുറിച്ച് ബോധ്യമുണ്ടായിട്ടും വിളനാശത്തിന് ആനുപാതികമായ നഷ്ടപരിഹാരം അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാവുന്നില്ല. ജില്ലയിലെ മുഴുവന്‍ കാലാവസ്ഥാ കേന്ദ്രങ്ങളുടെ പരിധിയിലും അടക്കാ കര്‍ഷകര്‍ ഉല്‍പ്പാദന നഷ്ടം നേരിടേണ്ടിവന്നെങ്കിലും കമ്പനി നാലു കേന്ദ്രങ്ങളുടെ പരിധിയില്‍ മാത്രം നാമമാത്രമായ ക്ലെയിം അനുവദിച്ചതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. വൈത്തിരിയില്‍ ഏക്കറിന് 2,000, കാഞ്ഞിരങ്ങാടും തരിയോടും 1,000, തവിഞ്ഞാലില്‍ 400 രൂപ വീതമാണ് അനുവദിച്ചത്. കുരുമുളക്, ഇഞ്ചി, വാഴ, കാപ്പി, ഏലം എന്നിവ ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്കും അടക്കാ കര്‍ഷകരുടെ ഗതിയാണെന്ന് ഹരിതസേന നേതാക്കള്‍ പറഞ്ഞു. വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും ഹരിതസേന കുറ്റപ്പെടുത്തി.