ജനാധിപത്യത്തിന്റെ സംരക്ഷകരോ കശാപ്പുകാരോ

Posted on: July 20, 2014 11:00 am | Last updated: July 20, 2014 at 11:00 am

ജനാധിപത്യത്തിന്റെ മഹത്വവും, ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമ നിര്‍മാണ സഭകളുടെ പവിത്രതയും വാഴ്ത്തപ്പെടുന്നവരാണ് നാം ഇന്ത്യക്കാര്‍. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നനിലയില്‍ നാം അഭിമാനം കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ ജനാധിപത്യത്തിന് തീരാക്കളങ്കം ചാര്‍ത്തും വിധമാണ് ജനാധിപത്യത്തിലൂടെ അധികാര സോപാനങ്ങളില്‍ വാഴുന്നവരില്‍ ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ അങ്ങിനെ ചിന്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും നിയമസഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമായിരുന്നു. അതിനിടയില്‍ 70ല്‍ 28 സീറ്റുകള്‍മാത്രം നേടിയ ആം ആദ്മി പാര്‍ട്ടി, എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ സോപാധിക പിന്തുണയോടെസര്‍ക്കാര്‍ രൂപവത്കരിച്ചുവെങ്കിലും അതിന്റെ ആയുസ് 49 ദിവസം മാത്രമായിരുന്നു. 31 അംഗങ്ങളുള്ള ബി ജെ പി മന്ത്രിസഭയുണ്ടാക്കാന്‍ രംഗത്ത് വന്നതേയില്ല. തുടര്‍ന്ന് നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അതിന്റെ ആറ് മാസ കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രമേയുള്ളു. രാഷ്ട്രപതി ഭരണം ഒഴിവാക്കണമെങ്കില്‍ ഡല്‍ഹിയില്‍ ഒരു സര്‍ക്കാറുണ്ടാകണം. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ആറ് മാസം കൂടി നീട്ടണം. അത്കഴിഞ്ഞാലും തിരഞ്ഞെടുപ്പ് അനിവാര്യമാകുമെന്നതിനാല്‍ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന നിലപാടിലാണ് ബി ജെ പി. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ എം എല്‍ എമാരെ കൂടെ കൂട്ടണം. അതിനുള്ള ഉപജാപങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ ആവശ്യമായ അംഗബലമുണ്ടാക്കാന്‍ സന്നദ്ധരാകുന്ന ഓരോ എം എല്‍ എക്കും 20 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് വിവരം. അതും പോരെങ്കില്‍ രണ്ട് മന്ത്രിസ്ഥാനവും, നാല് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും!!. നോക്കണേ, ഒരു ‘ജനാധിപത്യ’ സര്‍ക്കാറിനെ വാഴിക്കാനുള്ള ലേലം വിളി.
ജനാധിപത്യത്തെ അപഹസിക്കുന്ന മറ്റൊരു വര്‍ത്തമാനം കര്‍ണാടകയില്‍ നിന്നാണ്. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എം എല്‍ എമാരാണ് എം എല്‍ സിമാരെ തിരഞ്ഞെടുക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പോ, ലോക്‌സഭാ തിരഞ്ഞെടുപ്പോ പോലെ സമ്മതിദായകരെ നേരില്‍ കാണുകയോ, ഊര് ചുറ്റുകയോ ഒന്നും വേണ്ട. വേണ്ടവിധം പാര്‍ട്ടി നേതൃത്വത്തെയും എം എല്‍ എമാരെയും കണ്ടാല്‍ മതി. പക്ഷെ ഇതിനുമുണ്ട് ചില ഉപാധികളെന്ന് കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രികൂടിയായ ജനതാദള്‍- എസ് നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞതായാണ് ആരോപണം. ഒരു എം എല്‍ എക്ക് ഒരു കോടി രൂപ നല്‍കണം!. പാര്‍ട്ടി എം എല്‍ എമാര്‍ക്കെല്ലാം കൂടി 40കോടി!!. പക്ഷെ ഇത് 25 കോടിയില്‍ ഒതുക്കാമെന്ന ഓഫറുമുണ്ട.് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ വലിയ ചെലവുണ്ട്. കോടികള്‍ തന്നെ കടബാധ്യതയായി മാറും. ഈ കടം വീട്ടാന്‍ എം എല്‍ സിമോഹികള്‍ പണച്ചാക്ക് തുറന്നേ മതിയാവു. കുമാര സ്വാമി ഇക്കാര്യത്തില്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ സി ഡി ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. ഏതായാലും കുമാരസ്വാമിയും ജനതാദള്‍ എസിന്റെ 39 എം എല്‍ എമാരും വിവാദക്കുരുക്കിലായിരിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി ജെ പി ജയിച്ചെങ്കിലും ഉടനെ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ എത്രപേര്‍ ജയിച്ച് കയറുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് നിശ്ചയമില്ല. ‘വരാനുള്ള നല്ല നാളേക്ക്’ വേണ്ടി കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ‘പദ്ധതികള്‍’ കൂടിയാകുമ്പോള്‍ ആര്‍ക്കും ഒന്നും പ്രവചിക്കാനാവില്ല. ഇന്ധന വില വര്‍ധന, ഉള്ളി ഉരുളക്കിഴങ്ങുകളുടെ തീവില തുടങ്ങിയവയെല്ലാം തിരിച്ചടി സമ്മാനിക്കുമെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പോലും അറിയാം. തമ്മില്‍ ഭേദം മന്ത്രിസഭയുണ്ടാക്കല്‍ തന്നെ!. ആം ആദ്മിയിലേയും, കോണ്‍ഗ്രസിലേയും ഏതാനും എം എല്‍ എമാരെ കൂടെ നിര്‍ത്തണം. അതിന് ചെലവുണ്ടെങ്കിലും ഒരു തിരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടത്ര വേണ്ടിവരില്ല. ആാം ആദ്മി പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് ഒരു എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബി ജെ പിയുടെ എം എല്‍ എമാരായിരുന്ന ഡോ: ഹര്‍ഷ വര്‍ധന്‍, രമേഷ് ബിധൂരി, പ്രവേഷ് വര്‍മ എന്നിവര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിയമസഭയുടെ ഇപ്പോഴത്തെ അംഗബലം 67 മാത്രമാണ്. അതോടെ കേവല ഭൂരിപക്ഷത്തിന് 34 എം എല്‍ എമാര്‍ മതി, അതായത് ബി ജെ പിക്ക് മൂന്ന് അംഗങ്ങളുടെ കുറവ്. ഈ പ്രക്രിയയില്‍ കൂറുമാറ്റ നിരോധന നിയമം തടസമാകാതിരിക്കാനുള്ള തന്ത്രങ്ങള്‍ മൂശയിലാണ്. ജനാധിപത്യത്തിന്റെ വക്താക്കള്‍ കശാപ്പുകാരാകുമോ. കാത്തിരുന്ന് കാണാം.