Connect with us

Eranakulam

കൊച്ചി മെട്രോ: ഫ്രഞ്ച് സംഘം 29ന് കൊച്ചിയില്‍

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ എഫ ്ഡിയുടെ നാലംഗ സംഘം ഈ മാസം 29ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോയുടെ വായ്പ സംബന്ധിച്ച നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും സാങ്കേതിക സഹായത്തിന്റെ വിശദാംശങ്ങളും കൊച്ചിയില്‍ നടപ്പാക്കുന്ന സമഗ്ര ഗതാഗത പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് സംഘം എത്തുന്നത്.
എ എഫ് ഡിയുടെ പാരീസിലെ സുസ്ഥിര ഗതാഗത വിഭാഗത്തില്‍ പ്രോജക്ട് മാനേജര്‍മാരായ പ്രിഷീലെ ദി കോണിങ്ക്, അര്‍ണോദ് ദോഫിന്‍ എന്നിവരും എ എഫ് ഡിയുടെ ഡല്‍ഹി കേന്ദ്രത്തിലെ പ്രോജക്ട് ഓഫീസര്‍മാരായ ഷീഖ് ദിയയും ഗൗതിയല്‍ കോളിയറുമാണ് സംഘത്തിലുള്ളത്. ഇവര്‍ രണ്ട് ദിവസം കൊച്ചിയില്‍ തങ്ങി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തും.
കൊച്ചി മെട്രോ പദ്ധതിയുടെ ഇതുവരെയുള്ള നിര്‍മാണ പുരോഗതി സംഘം വിലയിരുത്തും. കൊച്ചി മെട്രോയുടെ പ്രോജക്ട് മാനേജരുടെ ചുമതല ഇനിമുതല്‍ ഡല്‍ഹി ആസ്ഥാനത്ത് പ്രിഷീലെ ദി കോണിങ്കിനായിരിക്കും. നേരത്തെ സേവിയര്‍ ഹോയാംഗിനായിരുന്നു ഈ ചുമതല.
ഫ്രഞ്ച് സംഘം പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും നിര്‍മാണവുമായി സഹകരിക്കുന്ന വിവിധ ഏജന്‍സികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. പദ്ധതിയുടെ പുരോഗതി, പദ്ധതിക്കായി സാധന സാമഗ്രികള്‍ വാങ്ങുന്നത് സംബന്ധിച്ച പ്രക്രിയ, വായ്പാ തുക കൈമാറുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്നിവയില്‍ ചര്‍ച്ച നടക്കും. എ എഫ് ഡി 1,500 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കൊച്ചി മെട്രോക്ക് നല്‍കുന്നത്. ഇതു കൂടാതെ ഏഴ് കോടി രൂപയുടെ ഗ്രാന്റ് ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി നല്‍കും. കൊച്ചി മെട്രോയുടെ നടത്തിപ്പിനും അറ്റകുറ്റ പണികള്‍ക്കുമായണ് ഈ സഹായം നല്‍കുക. ഇത് ഈ വര്‍ഷം അവസാനം മുതല്‍ ലഭിച്ചു തുടങ്ങും. ഇത് സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ സംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.