മഞ്ചേരിയില്‍ ഇന്നലെ ഒ പിയില്ലാത്ത ആശുപത്രി

Posted on: July 21, 2014 9:11 am | Last updated: July 21, 2014 at 9:11 am

മഞ്ചേരി: ഒ പിയില്ലാത്ത ആശുപത്രിയായിരുന്നു ഇന്നലെ മഞ്ചേരിയില്‍. മെഡിക്കല്‍ കോളജായി ബോര്‍ഡ് ഉയര്‍ന്നതോടെ ഞായറാഴ്ച പതിവ് പോലുണ്ടായിരുന്ന ഒ പി ഇന്നലെ തടസപ്പെട്ടു. പനി ബാധിച്ചെത്തിയ ആയിരത്തോളം രോഗികള്‍ക്കായി അത്യാഹിത വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ രോഗികളെ സ്വീകരിച്ച് ചികിത്സ നല്‍കി.
സ്ത്രീകളും കുട്ടികളുമായിരുന്ന രോഗികളില്‍ ബഹുഭൂരിപക്ഷവും ഒ പിയിലെ ഫാര്‍മസി തുറന്നിരുന്നുവെങ്കിലും മരുന്നും ജീവനക്കാരും കുറവായിരുന്നു. അധിക മരുന്നുകളും പുറത്തേക്കാണെഴുതിയത്. താലൂക്ക് ആശുപത്രിക്ക് ജില്ലാ ആശുപത്രിയെന്ന ബോര്‍ഡാണ് മഞ്ചേരിയില്‍ ആദ്യമുയര്‍ന്നത്. പിന്നീടത് ജനറല്‍ ആശുപത്രിയിലും ഇപ്പോള്‍ മെഡിക്കല്‍ കോളജുമായി. മെഡിക്കല്‍ കോളജ് വന്നതോടെ നേരത്തെയുണ്ടായിരുന്ന പല സൗകര്യങ്ങളും മുടങ്ങി. പേ വാര്‍ഡും നഴ്‌സിംഗ് സ്‌കൂളിലുമെല്ലാം മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ രോഗികളെ അഡ്മിഷനും ശസ്ത്രക്രിയയും തുടങ്ങിയെന്നതാണ് പ്രത്യേകത. ഡോക്ടര്‍മാരില്‍ നേരത്തെയുള്ള 35 പേര്‍ മെഡിക്കല്‍ കോളജിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായി ഡിക്ലറേഷന്‍ ഒപ്പിട്ട് നല്‍കി. കെ ജി എം ഒ എയുമായി ബന്ധപ്പെട്ട ഏതാനും ചില ഡോക്ടര്‍മാര്‍ മാത്രമാണ് ഒപ്പിടാതെ മടിച്ചുനില്‍ക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടെങ്കിലും അത്യാവശ്യമായി വേണ്ട പല സ്‌പെഷ്യാലിറ്റി യൂണിറ്റുകളും ആരംഭിച്ചിട്ടില്ല. സ്‌പെഷ്യലൈസ്ഡ് നഴ്‌സുമാരും മതിയായ ജീവനക്കാരും ഇല്ല. ഓഫീസില്‍ ആവശ്യത്തിന് ക്ലര്‍ക്കുമാരില്ലാത്തതിനാല്‍ ലേ സെക്രട്ടറിയാണ് ട്രഷററായി ജോലി ചെയ്യുന്നത്. മറ്റു സ്റ്റാഫുകളുടെ അപര്യാപ്തത കാരണം രോഗികള്‍ക്കും ജീവനക്കാര്‍ക്കും പ്രയാസമുണ്ട്.