ആറ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി

Posted on: July 23, 2014 10:56 am | Last updated: July 23, 2014 at 10:56 am

dyfiകോഴിക്കോട്: കോര്‍പറേഷന്‍ അഴിമതിവിരുദ്ധ മുന്നണിയുടെ സമരപ്പന്തലില്‍ കയറി അക്രമം നടത്തിയ കേസില്‍ പോലീസ് തിരഞ്ഞിരുന്ന ആറ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതിയും കോര്‍പറേഷന്‍ മുന്‍ മേയര്‍ എം ഭാസ്‌കരന്റെ മകനും ഡി വൈ എഫ് ഐ ജില്ലാ ജോ. സെക്രട്ടറിയുമായ വരുണ്‍ ഭാസ്‌കര്‍ (34), രണ്ട് മുതല്‍ നാല് വരെ പ്രതികളായ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം സി എം ജംഷീര്‍ (36), സിറ്റി ബ്ലോക്ക് സെക്രട്ടറി പ്രമോദ് കോട്ടൂളി (36), പയ്യാനക്കല്‍ മേഖലാ സെക്രട്ടറി എന്‍ വി ശാഫി, എസ് എഫ് ഐ ഏരിയാ പ്രസിഡന്റ് ഷര്‍ജില്‍ (21), ഡി വൈ എഫ് ഐ ടൗണ്‍ മേഖലാ കമ്മിറ്റിയംഗം ഷാജി രാജന്‍ (29) എന്നിവരാണ് കീഴടങ്ങിയത്.
മൂന്നാഴ്ചയോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഇന്നലെ രാവിലെ 9.30ഓടെ പ്രതികള്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു. ആദ്യം നാല് പേരാണ് കീഴടങ്ങാനായി എത്തിയത്. ജാമ്യാപേക്ഷ തള്ളിയ രണ്ട് പേരും കൂടി സ്റ്റേഷനിലെത്തണമെന്ന് പോലീസ് ഇവരെ അറിയിച്ചു. തുടര്‍ന്നാണ് 9.30ഓടെ ഷര്‍ജിലും ഷാജി രാജനും എത്തിയത്. പ്രതികളുടെ അറസ്റ്റ് ടൗണ്‍ പോലീസ് രേഖപ്പെടുത്തി. മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ്. മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ആറ് പേരെയും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ 11 പ്രതികളാണ് അറസ്റ്റിലായത്.
പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍പോയ വരുണ്‍ ഭാസ്‌ക്കര്‍ അടക്കമുളള പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് കേസിനെ ബാധിക്കുമെന്ന പോലീസിന്റെ ഹരജി പരിഗണിച്ച കോടതി ഇത് തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുകയാണ് വേണ്ടെതെന്നും നിയമപരമായി ഇവര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ജാമ്യ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കഴിഞ്ഞ ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം. കോര്‍പറേഷന്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാജ മാനഭംഗ പരാതി നല്‍കിയ സി പി എം കൗണ്‍സിലര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഴിമതിവിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി നഗരത്തില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഈ ധര്‍ണയിലേക്ക് വരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ആക്രമണത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് രഘുനാഥ് അടക്കം ഏതാനും പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഘര്‍ഷ സ്ഥലത്തുവെച്ച് വരുണ്‍ ഭാസ്‌ക്കര്‍ അടക്കമുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും സ്റ്റേഷനിലെത്തുന്നതിന് മുമ്പ് ഇവര്‍ രക്ഷപ്പെട്ടതായി ആരോപണം ഉയരുകയായിരുന്നു. ഇവര്‍ രക്ഷപ്പെട്ട സംഭവം വിവാദമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡി ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നു.