വിലക്ക് മറികടന്ന് ഫ്രാന്‍സില്‍ ഗാസ അനുകൂല റാലി

Posted on: July 28, 2014 7:58 am | Last updated: July 28, 2014 at 7:59 am

free gazaപാരീസ്: ഇസ്‌റാഈല്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയ ഫ്രാന്‍സില്‍ വിലക്ക് ലംഘിച്ച് ആയിരങ്ങള്‍ പ്രതിഷേധിച്ചു. മധ്യ പാരീസില്‍ പ്രതിഷേധം പോലീസ് തടഞ്ഞു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. ഗാസയിലെ ഇസ്‌റാഈല്‍ നരഹത്യക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങള്‍ക്ക് രാജ്യം നിരോധമേര്‍പ്പെടുത്തിയത്.

ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസിനോവെ പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ പ്രക്ഷോഭകര്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും നിരോധം ലംഘിച്ചതിനാല്‍ ഇവര്‍ക്കെതിരെ വിചാരണ നടപടികള്‍ സ്വീകരിക്കുമെന്നും കാസിനോവെ വ്യക്തമാക്കി. പാരീസ് ചത്വരത്തിലായിരുന്നു കനത്ത പ്രതിഷേധം അരങ്ങേറിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന സമാധാനപരമായ പ്രതിഷേധത്തിനു ശേഷം പരമ്പരാഗത അറബി വേഷം ധരിച്ച ഏതാനും ചെറുപ്പക്കാര്‍ പോലീസിന് നേരെ വടിയെറിഞ്ഞു. പാരീസ് ചത്വരത്തില്‍ വെച്ച് 50 പ്രക്ഷോഭകാരികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ഇവിടെ പ്രക്ഷോഭങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ ജൂതരുടെ ആരാധാനാലയങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു.
ഭരണകക്ഷിയിലെ സോഷ്യലിസ്റ്റ് നേതാക്കള്‍ നിരോധത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിരോധം വിപരീതഫലമാണുണ്ടാക്കുകയെന്ന് ഇവര്‍ വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ 300ലധികം പ്രക്ഷോഭങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ അഞ്ച് പ്രതിഷേധ മാര്‍ച്ചുകള്‍ പോലീസ് തടഞ്ഞതായും ആഭ്യന്തര മന്ത്രി പറഞ്ഞു.