Ongoing News
പോലീസുകാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഓണത്തിന് മുമ്പ് നടപ്പാക്കും: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഓണത്തിന് മുമ്പായി നടപ്പാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ജീവനകാര്‍ക്ക് വേണ്ടി ആരംഭിച്ച സൗജന്യ ആരോഗ്യ പരിശോധനാ ക്ലിനിക്കുകള്‍ പദ്ധതി (ഷേപ്പ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ക്ക് സമൂഹത്തില്‍ നിന്ന് അഭിനന്ദനം ലഭിക്കാറില്ല. കല്ലേറും വിമര്‍ശനവും മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ അവരുടെ സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായിട്ടാണ് സ്‌മൈല്‍ പദ്ധതിയും ഷേപ്പും ആരംഭിച്ചത് രമേശ് ചെന്നിത്തല പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയില്‍ മികച്ച മുന്നേറ്റം കേരളത്തില്‍ ഉണ്ടായെങ്കിലും ജീവിതശൈലി രോഗങ്ങള്‍ വെല്ലുവിളിയായ് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌മൈല്‍, ഷേപ്പ് പദ്ധതികള്‍ രൂപവത്കരിച്ച് നടപ്പാക്കിയ എന്‍ ആര്‍ എച്ച് എം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹരികൃഷ്ണനെ രമേശ് ചെന്നിത്തല ഫലകം നല്‍കി ആദരിച്ചു.
ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പോലീസുകാര്‍ക്ക് വേണ്ടി ആരംഭിച്ച സൗജന്യ ആരോഗ്യ പരിശോധനാ ക്ലിനിക്കുകളാണ് സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസ്സസ്‌മെന്റ് ഫോര്‍ പോലീസ് പേഴ്‌സണല്‍ (ഷേപ്പ്). ഈ പദ്ധതി മിഷന്‍ 676ന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പോലീസ് സേനാംഗങ്ങളുടെ ജീവിതശൈലി രോഗനിര്‍ണയത്തിനും ആരോഗ്യബോധവത്കരണത്തിനും കൗണ്‍സിലിംഗിനും വേണ്ടിയുള്ള ഈ ക്ലിനിക്കുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരംഭിക്കും. എല്ലാ മാസവും മൂന്നാം ശനിയാഴ്ച്ചയായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ക്ലിനിക്കില്‍ പ്രമേഹം, രക്താതിസമ്മര്‍ദം, അമിതവണ്ണം, പുകവലി, മദ്യപാനം, മയക്കുമരുന്ന് മുതലായവയില്‍ നിന്ന് മോചനം, മാനസിക സമ്മര്‍ദങ്ങള്‍ എന്നിവക്ക് ചികിത്സ ലഭിക്കും.
ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം, പോലീസ് അഡീ. ഡയറക്ടര്‍ ജനറല്‍മാരായ എം എന്‍ കൃഷ്ണമൂര്‍ത്തി, ലോക്‌നാഥ് ബഹ്‌റ, ആരോഗ്യകേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എന്‍ ശ്രീധര്‍, എന്‍ ആര്‍ എച്ച് എം. ഡയറക്ടര്‍ മിന്‍ഹാജ് ആലം, കൗണ്‍സിലര്‍ പത്മനാഭന്‍, ഡി എം ഒ. ഡോ. കെ എം സിറാബുദ്ദീന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ ഫസീലത്ത് ബീവി, കെ ജി എം ഒ എ പ്രസിഡന്റ് ഡോ. ഇ പി മോഹനന്‍, പൊതുജനാരോഗ്യം അഡീ. ഡയറക്ടര്‍ ഡോ. എ എസ് പ്രദീപ് കുമാര്‍ സംസാരിച്ചു.