Connect with us

Gulf

ഗാസയിലേക്ക് കൂറ്റന്‍ വിമാനങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശം

Published

|

Last Updated

ദുബൈ: ഗാസയിലേക്ക് കൂറ്റന്‍ വിമാനത്തില്‍ ഭക്ഷണങ്ങളും വസ്ത്രങ്ങളും ഔഷധങ്ങളും എത്തിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. ബോയിംഗ് 747 കാര്‍ഗോ വിമാനത്തില്‍ ദുബൈ ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റിയാണ് സാധനങ്ങള്‍ എത്തിക്കുക. ഗാസയില്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയും മറ്റും മിസൈല്‍ വേധിത ആന്റിനോവ് വിമാനങ്ങള്‍ ഉപയോഗിക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി.

പ്രതിദിനം 150 ടണ്‍ സാധനങ്ങളാണ് ജോര്‍ദാന്‍ വഴി ഗാസയിലെത്തിക്കുക. യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സിയുമായി സഹകരിച്ചാകും വിതരണം. ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ സാധനങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്. അടിയന്തിര സഹായത്തിന് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് ഇന്റര്‍നാഷനല്‍ സിറ്റി. യു എ ഇ റെഡ് ക്രസന്റ്, ലോകാരോഗ്യ സംഘടന, ദുബൈ എയര്‍വിംഗ്, യു എന്‍ ലോക ഭക്ഷ്യപദ്ധതി എന്നിവയുടെ സഹകരണം സിറ്റിക്കുണ്ട്.
7.5 ലക്ഷം ദിര്‍ഹം വിലവരുന്ന 35,000 പുതപ്പുകള്‍, 65,820 ദിര്‍ഹം വിലവരുന്ന ശുചീകരണ കിറ്റുകള്‍, 3.04 ലക്ഷം ദിര്‍ഹം വിലവരുന്ന ഔഷധങ്ങള്‍ തുടങ്ങിയവ ഇതിനകം അമ്മാനില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഗാസയിലേക്ക് ട്രക്കുകളില്‍ കൊണ്ടുപോകും. ഈദുല്‍ ഫിത്വറിനും സഹായ വിതരണം നടക്കും.

 

---- facebook comment plugin here -----

Latest