Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിംഗില്‍ തിളങ്ങി ഇന്ത്യ

Published

|

Last Updated

 ഗ്ലാസ്‌ഗോ: ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് അഭിനവ് ബിന്ദ്രക്ക് പിന്നാലെ വനിതാ താരം അപുര്‍വി ചന്ദേലയും സ്വര്‍ണം വെടിവെച്ചിട്ടു. 10 മീറ്റര്‍ എയര്‍ റൈഫിളിലായിരുന്നു രാജസ്ഥാന്‍കാരിയുടെ ഉന്നം പൊന്നായത്. ഇതേയിനത്തില്‍ അയോണിക പോള്‍ വെള്ളി കരസ്ഥമാക്കി. മണിക്കൂറുകള്‍ക്ക് മുമ്പ് പുരുഷ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പ്രകാശ് നഞ്ചപ്പയും വെള്ളി മെഡല്‍ നേടിയിരുന്നു.

തുടക്കം മുതല്‍ മികച്ച ഫോമില്‍ ഷൂട്ട് ചെയ്ത ഇരുപത്തൊന്നുകാരി ചന്ദേല 206.7 എന്ന ഗെയിംസ് റെക്കോര്‍ഡ് സ്‌കോര്‍ സ്ഥാപിച്ചാണ് മഞ്ഞപ്പതക്കമണിഞ്ഞത്. അയോണികയുടെ സ്‌കോര്‍ 204.9.
ആറ് വര്‍ഷം മുമ്പ് അഭിനവ് ബിന്ദ്ര ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയതില്‍ പ്രചോദനമുള്‍ക്കൊണ്ട് ഈ രംഗത്തെത്തിയ അപുര്‍വി ചന്ദേല ഇന്ത്യയുടെ ഭാവി ഒളിമ്പിക് മെഡല്‍ പ്രതീക്ഷയാണ്. വീട്ടില്‍ പിതാവൊരുക്കിയ ഷൂട്ടിംഗ് റേഞ്ചിലാണ് ചന്ദേല പരിശീലിച്ചത്. അമ്മാവന്‍ ഹേം സിംഗാണ് പരിശീലനം നല്‍കിയത്.
യോഗ്യതാ റൗണ്ടില്‍ 415.6 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയാണ് ചന്ദേല ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. അയോണിക നാലാം സ്ഥാനത്തായിരുന്നു. മെഡല്‍ റൗണ്ടില്‍ 10.2 നും 10.7 നും ഇടയില്‍ പോയിന്റെടുത്ത ചന്ദേല സ്ഥിരത പുലര്‍ത്തി. രണ്ടാം സ്ഥാനത്തുള്ളതാരവുമായി 1.5 പോയിന്റിന്റെ മുന്‍തൂക്കം അവസാനം വരെ നിലനിര്‍ത്തിയാണ് ചന്ദേല ചാമ്പ്യനായത്.
അയോണികയാകട്ടെ ആദ്യ പത്ത് ഷോട്ടുകള്‍ക്ക് ശേഷമാണ് മെഡല്‍ സാധ്യതയിലേക്ക് വന്നത്. അവസാന അവസരങ്ങളില്‍ 10.5 നും 10.7നും ഇടയില്‍ സ്‌കോര്‍ ചെയ്താണ് അയോണിക നാടകീയമായിവെള്ളിമെഡല്‍ ഉറപ്പിക്കുന്നത്

പ്രകാശ് നഞ്ചപ്പക്ക് സ്വര്‍ണം
നഷ്ടമായത് നേരിയ വ്യത്യാസത്തിന്
പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണപ്രതീക്ഷ ജനിപ്പിച്ച പ്രകാശ് നഞ്ചപ്പക്ക് വെള്ളിമെഡല്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലായി ഇത്. ഫൈനല്‍ റൗണ്ടിലെ എലിമിനേഷന്‍ സ്റ്റേജില്‍ ഒരു ഷോട്ട് പാളിയതാണ് പ്രകാശിന് തിരിച്ചടിയായത്. 7.7 പോയിന്റിലൊതുങ്ങിയ ആ ഷോട്ടാണ് അപ്രതീക്ഷിതമായി ആസ്‌ത്രേലിയന്‍ താരം ഡാനിയല്‍ റെപാഷോലിക്ക് സ്വര്‍ണ മെഡലൊരുക്കിയത്. 199.5 പോയിന്റോടെയാണ് ഓസീസ് താരം ജേതാവായത്. പ്രകാശ് നഞ്ചപ്പക്ക് 198.2 പോയിന്റ്. ഇംഗ്ലണ്ടിന്റെ അറുപതുകാരന്‍ മൈക്കല്‍ ഗോള്‍ട്ട് വെങ്കലം നേടിയത്, എല്ലാത്തിനെയും കവച്ചുവെക്കുന്നതായി.
കഴിഞ്ഞ വര്‍ഷം ദക്ഷിണകൊറിയയില്‍ നടന്ന ഐ എസ് എസ് എഫ് ലോക കപ്പില്‍ വെങ്കലം നേടിയ നഞ്ചപ്പ ഗ്ലാസ്‌ഗോ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായിരുന്നു. എന്നാല്‍, കൃത്യമായ ഉന്നം നഞ്ചപ്പക്ക് സ്വര്‍ണമെഡല്‍ നേടിക്കൊടുക്കുമെന്ന ഘട്ടത്തിലെത്തിച്ചു കാര്യങ്ങള്‍. എലിമിനേഷനിലെ ആറാം അവസരത്തില്‍ 7.7 പോയിന്റിലൊതുങ്ങിയത് അവസരം തകിടം മറിച്ചു.അതേ സമയം ഇതേയിനത്തില്‍ മത്സരിച്ച ഓം പ്രകാശ് യോഗ്യതാ റൗണ്ടില്‍ പുറത്തായി.

ബോക്‌സിംഗ്: മനോജ്
കുമാര്‍ പ്രീക്വാര്‍ട്ടറില്‍
64 കിലോ വിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ മനോജ്കുമാര്‍ പ്രീക്വാര്‍ട്ടറില്‍. ലെസോതോയുടെ മൊകാചാനെ മൊഷോഷോയെ 3-0ന് തോല്‍പ്പിച്ചു. ആദ്യ റൗണ്ടില്‍ സൂക്ഷ്മതയോടെ നീങ്ങിയ മനോജ് കുമാര്‍ പിന്നീടുള്ള റൗണ്ടുകളില്‍ തന്ത്രപരമായി പോയിന്റെടുത്തു. 10-9 ആയിരുന്നു മൂന്ന് റൗണ്ടിലും സ്‌കോര്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്ന് ജഡ്ജസും ഇന്ത്യന്‍ താരത്തിന് അനുകൂല വിധിയെഴുതി. ഇന്ത്യയുടെ വിദേശ കോച്ച് ബ്ലാസ് ഇഗ്ലെസിയാസ് ഫെര്‍നാണ്ടസ് ജഡ്ജസ് കൂടുതല്‍ പോയിന്റുകള്‍ മനോജിന് നിഷേധിച്ചെന്ന് കുറ്റപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നില്ല. മനോജിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. പക്ഷേ, സ്‌കോറിംഗില്‍ അത് കാണാനില്ല – ഫെര്‍നാണ്ടസ് പറഞ്ഞു. എതിരാളി ദുര്‍ബലനായിരുന്നു. അതുകൊണ്ടു തന്നെ മനോജ് പരിക്കേല്‍ക്കാതെ സൂക്ഷിച്ച് കളിക്കുകയായിരുന്നു. വലിയ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതൊരു തന്ത്രപരമായ തീരുമാനമായിരുന്നുവെന്നും കോച്ച് വ്യക്തമാക്കി.

വനിതാ ടി ടി ടീം സെമിയില്‍
ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നീസ് ടീം സെമിയില്‍. 3-0ന് ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് മുന്നേറ്റം. സിംഗിള്‍സില്‍ മണിക ബത്ര, ഷാമിനി ജയം പൊരുതിയെടുത്തപ്പോള്‍ ഡബിള്‍സില്‍ മധുരിക പത്കര്‍-ഷാമിനി കുമരേശന്‍ മൂന്ന് ഗെയിമും 11-8 മാര്‍ജിനില്‍ ജയിച്ചു.
മണിക ബത്ര 11-13, 11-9, 11-5, 11-6ന് കാരെനിനെ തോല്‍പ്പിച്ചപ്പോള്‍ ഷാമിനി 5-11, 11-9, 11-5, 11-5 മാര്‍ജിനില്‍ ചുന്‍ലിയെ കീഴടക്കി. 2010 ഡല്‍ഹി ഗെയിംസില്‍ വെള്ളി നേടിയ ഇന്ത്യ സെമിഫൈനലില്‍ സിംഗപ്പൂരിനെ നേരിടുക നിലവിലെ രണ്ടാം സ്ഥാനക്കാരെന്ന മാനിസാധിപത്യത്തോടെയാകും. ഗ്ലാസ്‌ഗോയില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന വനിതാ സംഘം സ്വര്‍ണപ്രതീക്ഷയായി മാറിയിരിക്കുന്നു. പുരുഷ സംഘമാകട്ടെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്‌കോട്‌ലന്‍ഡാണ് എതിരാളി.