Connect with us

Kannur

പഠിപ്പുമുടക്ക് പാടില്ലെന്ന് പറയുന്നത് ഭരണാധികാരികള്‍ക്ക് മുന്നിലുള്ള കീഴടങ്ങലെന്ന് പന്ന്യന്‍

Published

|

Last Updated

കണ്ണൂര്‍: പണിമുടക്കും പഠിപ്പുമുടക്കും പാടില്ലെന്ന് പറയുന്നത് ഭരണാധികാരികള്‍ക്ക് മുന്നിലുള്ള കീഴടങ്ങലാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് സമര രീതികള്‍ മാറേണ്ടതുണ്ടെങ്കിലും പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ എന്‍ ഇ ബാലറാം-പി പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിപ്പുമുടങ്ങുന്നതിന് വിദ്യാര്‍ഥികളല്ല കാരണക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമില്ലാതാക്കുകയാണ് ഭരിക്കുന്നവര്‍ ചെയ്യുന്നത്. പഠിക്കാന്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളില്ല.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ യൂനിഫോം നല്‍കിയത് അധ്യയനവര്‍ഷം അവസാനിച്ചപ്പോഴാണ്. വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത സാഹചര്യം പോലും ഉള്ളപ്പോള്‍ പഠിപ്പുമുടക്കരുതെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സ്ഥാപിത താത്പര്യക്കാര്‍ക്ക് വേണ്ടി വിദ്യാഭ്യാസം കച്ചവടമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കാനുള്ള തീരുമാനം ഇത്തരം കച്ചവടങ്ങളുടെ ഭാഗമാണ്. മനുഷ്യനെ കണ്ടാല്‍ ചിരിക്കുന്നവനാകണം കമ്മ്യൂണിസ്റ്റുകാരനെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയ പഴയകാല നേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി ഏറെ ത്യാഗം സഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് സാഹിത്യം വായിച്ചിട്ടോ രാഷ്ട്രീയം പറഞ്ഞോ അല്ല ആളുകള്‍ കമ്മ്യൂണിസ്റ്റുകാരായത്. നേതാക്കള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിന്റെയും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുമാണ് കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടായത്. കമ്മ്യൂണിസ്റ്റുകാരന്‍ ഒരാളെ കണ്ടാല്‍ ചിരിക്കണം. മനുഷ്യനോട് മാന്യമായി പെരുമാറുന്നവനാകണം കമ്മ്യൂണിസ്റ്റുകാരെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest