Connect with us

Kozhikode

മാപ്പിളകലാ അക്കാദമി ഭാഷാ സഹായ ഗ്രന്ഥം തയ്യാറാക്കുന്നു

Published

|

Last Updated

കൊണ്ടോട്ടി: അറബി മലയാള ഭാഷാ സഹായി ഗ്രന്ഥം തയ്യാറാക്കാന്‍ അക്കാദമി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇത് തയ്യാറാക്കാനായി അറബി മലയാള ഭാഷാ പണ്ഡിതനായ ഇ കെ റഹീം മൗലവിയെയും ഡോ. എം എന്‍ കാരശ്ശേരിയെയും യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ സി പി സൈതലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആസാദ് വണ്ടൂര്‍ ഇടക്കാല പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജീവിതചരിത്രം തയ്യാറാക്കി ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകമായി പ്രസിദ്ധീകരിക്കും. മൂന്ന് മാസത്തില്‍ ഒരിക്കല്‍ കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള പ്രഫഷനല്‍ നാടകങ്ങള്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ സൗജന്യമായി അവതരിപ്പിക്കും. മാപ്പിള സാഹിത്യ രംഗത്തെ കലാകാരന്മാരുടെയും പണ്ഡിതന്മാരുടെയും ചരമ ദിനങ്ങളില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ അനുസ്മരണ പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിക്കും.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രശസ്തമായ മലപ്പുറം പടപ്പാട്ട് കാവ്യം, പഠനം, പദാര്‍ഥം, വ്യാഖ്യാന സഹിതം തയ്യാറാക്കാന്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ യോഗം ചുമതലപ്പെടുത്തി. മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍ വിറ്റുതീര്‍ന്ന സാഹചര്യത്തില്‍ മൂന്ന് വാള്യങ്ങളിലായി 2400 പേജില്‍ ഡോ. എം എ റഹ്മാന്‍ പഠനം സഹിതം പുതിയ പതിപ്പ് എത്രയും വേഗം അച്ചടിച്ച് പ്രസിദ്ധീകരിക്കും.
നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിലേക്ക് എന്തെല്ലാം പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കണമെന്നതിനെ സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടന്റിനെ രൂപരേഖ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തും. എന്നീ കാര്യങ്ങള്‍ക്കും യോഗത്തില്‍ തീരുമാനമായി. ഇത്‌സംബന്ധിച്ച് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുന്നതിനും ഡോ. കെ കെ മുഹമ്മദ് അബ്ദുസ്സത്താര്‍ കണ്‍വീനറും സീതി കെ വയലാര്‍, പി പി റഹ്മത്തുല്ല, അഡ്വ. ടി പി രാമചന്ദ്രന്‍, കാനേഷ് പൂനൂര്‍, ആനക്കച്ചേരി മൂസഹാജി എന്നിവരും അക്കാദമി ഭാരവാഹികളും അടങ്ങിയ ഒരു സബ്കമ്മിറ്റി രൂപവത്കരിച്ചു.
യോഗത്തില്‍ ഫൈസല്‍ എളേറ്റില്‍, കെ കെ മുഹമ്മദ് അബ്ദുല്‍സത്താര്‍, പി മൊയ്തീന്‍കുട്ടി, പി പി റഹ്മത്തുല്ല, കെ കെ ആലിബാപ്പു, സീതി കെ വയലാര്‍, ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂര്‍, ആനക്കച്ചേരി മൂസഹാജി, അശ്‌റഫ് മടാന്‍, കെ വി അബൂട്ടി പ്രസംഗിച്ചു.

Latest