Connect with us

Malappuram

വണ്ടൂരില്‍ ചുഴലിക്കാറ്റ്; വ്യാപക നാശം

Published

|

Last Updated

വണ്ടൂര്‍: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വണ്ടൂര്‍ മേഖലയില്‍ വ്യാപക നാശം. പോരൂര്‍,വണ്ടൂര്‍,തിരൂവാലി ഗ്രാമപഞ്ചായത്ത് പരിധികളിലെ നിരവധി സ്ഥലങ്ങളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഒന്നര മുനുട്ട് സമയം മാത്രമാണ് ശക്തമായ കാറ്റ് വീശിയത്.
തിരുവാലി ഗ്രാമപഞ്ചായത്ത് പരിധിയിലെ പുന്നപ്പാല, പോരൂര്‍ പഞ്ചായത്തിലെ അയനിക്കോട്,തത്തംപറമ്പ്, ചെറുകോട്, പഴയവാണിയമ്പലം, പി പി റോഡ്, പുളിയക്കോട്, ആലിപറമ്പ്, ചേരീപറമ്പ്, തനശ്ശേരി, ആലിക്കോട്ടില്‍, പെട്ടരാക്ക, മുണ്ടത്തോട്ടിങ്ങല്‍ ഭാഗങ്ങളിലാണ് ശക്തമായ കാറ്റടിച്ച് നാശ നഷ്ടമുണ്ടായത്. പുന്നപ്പാല അരീപുറത്ത് മനക്കലിലെ സുധാകരന്‍ നമ്പൂതിരിയുടെ തോട്ടത്തിലെ 60 റബര്‍ മരങ്ങളും 20 തേക്ക് മരങ്ങളും കാറ്റില്‍ നശിച്ചു.ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ശ്രീകുമാരന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ വീടിനടുത്തുള്ള തോട്ടത്തിലെ റബര്‍ മരങ്ങളും കടപുഴകി. ഇവിടത്തെ മരങ്ങള്‍ വീണ് കോഴിപറമ്പ്-പൂളക്കല്‍ റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി.
വാഴ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. പൂളക്കല്‍ അധികാരത്തില്‍ മുഹമ്മദിന്റെ വീടിന് മുകളില്‍ മരം വീണ് ‘ഭാഗീകമായി തകര്‍ന്നു. ഇദ്ദേഹത്തിന്റെ 500ഓളം വാഴകളും കാറ്റില്‍ നശിച്ചു. കുട്ടശ്ശേരി സൈതാലി,പ്രാക്കണ്ടി ബാലകൃഷ്ണന്‍ എന്നിവരുടെ റബര്‍ മരങ്ങളും നശിച്ചു.
കുണ്ടന്‍കുളം ഫൈസല്‍ ബാബുവിന്റെ വീടിനടുത്തുള്ള ഷീറ്റിട്ട മേല്‍കൂര കാറ്റില്‍ പാറിപ്പോയി. അരിമ്പ്ര മനക്കല്‍ കുഞ്ചിതമ്പാന്റെ പുത്തന്‍ പൊയിലിലെ തൊടിയിലെ പറങ്കിമാവും കാറ്റില്‍ വീണു. മാമ്പൊയില്‍ ജയശ്രീയുടെ വീടിന് മുകളില്‍ മരം വീണ് വ്യാപകമായി തകര്‍ന്നു.
സംസ്ഥാനപാതയില്‍ പുളിയക്കോട് മരം വീണ് കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. പോരൂര്‍ പഞ്ചായത്തിലെ മുണ്ടത്തോട്ടിങ്ങല്‍ കുഞ്ഞാലന്‍ ഹാജിയുടെ വീടിന്റെ മുകളിലേക്കും പരിസരത്തുള്ള തേക്ക് മറിഞ്ഞുവീണു.
ചേരീപറമ്പ്,ആലിക്കോട് ,തത്തംപറമ്പ് ഭാഗങ്ങളില്‍ കാറ്റടിച്ച് പന്ത്രണ്ടോളം വൈദ്യുതി തൂണുകള്‍ നിലംപൊത്തിയതായി കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികളും പൊട്ടിവീണു. ഇതോടെ മേഖലയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി വിതരണം തടസപ്പെട്ടു.

Latest