സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴ് മരണം

Posted on: July 25, 2014 6:14 pm | Last updated: July 26, 2014 at 9:36 am

Breaking news

സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചു. സീതാപൂര്‍ ജില്ലയിലെ അഹിറ്വാ ഗ്രാമത്തിലാണ് സൈനിക കോപ്റ്റര്‍ തകര്‍ന്നുവീണത്. ചോപ്പര്‍ – 307 വിഭാഗത്തില്‍പ്പെട്ട ഐ എ എഫിന്റെ എ എല്‍ എഫ് ധ്രുവ് കോ്പറ്റര്‍ ബറേലിയില്‍ നിന്ന് അലഹബാദിലേക്ക് പോകുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് ദുരന്തം.

ബക്ഷി കാ തലാബ് വ്യോമ കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ട കോപ്റ്റര്‍ ഉടന്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബന്ധം നഷ്ടപ്പെടും മുമ്പ് കോപ്റ്റര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് സഹായം ഒന്നും ആവശ്യപ്പെട്ടിരുന്നില്ല.

പൈലറ്റ്, സഹപൈലറ്റ്, മറ്റു അഞ്ച് പേര്‍ എന്നിവരാണ് മരിച്ചതെന്ന് സീതാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. അപകടത്തില്‍ കോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചക്കിടെ നടക്കുന്ന നാലാമത്തെ വ്യോമദുരന്തമാണിത്. ഈ മാസം 17ന് മലേഷ്യന്‍ വിമാനം മിസൈലാക്രമണത്തില്‍ തകര്‍ന്ന് 297 പേരും 23ന് തായ്‌ലാന്‍ഡ് വിമാനം തകര്‍ന്ന് വീണ് 51 പേരും 24ന് അള്‍ജീരിയന്‍ വിമാനം തകര്‍ന്ന് വീണ് 116 പേരും മരിച്ചിരുന്നു.