കാര്‍ത്തികേയന്റെ ആശങ്ക അസ്ഥാനത്തെന്ന് വക്കം പുരുഷോത്തമന്‍

Posted on: July 21, 2014 11:21 am | Last updated: July 22, 2014 at 12:11 am

Vakkom-Purushothamanതിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആശങ്കകള്‍ അസ്ഥാനത്താണെന്നും സ്പീക്കര്‍ പദവിയില്‍ തുടര്‍ന്നുകൊണ്ട് തന്നെ മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.

കാര്‍ത്തികേയന് ഇപ്പോള്‍ സംഘടനാ നേതൃത്വത്തിലേക്ക് വരാനാവില്ല. മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ച മുഖ്യമന്ത്രി ആരംഭിച്ചത് കാര്‍ത്തികേയനെ കണ്ടല്ല. മൊത്തത്തിലുള്ള അഴിച്ചുപണിക്ക് മുഖ്യമന്ത്രി തയാറാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും വക്കം പറഞ്ഞു.

അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ ഒരു നേതാവിന്റെയും പിടിവാശി ശരിയല്ല. ആദര്‍ശം കൊണ്ടുമാത്രം ഒരു സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ല. താന്‍ എക്‌സൈസ് മന്ത്രിയായിരുന്നെങ്കില്‍ 418 ബാറുകളും തുറക്കുമായിരുന്നെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വക്കം ചൂണ്ടിക്കാട്ടി.

സ്പീക്കര്‍ പദവിയിലിരിക്കുന്നതിനാല്‍ തന്റെ മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നതാണ് സ്പീക്കര്‍ പദവി രാജിവെക്കാന്‍ ജി കാര്‍ത്തികേയന്‍ കാരണമായി പറഞ്ഞിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്പീക്കറുടെ മണ്ഡലത്തില്‍ യു ഡി എഫ് പിന്നോക്കം പോയിരുന്നു. എന്നാല്‍ കാര്‍ത്തിയന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് വക്കം പുരുഷോത്തമന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.