ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

Posted on: July 27, 2014 12:22 am | Last updated: July 27, 2014 at 12:22 am

saharanpur-riot-3ലക്‌നോ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ച് പോലീസുകാരും ഉള്‍പ്പെടുന്നു. ഭൂമി സംബന്ധമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയായി. സംഭവത്തെ തുടര്‍ന്ന് സഹറന്‍പൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

വിവാദ ഭൂമിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇരു സമുദായങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുടലെടുത്തതെന്ന് സഹറന്‍പൂര്‍ ഡി ഐ ജി. എന്‍ രവീന്ദ്ര പറഞ്ഞു. ഒരു കൂട്ടര്‍ ഈ ഭൂമിയില്‍ വേലികെട്ടി തിരിക്കാന്‍ ശ്രമിച്ചത് രണ്ടാമത്തെ സമുദായക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇരു വിഭാഗക്കാരും തമ്മില്‍ കല്ലേറ് നടത്തുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും കലാപകാരികള്‍ക്കെതിരെ വെടിവെപ്പ് നടത്തി തുരത്തുകയുമായിരുന്നു. പ്രാദേശിക സേനയെയും ദ്രുതകര്‍മ സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. കര്‍ശന നടപടികള്‍ സ്വീകരിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.