ചെറിയ പെരുന്നാള്‍: നഗരം ഇന്നലെ തിരക്കിലമര്‍ന്നു

Posted on: July 28, 2014 9:47 am | Last updated: July 28, 2014 at 9:47 am

ramadan mosqueകോഴിക്കോട് :ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുമായി മുസ്‌ലിം ലോകം ചെറിയ പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒഴുകിയെത്തിയതോടെ നഗരം ഇന്നലെ തിരക്കിലമര്‍ന്നു. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ മിഠായിത്തെരുവിലും മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തും പാളയത്തും മാവൂര്‍ റോഡിലും കല്ലായിയിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ വസ്ത്ര വിപണികളും ഫാന്‍സി, ഫുട്ട്‌വേര്‍ കടകളും ഷോപ്പിംഗ് കോംപ്ലക്‌സുകളുമെല്ലാം തിരക്കില്‍ വീര്‍പ്പ്മുട്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വസ്ത്രങ്ങള്‍ വാങ്ങി നേരത്തെ ഒരുക്കം തുടങ്ങിയതിനാല്‍ പുരുഷന്‍മാരുടെ വസ്ത്ര വിപണിയിലാണ് ഇന്നലെ വലിയ തിരക്ക് അനൂഭവപ്പെട്ടത്. റെഡിമെയ്ഡ് ബ്രാന്‍ഡഡ് ഷോപ്പുകളെല്ലാം യുവാക്കളെക്കൊണ്ട് നിറഞ്ഞു. ആര്‍ പി മാളിലെയും ഫോക്കസ് മാളിലെയും ജെന്റ്‌സ് ഷോറൂമുകളില്ലെല്ലാം വഴിയരോക്കച്ചവടങ്ങളിലേത് പോലുള്ള തരിക്കായിരുന്നു. കോട്ടണ്‍, ലിനന്‍ വസ്ത്രങ്ങള്‍ക്കാണ് പുരുഷ വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടായത്. പെരുന്നാള്‍ അടക്കമുള്ള ഏത് ആഘോഷങ്ങളിലും കോഴിക്കോട് നഗരത്തിലെ പ്രധാന ആകര്‍ഷണം വഴിയോര കച്ചടവടമായിരുന്നു. എന്നാല്‍ കനത്ത മഴ വഴിയോര കച്ചവടക്കാര്‍ക്ക് ഇത്തവണ വലിയ തിരിച്ചടിയായി. ഇന്നലെ മഴക്ക് കാര്യമായ കുറവുണ്ടായതിനാല്‍ മിഠായിത്തെരുവ് അടക്കമുള്ള വഴിയരോ കച്ചവട സ്ഥലളങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിലെ വന്‍കിട വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ കൂടിയ വിലക്ക് വില്‍ക്കുന്ന വസ്ത്രങ്ങള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നതും ഇവിടേക്ക് ഏറെ പേരെ എത്തിച്ചു. ഫൂട്‌വെയര്‍ വിപണിയില്‍ തദ്ദേശീയ ഉത്പ്പനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലായെത്തിയത്. കൂടാതെ മുംബൈയില്‍ നിന്ന് എത്തുന്ന മുന്തിയ ഇനം ചെരുപ്പുകളുടെയും വില്‍പന ഇന്നലെയും പൊടിപൊടിച്ചു. വിവിധ തരം വളകള്‍, മാലകള്‍, മൈലാഞ്ചികള്‍ എന്നിവയെല്ലാം ഫാന്‍സി ഷോപ്പുകളില്‍ ആവശ്യക്കാര്‍ക്കായെത്തിച്ചിരുന്നു. ഓഫറുകളുടെ പെരുമഴയുമായി ഗൃഹോപകരണ സ്ഥാപനങ്ങളും ചെറിയ പെരുന്നാളിന്റെ തലേദിവസവും സജീവമായി. റമസാന്‍- ഓണം മേളകളുമായാണ് പല വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കളെ സ്വാഗതം ചെയ്തത്. സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന നഗരത്തിലെ റമസാന്‍- ഓണം വിപണന മേളകളിലും സാധനങ്ങള്‍ വാങ്ങാന്‍ ഏറെ പേരെത്തി. ഖാദി, കൈത്തറി, മേളകളിലാണ് കാര്യമായ തിരക്ക് അനുഭവപ്പെട്ടത്. റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് പരിസരത്ത് നടന്നുവരുന്ന സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കൈത്തറി മേളയിലും മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിലും നിരവധി ഉപഭോക്താക്കളാണ് എത്തിച്ചേര്‍ന്നത്. മുപ്പത് ശതമാനം വരെ പ്രത്യേക റിബേറ്റും കിഴിവും ഒരുക്കിയാണ് ഇത്തരം മേളകള്‍ പെരുന്നാള്‍ ഷോപ്പിംഗിനെത്തിയവരെ ആകര്‍ഷിച്ചത്.