Connect with us

Gulf

മലബാറിന്റെ ഭക്ഷണപ്പെരുമയുമായി സാജിതയും കുടുംബവും

Published

|

Last Updated

സാജിത മെഹബൂബും കുടുംബവും

അബുദാബി: നോമ്പ് തുറക്ക് വടക്കേ മലബാറിന്റെ ഭക്ഷണപ്പെരുമയുമായി ഒരു കുടുംബം. യു എ ഇയുടെ തലസ്ഥാനമായ അബുദാബി വന്‍ നഗരത്തില്‍ പ്രവാസം തുടരുമ്പോഴും ഉമ്മയില്‍ നിന്നും മറ്റും പകര്‍ന്നകിട്ടിയ മലബാറിന്റെ തനി നാടന്‍ രുചിക്കൂട്ടുകള്‍ സാജിതയുടെ അടുക്കളയില്‍ നിത്യസാന്നിധ്യമാണ്. പരമ്പരാഗത മലബാര്‍ പലഹാരങ്ങള്‍ ഉണ്ടാക്കി ബന്ധുക്കളേയും, സുഹൃത്തുക്കളെയും ക്ഷണിച്ച് ഇത്തവണത്തെ നോമ്പ് തുറയും അവിസ്മരണീയമാക്കുകയാണിവര്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് സാജിത. ഭക്ഷണം പാചകം ചെയ്യുന്ന വിദ്യ പയറ്റി തെളിഞ്ഞിട്ടല്ല അബുദാബിയില്‍ എത്തിയത്. എന്നാലിന്നു അബുദാബിയിലെ മിക്ക പ്രമുഖ സംഘടനകളും സംഘടിപ്പിക്കുന്ന പാചക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം സാജിതക്ക് തന്നെ. പരസ്യങ്ങളുടെയും, പുത്തന്‍ ഭക്ഷണ സംസ്‌കാരത്തിന്റെയും പിറകേ പോവാതെ നാട്ടില്‍ നിന്നും ഉണക്കി പൊടിച്ച് കൊണ്ടുവരുന്ന മുളക്, മഞ്ഞള്‍, മല്ലി, കുരുമുളക് എന്നിവ ഉപയോഗിച്ചാണ് ഇവര്‍ ഭക്ഷണം പാകം ചെയ്യാറ്. അബുദാബിയില്‍ താമസം തുടങ്ങിയിട്ടിന്നേവരെ പുറത്ത് നിന്നും ഒരു മസാലക്കൂട്ട് പോലും വാങ്ങിയിട്ടില്ല എന്ന് ഇവര്‍ പറയുന്നു

മലബാറില്‍ തന്നെ ഇന്നന്യം നിന്നു പോകുന്ന പലഹാരങ്ങളായ പലതും ഇവരിവിടെ ഉണ്ടാക്കുന്നു. തനിമ ഒട്ടും ചോരാതെ, അതേ രുചിയില്‍. പനിനീരില്‍ മുങ്ങിക്കിടക്കുന്ന മുട്ടകൊണ്ടുണ്ടാക്കുന്ന മധുര പലഹാരമായ പനീര്‍ പെട്ടിയും, ചെറിയ ചെമ്മീന്‍ മസാലക്കൂട്ടുകളില്‍ വേവിച്ച് ഉണ്ടാക്കുന്ന ചെമ്മീന്‍ അടയും, അടുക്കുകളായി രുചിക്കൂട്ടുകള്‍ അടുക്കിവച്ചുണ്ടാക്കുന്ന അടുക്ക് പത്തിരിയും, കടലാസ് പോലെ നേര്‍ത്ത നേര്‍മ്മപ്പത്തിരിയും, കോഴിക്കറിയും, കല്ലുമ്മക്കായ അരിക്കൂട്ടില്‍ പൊരിച്ചെടുക്കുന്ന അരിക്കടുക്കയും, മുട്ടമാലയും, മുട്ട സുര്‍ക്കയുമെല്ലാം എണ്ണയൊട്ടും ചേര്‍ക്കാതെ ഈന്തപ്പഴവും, നാരങ്ങാ തൊലിയും, മുന്തിരിങ്ങയും ചേര്‍ത്ത് ഉണ്ടാക്കിയ അച്ചാറും, ഈന്തപ്പഴം ഹലുവയും നോമ്പ് തുറക്ക് സ്‌പെഷ്യല്‍ ആണിവിടെ.
ഒപ്പം മലബാര്‍ മീന്‍ മുളകിട്ടതും, ചിക്കന്‍ കറിയും, ബീഫ് വരട്ടിയതും, മുട്ടച്ചോറും, ദം പൊട്ടിക്കാന്‍ കാത്തിരിക്കുന്ന പലതരം ബിരിയാണിയും ഓരോ ദിവസവും മാറിമാറി വരുന്നു. മനോഹരമായി അലങ്കരിച്ച പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ ഫ്രൂട്ട് ബാസ്‌കറ്റും, പലയിനം പഴച്ചാറുകളും എല്ലാം ഏതൊരു വലിയ ഹോട്ടലിലെയും ഭക്ഷണത്തോട് കിടപിടിക്കും വിധമാണ് ഇവരിവിടെ ഒരുക്കാറുള്ളത്.
നോമ്പ് തുറക്ക് പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന് ത്രിവര്‍ണപതാകയുടെ നിറത്തിലുള്ള സ്‌പെഷ്യല്‍ പലഹാരവും ഇവര്‍ ഉണ്ടാക്കിയിരുന്നു. അറേബ്യന്‍ രുചികളും, വടക്കെ മലബാറിന്റെ രുചികളും സമ്മേളിക്കുന്ന മറ്റൊരു പുത്തന്‍ രുചിക്കൂട്ടും ഇവരുടെ അടുക്കളയില്‍ ഈ നോമ്പ് കാലത്തിനായി തയ്യാറെടുക്കുന്നുണ്ട്. ഒപ്പം താന്‍ കുറിച്ച് വച്ച മലബാറിന്റെ പലതരം പരമ്പരാഗത ഭക്ഷണങ്ങളും, അവയുടെ നിര്‍മാണ രീതികളുമെല്ലാം ചേര്‍ത്ത് ഒരു പാചക പുസ്തകം പുറത്തിറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest