Connect with us

Kerala

പഠിപ്പുമുടക്ക് സമരമാകാമെന്ന് സി പി എം സംസ്ഥാന സമിതി

Published

|

Last Updated

തിരുവനന്തപുരം: പഠിപ്പുമുടക്ക് സമരം ഉപേക്ഷിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സമിതി. പഠിപ്പുമുടക്കിയുള്ള സമരം അവസാനിപ്പിക്കണമെന്ന ഇ പി ജയരാജന്റെ പ്രസ്താവനയെ രൂക്ഷ വിമര്‍ശനത്തോടെ പാര്‍ട്ടി സംസ്ഥാന സമിതി തള്ളി. വിദ്യാര്‍ഥി രേഖയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയില്‍ ഇ പി ജയരാജനെതിരെ ഭൂരിപക്ഷം പേരും വിമര്‍ശമുന്നയിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്തി ആരും ആളാകാന്‍ നോക്കേണ്ടെന്ന് പേര് പരാമര്‍ശിക്കാതെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്ന ഇ പി ജയരാജന്‍ പ്രസ്താവനയെ ന്യായീകരിച്ചു. ജയരാജന്റെ പ്രസ്താവന അനവസരത്തിലായെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
അവശ്യഘട്ടങ്ങളില്‍ പഠിപ്പു മുടക്കിയുളള സമരങ്ങളാകാമെന്ന സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. രണ്ട് ദിവസമായി നടന്നുവന്ന സി പി എം സംസ്ഥാന കമ്മിറ്റിയുടെ അവസാന സെഷനിലാണ് വിദ്യാര്‍ഥി രേഖ ചര്‍ച്ചക്കെടുത്തത്. വിദ്യാര്‍ഥി മേഖലയിലെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളായിരുന്നു രേഖയുടെ ഉള്ളടക്കമെങ്കിലും പഠിപ്പുമുടക്ക് സമരം ഉപേക്ഷിക്കണമെന്ന ഇ പി ജയരാജന്റെ പ്രസ്താവനയിലായിരുന്നു ചര്‍ച്ച ഭൂരിഭാഗം സമയവും. ചര്‍ച്ചയില്‍ പങ്കെടുത്ത ആരും തന്നെ ജയരാജന്റെ നിലപാടിനോട് യോജിച്ചില്ല. ചില സ്‌കൂള്‍- കോളജ് മാനജ്‌മെന്റുകളുമായുള്ള ഇ പിയുടെ ബന്ധമാണ് ഇത്തരമൊരു പ്രസ്താവനക്ക് കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ ചര്‍ച്ചയില്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നാണ് ഇ പി സംസാരിച്ചത്. ക്യാന്റീനിലെ വെള്ളത്തില്‍ പാറ്റ വീണാല്‍ പോലും പഠിപ്പുമുടക്കുന്ന സാഹചര്യത്തിലാണ് താന്‍ പ്രസ്താവന നടത്തിയത്. മാറിയ കാലത്ത് എസ് എഫ് ഐയുടെ ഈ ശൈലി സ്വീകരിക്കപ്പെടില്ല. പ്രസ്താവനക്കെതിര ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നതായി പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ കൂടുതല്‍ സംവാദം അനിവാര്യമാണെന്നും വ്യക്തമാക്കി.
എന്നാല്‍ ചര്‍ച്ചയില്‍ ഇ പി ജയരാജന്‍ ഒറ്റപ്പെടുകയായിരുന്നു. ഇ പിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശമാണുയര്‍ന്നത്. എസ് എഫ് ഐ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളെയും അതുകൊണ്ടുവന്ന മാറ്റങ്ങളെയും വിസ്മരിക്കുന്നതാണ് ജയരാജന്റെ നിലപാടെന്ന് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം അതിവേഗം വാണിജ്യവത്കരിക്കുന്ന ഈ കാലത്ത് സമരങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കാനാകില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കോഴ്‌സുകളും അനുവദിച്ചതിനെതിരെ സമരത്തിനിറങ്ങാന്‍ എസ് എഫ് ഐക്ക് നിര്‍ദേശം നല്‍കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടിവിട്ട് പുറത്തുപോയ കൊല്ലത്തെ മുന്‍ ജില്ലാ സെക്രട്ടറി പി വിശ്വവത്സലന് അംഗത്വം നല്‍കാനും തീരുമാനമായി. ഇ പി ജയരാജനെതിരെ കണ്ണൂരില്‍ നിന്ന് തന്നെ വിമര്‍ശമുയര്‍ന്നത് വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Latest