Connect with us

Kasargod

സ്‌കൂള്‍തല ലഹരിവിരുദ്ധ ക്ലബ്ബുകള്‍ക്ക് 24 ലക്ഷം രൂപ നല്‍കും: മന്ത്രി കെ ബാബു

Published

|

Last Updated

കാസര്‍കോട്: സ്‌കൂള്‍തല ലഹരിവിരുദ്ധ ക്ലബ്ബുകളുടെ നടപ്പ്‌സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതിരേഖ അംഗീകരിച്ച് ഇരുപത്തിനാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപ അനുവദിച്ച് ഉത്തരവായതായി എക്‌സൈസ് മന്ത്രി കെ ബാബു അറിയിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നീ സ്‌കൂള്‍തല സംഘടനകളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ലഹരിവിരുദ്ധ ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍. ക്ലബ്ബുകള്‍ക്ക് പ്രവര്‍ത്തനഫണ്ടായി 1500 രൂപ രണ്ടു ഗഡുക്കളായി നല്‍കും. ക്ലബ്ബുകളുടെ കണ്‍വീനര്‍മാര്‍ക്ക് വാര്‍ഷിക ഓണറേറിയമായി 1500 രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച പദ്ധതിയാണ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍. ഇതുവരെ 1011 സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ ആരംഭിച്ചു. ഈ സാമ്പത്തിക വര്‍ഷം ലഹരിവിരുദ്ധ ക്ലബ്ബുകളുടെ എണ്ണം 1500 ആയി വര്‍ദ്ധിപ്പിക്കും. കൈയെഴുത്തു മാസിക, വാരാചരണം, സെമിനാറുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിരേഖ പ്രകാരം അംഗീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും പരസ്പര സൗഹാര്‍ദവും വളര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ലഹരിവിരുദ്ധ ക്ലബ്ബുകളിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം പൂര്‍ണമായും എക്‌സൈസ് വകുപ്പിനായിരിക്കുമെന്ന മന്ത്രി കെ ബാബു അറിയിച്ചു.

 

Latest