പകര്‍ച്ചവ്യാധി പ്രതിരോധം: 178 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Posted on: July 19, 2014 10:13 am | Last updated: July 19, 2014 at 10:13 am

മലപ്പുറം: ‘സേഫ് കേരള’ ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഭക്ഷണശാലകളും പാചക വിതരണ കേന്ദ്രങ്ങളും പരിശോധിച്ചു.
ഹോട്ടല്‍, റസ്റ്റാറന്റ്, കൂള്‍ബാര്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍ ഐസ് ഫാക്ടറികള്‍, സോഡാ നിര്‍മാണ യൂനിറ്റുകള്‍, ഭക്ഷണ പാചക – വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 178 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 25,565 രൂപ പിഴ ചുമത്തി. 89 ഹോട്ടലുകള്‍, 30 കൂള്‍ബാര്‍, 35 ബേക്കറി, രണ്ട് സോഡാ നിര്‍മാണ കേന്ദ്രം, 20 താത്കാലിക ഭക്ഷ്യ കേന്ദ്രങ്ങള്‍, ഒരു കാറ്ററിംഗ് സെന്റര്‍, ഒരു ഐസ് ഫാക്ടറി എന്നിങ്ങനെയാണ് നോട്ടീസ് നല്‍കിയത്.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്ത 64 സ്ഥാപനങ്ങള്‍ക്കും മലിനജലം പൊതുസ്ഥലത്തേയ്ക്ക് ഒഴുക്കിയ 33 സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്‌കരണ പ്ലാന്റില്ലാത്ത് 43 സ്ഥാപനങ്ങള്‍ക്കും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യമുള്ള 36 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. 67 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സില്ലാത്തതിനാല്‍ നടപടിയെടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. പ്രാഥമിക – സാമൂഹികാരോഗ്യകേന്ദ്രതലത്തില്‍ അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും ഇവയുടെ പരിധിയില്‍ വരാത്ത നഗരപ്രദേശങ്ങളില്‍ ഡെപ്യൂട്ടി. ഡി എം ഒ മാരുടെ നേതൃത്വത്തിലുമാണ് പരിശോധന നടത്തിയത്.