Connect with us

Wayanad

കെട്ടിട നിര്‍മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി ജില്ലാ വികസന സമിതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ കല്ല്, മണല്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം കാരണം സര്‍ക്കാര്‍ പദ്ധതികളുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ മുടങ്ങുന്ന സാഹചര്യം പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും പ്രത്യേക യോഗം വിളിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ അദ്ധ്യക്ഷനായിരുന്നു.
അടുത്തിടെയുണ്ടായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിലും മണല്‍ വാരുന്നതിലും ഉണ്ടാക്കിയ പ്രതിസന്ധി സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാനും ജിയോളജി വകുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരടങ്ങുന്നവരുടെ യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നത്തിന് പ്രായോഗികമായ പരിഹാരമുണ്ടാക്കാനും പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി പോലീസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെ ഏകോപിത മാര്‍ഗ്ഗരേഖയുണ്ടാക്കാനും യോഗത്തില്‍ ധാരണയായി.
പാവപ്പെട്ടവര്‍ വീടുണ്ടാക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നത് പോലുള്ള നിസ്സാരപ്രശ്‌നങ്ങളില്‍ നടപടി കൈക്കൊള്ളുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വിവേചനബുദ്ധി പുലര്‍ത്തണമെന്നും നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും മറ്റുമായി സാധാരണക്കാര്‍ നല്‍കുന്ന അപേക്ഷകളില്‍ ആവശ്യമായ അനുമതി നല്‍കുന്നതിന് അധികൃതര്‍ ഒട്ടും കാലതാമസം വരുത്തരുതെന്നും യോഗം ഏകകണ്‌ഠേന ആവശ്യപ്പെട്ടു.
കബനി നദിയിലെ കേരളത്തിനവകാശപ്പെട്ട 15 ടി.എം.സി. ജലം ഉപയോഗപ്പെടുത്താനായി നിലവില്‍ തയ്യാറാക്കിയ വന്‍കിട പദ്ധതികള്‍ക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെയും പ്രാദേശിക കര്‍ഷക പ്രതിനിധികളുടെയും പ്രാതിനിധ്യത്തോടെ നിരവധി ചെറുകിട ജലസംഭരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് യോഗത്തില്‍ എം.പി.യുടെ പ്രതിനിധിയായി സംസാരിച്ച ജില്ലാ പഞ്ചായത്തംഗം കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു. വന്‍കിട പദ്ധതികള്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കകളാണുണ്ടാക്കുന്നത്. കാരാപ്പുഴ പദ്ധതി പോലുള്ള ഉദാഹരണങ്ങളാണവര്‍ക്ക് മുമ്പിലുള്ളത്.
ജില്ലയില്‍ നിരന്തരം രൂക്ഷമായ വരള്‍ച്ച ഉണ്ടാവുന്ന സാഹചര്യത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാത്ത – രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് തീര്‍ക്കാവുന്ന മൈക്രോ പദ്ധതികള്‍ നടപ്പാക്കി വരള്‍ച്ചാ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഡി.പി.സി. യോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുദ്യോഗസ്ഥരുടെ ഏകോപനയോഗം അടിയന്തിരമായി വിളിച്ചുകൂട്ടാനും യോഗം തീരുമാനിച്ചു.
വയനാട് പോലുള്ള ജില്ലകളിലെ അങ്കണ്‍വാടികളില്‍ പ്രാദേശിക ഇഷ്ട്ടപ്രകാരമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിന് നടപടിയുണ്ടാകണമെന്ന് യോഗത്തില്‍ സംസാരിച്ച ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. നിലവില്‍ വടക്കെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ഒരുപോലുള്ള ഭക്ഷ്യധാന്യങ്ങള്‍ അംഗനവാടികള്‍ക്ക് നല്‍കുന്ന സാഹചര്യമാണുള്ളത്. പോഷകാഹാരക്കുറവിന് കാരണമാകുന്ന ഈ സ്ഥിതി മാറണം. അതുപോലെ കെട്ടിടമില്ലാത്ത അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനും നടപടി വേണം. കെട്ടിടമില്ലാത്ത അംഗനവാടികളുടെ വിശദാംശങ്ങള്‍ ജില്ലാ ഐ.സി.ഡി.എസ്. ഓഫീസര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട പഞ്ചായത്തുകളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എം എല്‍ എ പറഞ്ഞു.
അങ്കണ്‍വാടികളിലെ പോഷകാഹാര പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടി മാതൃകയില്‍ ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി കെ ജയലക്ഷ്മി വ്യക്തമാക്കി.
അടുത്തിടെയുണ്ടായ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്ക് മാനദണ്ഡങ്ങള്‍ ഉപാദിയാക്കാതെ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന നടപടി സ്വീകരിക്കാന്‍ യോഗം ലീഡ്ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ് റോഡിന്റെ അലൈന്‍മെന്റും എസ്റ്റിമേറ്റും രണ്ട് മാസത്തിനകം തയ്യാറാവുമെന്ന് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ചെതലയത്ത് കുഴല്‍കിണര്‍ കുഴിച്ച സ്ഥലത്തിന് സ്വകാര്യ വ്യക്തി അവകാശമുന്നയിച്ച പ്രശ്‌നം പഠിക്കാന്‍ പ്രത്യേക യോഗം വിളിക്കും. ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായുള്ള കുടിശ്ശികകള്‍ കൊടുത്ത് തീര്‍ക്കാനും അടിയന്തിര നടപടി ഉണ്ടാവും. എം.എല്‍.എ. ഐ.സി. ബാലകൃഷ്ണനാണ് യോഗത്തില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ചത്.
പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അസ്മത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിക്കായി ജില്ലയ്ക്ക് അനുവദിക്കുന്ന തുക ഗണ്യമായി വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ, എ.ഡി.എം. എന്‍.ടി. മാത്യു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വെള്ളൂരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

Latest