ഈ മഴക്കാലത്ത് അല്‍പ്പം ശ്രദ്ധ

Posted on: July 20, 2014 10:59 am | Last updated: July 20, 2014 at 10:59 am

rain.....ചാലക്കുടിപ്പുഴയാറിന്റെ ദേശീയ പാത 47ലെ ചാലക്കുടി പാലത്തിനടുത്തും പെരിയാറിന്റെ ദേശം പാലത്തിനരികിലും സെപ്‌ററിക് ടാങ്ക് മാലിന്യം ശേഖരിക്കുവാനുള്ള നാലുചക്ര മോട്ടോര്‍ സൈക്കിള്‍ വണ്ടികള്‍ , ടാങ്കുകളും മോട്ടോറും സഹിതം നിരയായി കിടക്കുന്നത് പതിവു കാഴ്ചയാണ്. വഴിവക്കിലെ ചാലുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നത് സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് കാരണമാകുകയാണ്. കേരളം പനിപിടിച്ച അവസ്ഥയിലാണിന്ന്. വിവിധയിനം മഴക്കാല രോഗങ്ങളാല്‍ സംസ്ഥാനത്തെ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ് . രോഗാണുക്കളില്ലാത്ത കുടിവെള്ളം സംസ്ഥാനത്ത് ലഭിക്കുന്നത് വിരളമായിരിക്കുന്നു. സംസഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഖരമാലിന്യങ്ങളും ദ്രവ മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതും ചീഞ്ഞു നാറുന്നതും പതിവായിരിക്കുന്നു. രാത്രിയും പകലും എലികളും പാറ്റകളും മറ്റ് ക്ഷുദ്രജീവികളും യഥേഷ്ടം വിലസുന്ന തെരുവീഥികളായി സംസ്ഥാനം മാറിയിരിക്കുന്നു. ഈച്ചയും കൊതുകും രോഗകാരികളായ സൂക്ഷ്മാണുക്കളെയും വഹിച്ചു കൊണ്ട് നമ്മുടെ അന്തരീക്ഷം വിഷലിപ്തമാക്കിയിരിക്കുന്നു.
ലോകത്തിന് മാതൃകയായിരുന്ന കേരളാ മോഡല്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. എവിടെയും രോഗതുരമായ അന്തരീക്ഷം. മഴ തുടങ്ങിയാല്‍ കക്കൂസുകളും കിണറുകളും വെള്ളം നിറഞ്ഞ് ഒന്നാകുന്ന അവസ്ഥ എവിടെയും കാണാം. ഇന്ത്യയില്‍ എലിപ്പനി കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ച്ചയായി കണ്ടുവരുന്ന ഏക സംസ്ഥാനം കേരളമാണെന്ന വസ്തുത നാം കണ്ടില്ലെന്ന് നടിക്കരുത്. പ്ലേഗ് വന്നതോടെ സൂറത്ത് നഗരവും വൃത്തിയും വെടിപ്പുമുള്ളതായി. എന്നാല്‍ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കാനകളില്‍ മഴക്കാലമത്രയും അഴുക്ക് വെള്ളം കെട്ടിക്കിടന്ന് രോഗാണുകകളുടെ പെരുകലിന് ഇടം നല്‍കുകയാണ്. ഖരമാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശതകോടി രൂപയാണ് ചെലവഴിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും നമ്മുടെ വൃത്തിഹീനമായ ചുറ്റുപാടുകള്‍ക്കും ദുര്‍ഗന്ധം വമിക്കുന്ന തെരുവുകള്‍ക്കും ഒരു മാറ്റവും സംഭവിക്കുന്നില്ല. ഇ കോളി ബാക്ടീരിയ സംസ്ഥാനത്താകെ കിണറുകളില്‍ പെരുകുകയാണ്. അതിനര്‍ഥം കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം പല വഴിക്കും കയറുന്നു എന്നുതന്നെയാണ് കരുതേണ്ടത്. മഴക്കാലങ്ങളില്‍ ഡെങ്കിപ്പനി, ടൈഫോയ്ഡ്, എലിപ്പനി, ഭക്ഷ്യവിഷബാധ, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. വൃക്ക, ലിവര്‍, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്നു എന്നതാണ് ലെപ്‌റ്റോസ്‌പൈറോസിസ് കൊണ്ടുള്ള അപകടം. ഛര്‍ദിയും അതിസാരവും മറ്റു രോഗങ്ങളും വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. റോഡരികിലെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളും വെള്ളവും ശുദ്ധമാകണമെന്നില്ല. കുടിക്കാന്‍ ലഭിക്കുന്ന ജലം തിളിപ്പിച്ച് ആറ്റിയതാകണമെന്നില്ല. കൊതുക് പരത്തുന്ന മലേറിയയും അഴുക്കുള്ള ജലം കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ടൈഫോയിഡും കോളറയും പുറമെ നിന്ന് ഭക്ഷിക്കുന്നത് മൂലം ഉണ്ടാകുന്ന മാരകരോഗങ്ങളാണ്. സുനാമി ഇറച്ചിയില്‍ ബാക്ടീരിയ വൈറസ്, ഫംഗസ് തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന സൂഷ്മാണുക്കള്‍ നിറഞ്ഞതാണ്. പഴകിയ ഇറച്ചിയിലൂടെ മനുഷ്യശരീരത്തിലെത്തുന്ന സൂക്ഷ്മാണുക്കളുടെ സ്‌പോറുകളും ഭാഗങ്ങളും ഏത് അവസ്ഥയിലും ജീവിക്കുന്നവയാണ്. ഹെപ്പാറ്റൈറ്റിസ് എ എന്ന രോഗം ഈച്ചകളാണ് പരത്തുന്നത്. തുറന്നുവെക്കുന്ന ആഹാരപദാര്‍ഥങ്ങളിലുടെയും പഞ്ചസാരയിലൂടെയും ഈ രോഗം വഴിവക്കിലെ ഭക്ഷണശാലകള്‍ വഴി നമുക്ക് ലഭിക്കാവുന്നതാണ്. ഇതുകൂടാതെ വിലക്കുറവില്‍ ഭക്ഷണം നല്‍കാനായി വില കുറഞ്ഞ അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍, എണ്ണകള്‍ എന്നിവ വാങ്ങിക്കൂട്ടുന്ന വഴിവക്കിലെ ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും നിലവാരം വളരെ കുറവായിരിക്കും.
കേരളത്തില്‍ വിതരണം ചെയ്യുന്ന 70 ശതമാനം പാലും പാലുത്പന്നങ്ങളും നിലവാരം കുറഞ്ഞതാണെന്ന് ആരോഗ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പാലില്‍ യൂറിയ, സ്റ്റാര്‍ച്ച്, ഗ്ലൂക്കോസ്, ഫോര്‍മാലിന്‍ എന്നിവ പാല്‍ കട്ടി കൂട്ടുവാന്‍ ചേര്‍ക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മഴക്കാലങ്ങളില്‍ പാല്‍ ലഭ്യത കുറയുമ്പോള്‍ മനുഷ്യനിര്‍മിത പാല്‍ വിപണിയിലിറങ്ങുന്നത് സര്‍വസാധാരണമാണ്. ഇത് രോഗം പരത്താന്‍ സാധ്യത ഏറെയാണ്. കുരുമുളക് പൊടിയില്‍ നിറം ചേര്‍ത്ത ചുവന്ന ലെഡ്, അച്ചാറുകളില്‍ ചെമ്പ് ലവണങ്ങള്‍, ചൊറുക്കയില്‍ സര്‍ഫ്യൂറിക് ആസിഡ്, ബേക്കറി പലഹാരങ്ങളില്‍ വെര്‍മലിയോണ്‍, കോപ്പര്‍ അസെറ്റേറ്റ്, ചുവന്ന ലെഡ്, കോപ്പര്‍ ആര്‍സിനേറ്റ്, കസ്റ്റാഡ് പൊടിയില്‍ ലെഡ് ക്രോമേറ്റ്, കാപ്പിപ്പൊടിയില്‍ കരിച്ച പഞ്ചസാരയും ചിക്കറിയും, ചായപ്പൊടിയില്‍ ഉണക്കിപ്പൊടിച്ച മറ്റിലകളും ചേര്‍ക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വയറിന് ദോഷം വരുത്തുന്ന ഇത്തരം മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ പുറമെ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെത്താന്‍ ഏറെ സാധ്യതയുണ്ട്. മഴക്കാലത്ത് രോഗം പിടിപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാലാണ് പുറമെ നിന്നുള്ള ഭക്ഷണം ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. മഴക്കാലത്ത് സന്ധ്യാസമയത്തെ കൊതുകുകടി കൊള്ളുന്നത് ഒഴിവാക്കുക, മഴ നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചൂടുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ആസ്മയും പ്രമേഹവും ഉള്ളവരാണെങ്കില്‍ മഴക്കാലങ്ങളില്‍ ചൂടുള്ള മുറികളില്‍ കഴിയാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും നനഞ്ഞ ഭിത്തിയും നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കാനിട്ടതുമായ മുറികളില്‍ ഉറങ്ങരുത്. ഇത് രോഗകാരികളായ പൂപ്പലുകളുടെ വളര്‍ച്ചക്ക് കാരണമാകും. ഇത് രോഗം കൂടുവാന്‍ ഇട വരുത്തും. ഇതിനകം തന്നെ കേരളത്തിലെ ആശുപത്രികളില്‍ ആയിരക്കണക്കിനു രോഗികള്‍ മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സ തേടി വരുന്നുണ്ട്. അതില്‍ ചിക്കുന്‍ ഗുനിയയും മഞ്ഞിപ്പിത്തവും വയറിളക്കവും വയറുവേദനയും പിടിപെട്ടവരാണ് അധികവുമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ രോഗങ്ങളെല്ലാം ഭക്ഷണവും വെള്ളവുമായി ബന്ധപ്പെട്ടതാണെന്നതാണ് സത്യം. ഇതില്‍ ചുവന്ന കണ്ണും വയറുവേദനയും വയറിളക്കവും മഞ്ഞപ്പിത്തവും ഒരുമിച്ചുവരുന്ന ബാക്ടീരിയ പരത്തുന്ന ലപ്‌റ്റോ സ്‌പൈറോസിസും ഉണ്ടെന്നത് കേരളീയരുടെ ഭക്ഷണ സ്വഭാവത്തിലുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. മിക്കവാറും പുറമെ നിന്നുള്ള ഭക്ഷണമാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിയമവിരുദ്ധമായും നിലവാരമില്ലാതെയും അനധികൃതമായും നടത്തുന്ന വഴിയോരങ്ങളിലെ ഭക്ഷണക്കടകള്‍ ഏറെ ആരോഗ്യഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഇനിയും മലയാളിക്ക് ഉണ്ടായിട്ടില്ല. ജീവനക്കാരുടെ ശീലങ്ങളും സ്വഭാവങ്ങളും ഹോട്ടല്‍ ഭക്ഷണത്തെ നിര്‍ണയിക്കുന്നുണ്ട്.
മുഷിഞ്ഞ വസ്ത്രങ്ങളും ദുശ്ശീലങ്ങളും ശാരീരിക അസുഖങ്ങളും സ്വകാര്യ ജീവിതത്തിലെ വൃത്തിയില്ലായ്മയും അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടത്രെ. അവരുടെ പുകവലി, മദ്യപാനം ലഹരി ഉപയോഗം എന്നിവ ഭക്ഷ്യവസ്തുക്കളിലൂടെ മാരക രോഗങ്ങള്‍ പടരുവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മഴക്കാലങ്ങലില്‍ ശുദ്ധമായ വെള്ളവും ഭക്ഷണവും കഴിക്കുകയെന്നതാണ് രോഗങ്ങളെ അകറ്റാനുള്ള ഒറ്റമൂലി. കേട് വന്ന പാല്‍, മുട്ട, മത്സ്യം , ഇറച്ചി, (സുനാമി കോഴിയിറച്ചി), പാനീയങ്ങള്‍, ഭക്ഷണ വസ്തുക്കള്‍ എന്നിവയെല്ലാം മഴക്കാല രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ടോയ്‌ലറ്റുകള്‍ വൃത്തിഹീനമായി ഉപയോഗിക്കുന്നതും വഴിവക്കിലെ പാനീയങ്ങള്‍ കഴിക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പ്രവൃത്തിക്കുന്ന തട്ടുകടകളില്‍ നിന്നുള്ള ഭക്ഷണവും മഴക്കാല രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. മഴക്ക് മുമ്പ് ചെയ്തുതീര്‍ക്കേണ്ട ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വന്ന പിഴവുകളും സംസ്ഥാനത്തിന്റെ രോഗാതുരമായ അവസ്ഥക്ക് പിന്നിലുണ്ട്. ഒരു രാജ്യത്തിന്റെ വളര്‍ച്ച അതിലെ ആളുകളുടെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത്.