ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ബ്രഹ്മോസിലെ മുസ്‌ലിം തൊഴിലാളികള്‍ നിയമ പോരാട്ടത്തില്‍

Posted on: July 24, 2014 1:16 am | Last updated: July 24, 2014 at 1:16 am

തിരുവനന്തപുരം: നഗരത്തിലെ ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേയ്‌സിലെ ഒരു വിഭാഗം ജീവനക്കാര്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ നിയമപോരാട്ടം നടത്തുന്നു.

വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാനുള്ള അവകാശം നിരന്തരമായി നിഷേധിക്കുന്ന ബ്രഹ്മോസ് അധികൃതരുടെ സമീപനത്തിനെതിരെയാണ് മുസ്‌ലിം ജീവനക്കാര്‍ നിയമപോരാട്ടം നടത്തുന്നത്്. വര്‍ഷങ്ങള്‍ നീണ്ട നിരന്തരമായ നിവേദനങ്ങള്‍ക്കും അഭ്യര്‍ഥനകള്‍ക്കും നേരെ മുഖം തിരിച്ചു നിന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ ഗത്യന്തരമില്ലാതെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കമ്മീഷന്‍ ഉത്തരവായിരുന്നു. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് താത്കാലിക സ്റ്റേ നേടിയ മാനേജ്‌മെന്റ് അക്കാര്യം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തി ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന രീതിയാണ് സ്വീകരിച്ചത്.
പഞ്ചിംഗ് സംവിധാനം കണിശതയോടെ നിലവിലുണ്ടെങ്കിലും ഓഫീസ് റാങ്കിലുള്ളവര്‍ക്ക് ഇത് ബാധകമല്ലെന്ന് ജീവനക്കാര്‍ പറയുന്നു. തൊഴിലാളി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒരു മാസത്തേക്ക് രണ്ട് മണിക്കൂര്‍ മാത്രമാണ് ഗ്രെയിസ് ടൈം അനുവദിച്ചിട്ടുള്ളത്. ഇത് കഴിയുന്നതോടെ ഒരു മിനിറ്റിന് രണ്ട് മണിക്കൂറും. 30 മിനിറ്റിന് മുകളില്‍ അര ദിവസവും ശമ്പളം നഷ്ടമാകും. ഈ അവസ്ഥയില്‍ ഗ്രെയിസ് ടൈം ഉപയോഗിച്ച് പള്ളിയില്‍ പോകാന്‍ ഉത്തരവിറക്കിയ മാനേജ്‌മെന്റ് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല 2008 ല്‍ ബ്രഹ്മോസ് നിലവില്‍ വന്നതിന്‌ശേഷം നടന്ന 126 നിയമനങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളത്. മാനേജ്‌മെന്റിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ കേരള മുസ്‌ലിം എംപ്ലോയിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിലാണ്. അതേ സമയം നഷ്ടത്തിലോടുന്ന കമ്പനിയുടെ പണവും പ്രവര്‍ത്തനസമയവും ഉപയോഗിച്ച് വമ്പന്‍ വക്കീലന്‍മാരെ വെച്ചാണ് കമ്പനി കേസുകള്‍ നടത്തുന്നത്. ബ്രഹ്മോസ് ഏറ്റെടുക്കുന്ന സമയത്ത് കമ്പനിയില്‍ നിലവിലുണ്ടായിരുന്ന ഷോര്‍ട്ട് ലീവ് സൗകര്യം പുനഃസ്ഥാപിക്കണം എന്നാണ് ജീവനക്കാരുടെ യൂനിയനുകള്‍ ആവശ്യപ്പെടുന്നത്. ഇത് അനുവദിച്ച് പ്രശ്‌ന പരിഹാരത്തിന് തയാറാകാതെ പ്രതികാര ബുദ്ധിയോടെ കേസുമായി മുന്നോട്ടുപോകുന്ന മാനേജ്‌മെന്റ് നിലപാടില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ഇത് കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ മേശമായി ബാധിച്ചേക്കാമെന്നും ജീവനക്കാര്‍ പറയുന്നു.