ഗാഡ്കരിയുടെ വസതിയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങളെന്ന്

Posted on: July 28, 2014 7:38 am | Last updated: July 28, 2014 at 7:39 am

gadkariന്യൂഡല്‍ഹി: കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗാഡ്കരിയുടെ വീട്ടില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുതിയ വിവാദത്തിന് തിരികൊളുത്തി. ഗാഡ്കരിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും വീടുകളില്‍ പാശ്ചാത്യ നിര്‍മിതമായ അത്യന്താധുനിക ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത സണ്‍ഡേ ഗാര്‍ഡിയനാണ് പുറത്ത് വിട്ടത്. ആര്‍ എസ് എസ്, ബി ജെ പി നേതാക്കളോട് ഇക്കാര്യം ഗാഡ്കരി പരാതിപ്പെട്ടുവെന്നാണ് വാര്‍ത്ത. എന്നാല്‍ ഇത് ശക്തമായി നിഷേധിച്ച് ഗാഡ്കരി രംഗത്തെത്തി. ഇത്തരം മാധ്യമവാര്‍ത്തകള്‍ തികച്ചും ഊഹമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയിലെ 13 തീന്‍ മൂര്‍ത്തി ലൈനിലെ ഗാഡ്കരിയുടെ വീട്ടില്‍ കിടപ്പറയില്‍ നിന്നാണ് റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയത്. വളരെ അവിചാരിതമായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും ഉടന്‍ തന്നെ ഇത് നീക്കം ചെയ്യാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിഷേധിച്ചിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുള്ളതും സാധാരണ നിലയില്‍ പാശ്ചാത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതുമാണ് റെക്കോര്‍ഡ് ചെയ്യാനുള്ള ഉപകരണമെന്ന് സണ്‍ഡെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര മന്ത്രിയുടെ വീട്ടില്‍ പോലും ചോര്‍ത്തല്‍ ഉപകരണങ്ങള്‍ എത്തിയെന്നത് രാജ്യത്തെ സുരക്ഷാ നിലവാരത്തെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ തത്കാലം ഇത് പരസ്യമായി സമ്മതിക്കാനോ അന്വേഷണം പ്രഖ്യാപിക്കാനോ മുതിരേണ്ടെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. അതേസമയം, ബി ജെ പി അടക്കമുള്ള കക്ഷികളെയും നേതാക്കളെയും പാശ്ചാത്യ ചാര സംഘടനകള്‍ നിരീക്ഷിക്കുന്നുവെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ബി ജെ പി മുന്‍ ദേശീയ പ്രസിഡന്റ് കൂടിയായ ഗാഡ്കരിയുടെ വീട്ടില്‍ നിന്ന് ചോര്‍ത്തല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയതിന് വലിയ പ്രധാന്യമുണ്ട്.