മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ 135ാം സ്ഥാനത്ത്

Posted on: July 25, 2014 6:09 am | Last updated: July 25, 2014 at 2:10 pm

ന്യൂഡല്‍ഹി: 2013 ലെ മാനവ വികസനം സംബന്ധിച്ച് ഐക്യരാഷ്ട്ര വികസന പദ്ധതി (യു എന്‍ ഡി പി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 135ാമത്. യു എന്‍ അംഗങ്ങളായ 187 രാജ്യങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ സമഗ്ര വികസനം സൂചിപ്പിക്കുന്ന അളവുകോലാണ് ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചിക. സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കു പുറമെ ജനപ്പെരുപ്പം, തൊഴിലവസരങ്ങള്‍, ജീവിത നിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുള്ള മാനവ വികസന സൂചിക രാജ്യത്തെ സമഗ്ര മേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നതാണ്. ബ്രിക്‌സ് അംഗരാജ്യങ്ങളായ ദക്ഷിണാഫ്രിക്ക 118ാം സ്ഥാനത്തും, ചൈന 91ാം സ്ഥാനത്തും, ബ്രസീല്‍ 79ാം സ്ഥാനത്തും, റഷ്യ 57ാം സ്ഥാനത്തുമാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗം വളരുന്നുണ്ടെങ്കിലും 1980കളിലുണ്ടായ എച്ച് ഡി ഐ വളര്‍ച്ചയേക്കാള്‍ മന്ദഗതിയിലാണ് 2000 മുതലുള്ള വളര്‍ച്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ കാര്യങ്ങളില്‍ യു എന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള 187 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. ഈജിപ്ത്, ദക്ഷിണാഫ്രിക്ക, മംഗോളിയ, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. മീഡിയം ഡെവലപ്പ്‌മെന്റ് വിഭാഗത്തിലാണ് ഈ രാജ്യങ്ങളുള്ളത്. അയല്‍ രാഷ്ട്രമായ ശ്രീലങ്കയുടെ സ്ഥാനം 73 ആണ്. പാക്കിസ്ഥാന്‍ (146), നേപ്പാള്‍ (145) എന്നീ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ പിന്നിലാണ്. ലോക ജനതയില്‍ 80 കോടി പേര്‍ കനത്ത ദാരിദ്ര്യത്തിന്റെ ഇരകളാണെന്ന് കണക്കുകള്‍ പറയുന്നു. കൂടാതെ ജോലിക്കാരില്‍ പകുതിപ്പേരും തൊഴില്‍ സുരക്ഷ ഇല്ലാത്തവരാണ്.
187 രാജ്യങ്ങളുടെ ഈ പട്ടികയില്‍ നോര്‍വെ, ആസ്‌ത്രേലിയ, സ്വിറ്റ്‌സര്‍ലന്റ്, നെതര്‍ലന്‍ഡ്‌സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അവസാന സ്ഥാനത്തുള്ളത് നൈജര്‍, കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചാഡ്, സിയേറ ലിയോണ്‍ എന്നീ രാജ്യങ്ങളുമാണ്.