Connect with us

Malappuram

ബ്ലേഡ് മാഫിയയുടെ കുടിയിറക്ക് ഭീഷണിയില്‍ വീട്ടമ്മ

Published

|

Last Updated

തിരൂര്‍: കടം കൊണ്ട് വലഞ്ഞ മകന്റെ സുഹൃത്തിന് ലോണെടുക്കാന്‍ വേണ്ടി സ്വന്തം വീടിന്റെ ആധാരം നല്‍കിയ വീട്ടമ്മ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ കുടിയിറക്ക് ഭീഷണിയില്‍. തിരൂര്‍ ബി പി അങ്ങാടി നടുംതൊടി ലക്ഷ്മിയും കുടുംബവുമാണ് വിഷമവൃത്തത്തിലാണ്.

കടബാധ്യതനായ മകന്റെ സുഹൃത്തിന് ലോണെടുക്കുന്നതിന് വേണ്ടി നാല് വര്‍ഷം മുമ്പ് ഇവര്‍ വീടിന്റെ ആധാരം പണയം വെക്കാന്‍ കൊടുക്കുകയായിരുന്നു. പണത്തിന് വേണ്ടി സുഹൃത്ത് ആലത്തിയൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സമീപിക്കുകയായിരുന്നു.
12 ശതമാനം പലിശ നിരക്കില്‍ നാല് ലക്ഷം രൂപ നല്‍കാന്‍ ധനകാര്യ സ്ഥാപനം നല്‍കാമെന്നേറ്റെങ്കിലും ഇതിനിടയില്‍ വീട്ടമ്മയുടെ അജ്ഞത മുതലെടുത്ത് ഇവരുടെ അഞ്ച് സെന്റ് ഭൂമിയും വീടും ധനകാര്യസ്ഥാപന ഉടമ ഇവരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഇതു പ്രകാരം നാല് ലക്ഷം രൂപ നല്‍കുകയും ചെയ്തു. ഈ ഇനത്തിലേക്ക് മകന്റെ സുഹൃത്ത് 275000 രൂപ നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മറ്റു പല കാരണങ്ങളാലും കടബാധ്യത അധികരിച്ച മകന്റെ സുഹൃത്ത് മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ അടവുകള്‍ തെറ്റി ഈ സാഹചര്യം മുതലെടുത്ത് ലക്ഷ്മിയെയും കുടുംബത്തെയും കുടിയിറക്കാന്‍ വേണ്ടി ബ്ലേഡുകാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ആകെ അടക്കാനുള്ള മുതലിലേക്ക് അവശേഷിക്കുന്ന തുകയും കുറച്ച് പലിശയും എങ്ങിനെയെങ്കിലും അടച്ച് തീര്‍ത്താല്‍ കുടിയിറക്ക് ഭീഷണിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കി തരണമെന്ന് കെഞ്ചിയിട്ടും ബ്ലേഡുകാരന്‍ നിരന്തരം ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രിക്കും മറ്റു ബദ്ധപ്പെട്ടവര്‍ക്കും പരാതി നല്‍കി ഒരനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഈ നിര്‍ദന കുടുംബം.
ലക്ഷ്മിയെ കൂടാതെ മകന്‍ രാജൂ, ചന്ദ്രമോഹന്‍, ആന്റി ബ്ലേഡ് ആക്ഷന്‍ ഫോറം സെക്രട്ടറി പി അബ്ദു, സാബിറ ചേളാരി, ഡോ. സാബിറ പുളിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ലാ ബേങ്ക് ശാഖകള്‍ തുടങ്ങുന്നതിനെതിരെ ബേങ്ക് സെക്രട്ടറിമാര്‍
തിരൂരങ്ങാടി: ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ ജില്ലയിലുടനീളം ശാഖകള്‍ തുറക്കുന്നതിനുള്ള ജില്ലാ സഹകരണ ബേങ്കിന്റെ തീരുമാനത്തിനെതിരെ സഹകരണ ബേങ്ക് സെക്രട്ടറിമാരുടെ സംഘടന രംഗത്ത്. ജില്ലാ സഹകരണ ബാങ്കും സഹകരണ സംഘങ്ങളും തമ്മിലുള്ള ബന്ധം ഇതുമൂലം ഇല്ലാതാകുമെന്ന് കോ-ഓപറേറ്റീവ് ബേങ്ക് സെക്രട്ടറീസ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. രജിസ്ട്രാറുടെ ഉത്തരവും സഹകരണനിയമവും ആര്‍ ബി ഐ നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിയാണ് ബ്രാഞ്ചുകള്‍ തുടങ്ങുന്നത്. ഇത് നിര്‍ത്തിവെക്കണം. യോഗത്തില്‍ സൈതലവി വാഴക്കാട്, കെ മോഹന്‍ദാസ് കോഡൂര്‍, ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, ഇബ്രാഹിം സംസാരിച്ചു.
വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി
താനൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പുറം അരീത്തോട് സ്വദേശി വാഴങ്ങാട്ടില്‍ റഫീഖ് (19)നെയാണ് താനൂര്‍ എസ് ഐ ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കൊളപ്പുറം അങ്ങാടിയില്‍ വെച്ചാണ് വേഷപ്രച്ഛന്നരായി എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വെള്ളിയാമ്പുറം സ്വദേശിയായ പതിനൊന്നുകാരനാണ് പീഡനത്തിനിരയായത്. രാവിലെ പത്തു മണിയോടെ പാലുമായി പോവുകയായിരുന്ന വിദ്യാര്‍ഥിയെ സമീപത്തെ പറമ്പില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. തുടര്‍ന്ന് പിതാവ് താനൂര്‍ പോലീസില്‍ പരാതി നല്‍കി. പ്രതിയുടെ ബന്ധുവിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Latest