Connect with us

Kerala

ആവശ്യത്തിന് ജീവനക്കാരില്ല: കുത്തഴിഞ്ഞ നിലയില്‍ എക്‌സൈസ് വകുപ്പ്

Published

|

Last Updated

exciseകണ്ണൂര്‍: സംസ്ഥാനത്തേക്ക് വ്യാജ മദ്യക്കടത്തിന് വന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുമ്പോഴും ഇത് തടയാന്‍ ചുമതലപ്പെട്ട എക്‌സൈസ് വകുപ്പ് പരാധീനതകളില്‍പ്പെട്ട് ഉഴലുന്നു. സംസ്ഥാനത്തെ എക്‌സൈസ് വകുപ്പില്‍ ജീവനക്കാര്‍ തീര്‍ത്തും കുറവാണെന്ന പതിവ് പരാതിക്ക് പുറമെയാണ് വയര്‍ലെസ് ഉള്‍പ്പെടെയുള്ളവയും പരിശോധനാ ഉപകരണങ്ങളും നല്‍കാതെ ജീവനക്കാരെ അവഗണിക്കുന്നത്. മദ്യ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ഓണാഘോഷവും മറ്റും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിക്കടത്തിന് സാധ്യതയുണ്ടെന്നിരിക്കെയാണ് എക്‌സൈസ് വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും അധികൃതര്‍ കൈക്കൊള്ളാത്തത്.

എക്‌സൈസ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നും കൂടുതല്‍ റേഞ്ച് ഓഫീസുകള്‍ വേണമെന്നുമുള്ള ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്നതാണ്. ഓരോ പോലീസ് സ്റ്റേഷനും സമാന്തരമായി എക്‌സൈസ് ഓഫീസ് വേണമെന്നായിരുന്നു നേരത്തെയുള്ള ആവശ്യം. എന്നാല്‍ ആറോ ഏഴോ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു റേഞ്ച് ഓഫീസ് എന്ന നിലയാണ് ഇപ്പോഴുള്ളത്. ഒരു റേഞ്ചിലെ ജീവനക്കാരുടെ എണ്ണവും വിരലിലെണ്ണാവുന്നവ മാത്രമാണ്. ഇതുകാരണം അന്യസംസ്ഥാനങ്ങളുടെ അതിര്‍ത്തിയുള്‍പ്പെടുന്ന മലയോര പ്രദേശങ്ങളിലടക്കം ഏറെ ജാഗ്രത വേണ്ടിടത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാനാകുന്നുമില്ല. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് മദ്യത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനം, കേസന്വേഷണം, കോടതി ഡ്യൂട്ടി, റെയ്ഡ് എന്നിവക്ക് തന്നെ സമയം തികയാത്ത അവസ്ഥയാണുള്ളത്. സംസ്ഥാനത്ത് 3500 ജീവനക്കാരാണ് ഇപ്പോള്‍ എക്‌സൈസ് വകുപ്പിലുള്ളത്. ഇതിന്റെ ഇരട്ടിയെങ്കിലും സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൂടാതെ കൃത്യമായ സന്ദേശങ്ങളും മറ്റും കൈമാറാന്‍ വയര്‍ലസ് ഉപകരണം പോലും എല്ലാ ജില്ലകളിലും നല്‍കിയിട്ടില്ല. അഞ്ച് തെക്കന്‍ ജില്ലകളില്‍ മാത്രമാണ് അത്യാധുനിക വയര്‍ലെസ് ഉപകരണങ്ങള്‍ നല്‍കിയിട്ടുള്ളത്. ചെക്ക്‌പോസ്റ്റിലുള്‍പ്പെടെ നിയമിക്കപ്പെടുന്ന ഗാര്‍ഡുമാര്‍ക്ക് പരിശോധനാ ഉപകരണങ്ങളോ ആയുധങ്ങളോ നല്‍കാന്‍ നടപടിയില്ലെന്നതും മറ്റൊരു പ്രധാന പരാതിയായി ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തിന്റെ എല്ലാ അതിര്‍ത്തി പ്രദേശത്തും ലഹരിവസ്തുക്കളുടെ കടത്ത് കര്‍ശനമായും തടയുകയെന്ന ഉദ്ദേശ്യത്തോടെ ആധുനിക രീതിയില്‍ ചെക്ക് പോസ്റ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാര്‍ ഇവിടെയുണ്ടെങ്കിലും ഇവര്‍ക്ക് പരിശോധനക്കുള്ള എന്തെങ്കിലും പരിശീലനമോ പരിശോധനാ ഉപകരണങ്ങളോ നല്‍കിയിട്ടില്ല. ചെക്ക് പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടുകഴിഞ്ഞാല്‍ വാഹന പരിശോധനക്കുള്ള നീളമുള്ള കമ്പി ഗാര്‍ഡുമാര്‍ തന്നെയാണ് കണ്ടെത്തേണ്ടത്. അതിര്‍ത്തി കടന്ന് ലോറികളും മറ്റും വരുമ്പോള്‍ പ്രാഥമികമായി ഒന്ന് കുത്തിനോക്കുക മാത്രമാണ് ചെയ്യുക. പച്ചക്കറി പോലുള്ളവയാണ് ലോറിക്കകത്തെങ്കില്‍ പരിശോധനയും നടക്കില്ല. അതുകൊണ്ട് തന്നെ രഹസ്യവിവരം ലഭിക്കുന്ന വാഹനങ്ങള്‍ മാത്രമേ പരിശോധിക്കാറുള്ളൂവെന്ന് ഗാര്‍ഡുമാര്‍ തന്നെ സമ്മതിക്കുന്നു.
കാട്ടിനുള്ളിലെ സ്പിരിറ്റ്, ചാരായ നിര്‍മാണ കേന്ദ്രങ്ങളിലെ റെയ്ഡ് കണ്ടെത്തി തടയാനും എക്‌സൈസ് വിഭാഗത്തിന് വേണ്ടത്ര ശേഷിയില്ല. അഞ്ചോ പത്തോ ഗാര്‍ഡുമാരുള്‍പ്പെട്ട സംഘം ഒരു മുളവടിയുമായാണ് കാട്ടിനുള്ളിലേക്ക് പോകേണ്ടിവരുന്നത്. ഇന്‍സ്‌പെക്ടര്‍ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന് മാത്രമാണ് നിലവില്‍ ആയുധം അനുവദിക്കപ്പെട്ടിട്ടുള്ളത്. ഗാര്‍ഡുമാര്‍ക്ക് കൈവശം വെക്കാന്‍ മുളവടിയോ ലാത്തിയോ വേണമെങ്കില്‍ യൂനിഫോം അലവന്‍സായി ലഭിക്കുന്ന ചെറിയ തുക ഉപയോഗപ്പെടുത്തണം. സംസ്ഥാനത്തെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്ന പങ്കുവഹിക്കുന്ന എക്‌സൈസ് വകുപ്പിലെ ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അനുവദിക്കാത്തത് വ്യാജ മദ്യലോബിക്ക് ഗുണകരമായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Latest