ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ഗോവ ഉപമുഖ്യമന്ത്രി

Posted on: July 26, 2014 1:03 am | Last updated: July 26, 2014 at 1:03 am

Francis_Dsouza_Twitter_360_1പാനാജി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ഗോവ ഉപ മുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. ഹിന്ദുസ്ഥാനിലെ എല്ലാ പൗരന്‍മാരും ഹിന്ദുക്കളാണെന്നും ഡിസൂസ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ സാധിക്കുമെന്ന് പ്രഖ്യാപിച്ച ഗോവ മന്ത്രി ദീപക് ധവലികറുടെ അഭിപ്രായത്തെ പിന്തുണച്ചാണ് ഡിസൂസയുടെ പ്രതികരണം. ഇന്ത്യ ഇപ്പോള്‍ തന്നെ ഹിന്ദു രാഷ്ട്രമാണ്. അത് എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കേണ്ട കാര്യമില്ലെന്നും ഡിസൂസ പറഞ്ഞു.
ഗോവന്‍ ബി ജെ പിയിലെ ന്യൂനപക്ഷാംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്നയാളായ ഡിസൂസ താനൊരു ക്രിസ്ത്യന്‍ ഹിന്ദുവാണെന്ന് സ്വയം അവകാശപ്പെടുന്നു. ഇന്ത്യ ഹിന്ദുസ്ഥാനാണ്. താനടക്കം ഹിന്ദുസ്ഥാനിലെ എല്ലാവരും ഹിന്ദുക്കളും. താന്‍ ക്രിസ്ത്യന്‍ ഹിന്ദുവാണെന്ന് ഡിസൂസ അവകാശപ്പെട്ടു.
നേരത്തെ ഗോവന്‍ നിയമസഭയിലാണ് ധവലികറുടെ പരാമര്‍ശം ഉണ്ടായത്. നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഹിന്ദു രാഷ്ട്രം നിര്‍മിക്കാനുള്ള ശ്രമം മോദി ആരംഭിച്ചതായും വ്യക്തമാക്കി. ഈ നിലപാടില്‍ പ്രതിഷേധിച്ച് ഗോവ നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.