ഗാസയില്‍ വെടിനിര്‍ത്തല്‍

Posted on: July 26, 2014 10:27 pm | Last updated: July 27, 2014 at 1:27 pm

gaza-4

ഗാസാ സിറ്റി/ ജറൂസലം: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തിന് താത്കാലിക ആശ്വാസം. പതിനാറ് മണിക്കൂര്‍ നീളുന്ന വെടിനിര്‍ത്തലിന് ഇസ്‌റാഈലും ഹമാസും തയ്യാറായി. ഗാസക്ക് മേല്‍ ആക്രമണം തുടങ്ങി പത്തൊമ്പതാം ദിവസമാണ് താത്കാലിക വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ തയ്യാറാകുന്നത്. ആദ്യം പന്ത്രണ്ട് മണിക്കൂറാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇത് നാല് മണിക്കൂര്‍ കൂടി നീട്ടുകയായിരുന്നു. പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ട് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. നേരത്തെ രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ തയ്യാറായിരുന്നുവെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.

യു എസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്‌റാഈല്‍ മന്ത്രിസഭ തള്ളിയതിനു പിന്നാലെയാണ് താത്കാലിക വെടിനിര്‍ത്തലിന് തയ്യാറായത്. ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം താത്കാലികമായി നിര്‍ത്തിയെങ്കിലും ഈജിപ്തിലേക്കും ഇസ്‌റാഈലിലേക്കും ഹമാസ് നിര്‍മിച്ച തുരങ്കങ്ങളില്‍ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. ഗാസയിലുള്ള സൈന്യം അവിടെത്തന്നെ തുടരും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി പലരം മാര്‍ക്കറ്റുകളിലെത്തി. വെടിനിര്‍ത്തല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന് യു എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായി ഫലസ്തീന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നടത്തിയ പരിശോധനയില്‍ എണ്‍പത്തിയഞ്ച് മൃതദേഹങ്ങളാണ് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഗാസയിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. 5,870 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് അഭയാര്‍ഥികളായത്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു. രണ്ട് സാധാരണക്കാരും മുപ്പത്തിയേഴ് ഇസ്‌റാഈല്‍ സൈനികരുമാണ് ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.