Connect with us

Business

റബ്ബര്‍ ഇറക്കുമതി ശക്തം; സ്വര്‍ണത്തിന് ചാഞ്ചാട്ടം

Published

|

Last Updated

കൊച്ചി: വിദേശ റബ്ബര്‍ ഇറക്കുമതി കനത്തു; ആഭ്യന്തര ഉത്പാദകര്‍ സമ്മര്‍ദത്തില്‍. ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് കുരുമുളകിനു കരുത്തായി. മഴ മൂലം നാളികേര വിളവെടുപ്പ് തടസ്സപ്പെട്ടു. സ്വര്‍ണ വിപണിയില്‍ വന്‍ ചാഞ്ചാട്ടം.
ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര റബ്ബറില്‍ തണുപ്പന്‍ മനോഭാവം തുടരുകയാണ്. വിദേശ റബ്ബര്‍ ആവശ്യാനുസരണം കുറഞ്ഞ വിലക്ക് ലഭിക്കുന്നതാണ് വ്യവസായികളെ നമ്മുടെ വിപണികളില്‍ നിന്ന് പിന്തിരിപ്പിച്ചത്. ജനുവരി- ജൂണ്‍ കാലയളവില്‍ റബ്ബര്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം ഉയര്‍ന്നു. രാജ്യാന്തര വിപണിയിലെ താഴ്ന്ന വിലയാണ് ഇറക്കുമതിയിലേക്ക് ടയര്‍ നിര്‍മാതാക്കളെ ആകര്‍ഷിച്ചത്. ആദ്യ ആറ് മാസം 1.61 ലക്ഷം ടണ്‍ റബ്ബര്‍ ഇന്ത്യന്‍ ഇറക്കുമതി നടത്തി.
കൊച്ചി, കോട്ടയം, മലബാര്‍ വിപണികളിലേക്ക് കാര്യമായി ഷീറ്റ് ഇറക്കാന്‍ കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും മടിച്ചു. റബ്ബര്‍ ടാപിംഗ് രംഗവും തളര്‍ച്ചയിലാണ്. റബ്ബറിന്റെ അനാകര്‍ഷകമായ വിലയാണ് ഉത്പാദകരെ രംഗത്തു നിന്ന് അകറ്റുന്നത്. നാലാം ഗ്രേഡ് റബ്ബര്‍ 14,200 രൂപയില്‍ നിന്ന് 14,100 രൂപയായി. അഞ്ചാം ഗ്രേഡിനു 200 രൂപ കുറഞ്ഞ് 13,300 രൂപയായി.
കുരുമുളക് മികവിലാണ്. ഹൈറേഞ്ചില്‍ നിന്ന് പിന്നിട്ട വാരത്തിലും കാര്യമായി ചരക്ക് വില്‍പ്പനക്ക് ഇറങ്ങിയില്ല. ഉത്തരേന്തന്‍ വ്യാപാരികള്‍ രംഗത്തുണ്ടെങ്കിലും വിദേശ വ്യാപാരം തളര്‍ച്ചയിലാണ്. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 13,050 ഡോളറാണ്. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 72,500 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 74,500 രൂപയിലും ക്ലോസിംഗ് നടന്നു.
വെളിെച്ചണ്ണ വില 100 രൂപ ഉയര്‍ന്നെങ്കിലും ഇടപാടുകള്‍ കുറഞ്ഞു. ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് ചുരുങ്ങി. ഇതിനിടെ നാളികേര വിളവെടുപ്പ് പുരോഗമിച്ചെങ്കിലും കാര്യമായി കൊപ്ര ഇറങ്ങിയില്ല. കൊച്ചിയില്‍ കൊപ്ര 10,350 ല്‍ നിന്ന് 10,400 രൂപയായി. കോഴിക്കോട് കൊപ്ര 10,500 ലാണ്.
അടക്ക ക്ഷാമത്തിനിടയില്‍ വിപണിയില്‍ നിന്ന് പാന്‍ മസാല വ്യവസായികള്‍ അകന്നത് വില ഇടിച്ചു. അടക്ക റെക്കോര്‍ഡ് വിലയായ 29,000-30,000 രൂപയില്‍ നിന്ന് 26,000-27,000 രൂപയായി. ചുക്കിനു ഉത്തരേന്ത്യയില്‍ നിന്ന് ഇനിയും ആവശ്യക്കാരില്ല. പല ഭാഗങ്ങളിലും മഴ കിട്ടിയ സാഹചര്യത്തില്‍ വന്‍ ഓര്‍ഡറുകള്‍ എത്തുമെന്ന നിഗമനത്തിലാണ് വ്യാപാരികള്‍. വിവിധയിനം ചുക്കിന് 31,000-32,500 രൂപയാണ് വില.
കേരളത്തിലെ ആഭരണ വിപണികളില്‍ പവന്‍ തുടക്കത്തില്‍ 21,280 രൂപയില്‍ നിന്ന് 21,040 ലേക്കും പിന്നീട് 20,880 ലേക്കും ഇടിഞ്ഞു. ഉപഭോക്താക്കള്‍ കൂടുതല്‍ തളര്‍ച്ച പ്രതീക്ഷിച്ച വേളയിലാണ് മലേഷ്യന്‍ വിമാന ദുരന്ത വാര്‍ത്ത രാജ്യാന്തര വിപണിയില്‍ ചലനം ഉളവാക്കിയത്. ഇതോടെ പവന്‍ 21,160 ലേക്ക് തിരിച്ചു കയറി. ലണ്ടനില്‍ ഓപണിംഗ് വേളയില്‍ ഔണ്‍സിനു 1339 ഡോളറില്‍ നിന്ന് സ്വര്‍ണം 1300 ലെ താങ്ങും തകര്‍ത്ത് 1293 ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം നിരക്ക് 1310 ഡോളറിലാണ്.