Connect with us

Malappuram

പ്രാര്‍ഥനാ സമ്മേളനം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Published

|

Last Updated

മലപ്പുറം: രാജ്യത്തെ ഏറ്റവുമധികം വിശ്വാസികളുടെ പങ്കാളിത്തമുള്ള സ്വലാത്ത് നഗര്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
ജന ലക്ഷങ്ങള്‍ക്ക് സംബന്ധിക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സ്വലാത്ത് നഗറിലെ വിവിധ വേദികളില്‍ നടന്നുവരുന്നു. കാലവര്‍ഷം കണക്കിലെടുത്ത് വിശാലമായ പന്തല്‍ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏകദേശം പൂര്‍ത്തീകരിച്ചു. മെയിന്‍ കവാടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു. റമസാന്‍ അവസാന പത്തില്‍ ഇഅ്തികാഫിനെത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യത്തിന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ വിവിധ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇന്ന് മുതല്‍ മൂന്ന് ദിവസം തറാവീഹിന് ശേഷം പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശാഫി സഖാഫി മുണ്ടമ്പ്രയുടെ പ്രഭാഷണം മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കും. തുടര്‍ന്ന് വി പി എ തങ്ങള്‍ ആട്ടീരി പ്രഭാഷണം നടത്തും.
നാളെ മുതല്‍ വിവിധ മഹല്ലുകളില്‍ സിയാറത്ത് യാത്ര സംഘടിപ്പിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കും.
നാളെ ഉച്ചക്ക് ഒന്നിന് സോഷ്യല്‍ മീഡിയ സമ്മിറ്റ് പ്രോഗ്രാം സംഘടിപ്പിക്കും. ഫേസ് ബുക്ക്, ട്വിറ്റര്‍, സ്‌കൈപ്, വാട്ട്‌സ്അപ്പ് എന്നീ മേഖലകളില്‍ ഇടപെടുന്നവര്‍ സംബന്ധിക്കും.
ഇസ്‌ലാമിക പ്രബോധന രംഗത്തെ സാധ്യതകളെ കുറിച്ച് ഡോക്യുമെന്‍ഡറി പ്രദര്‍ശനവും നടക്കും. എ കെ അബ്ദുല്‍ മജീദ്, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, നുഐമാന്‍, അബ്ദുല്ലത്വീഫ് പൂവത്തിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഈമാസം 24ന് രാവിലെ ഹദീസ് പഠനത്തിന് അബ്ദുസലാം ബാഖവി പൊടിയാട് നേതൃത്വം നല്‍കും. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ് നടക്കും. സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി കടലുണ്ടി പ്രാര്‍ഥന നടത്തും. ളുഹ്ര്‍ നിസ്‌കാര ശേഷം നടക്കുന്ന ബദ്ര്‍ മൗലിദ് സദസ്സിന് പ്രമുഖ സാദാത്തുക്കള്‍ നേതൃത്വം നല്‍കും. പ്രാര്‍ഥനാ സമ്മേളന ദിവസം സ്വലാത്ത് നഗറില്‍ നടക്കുന്ന ഇഫ്ത്വാര്‍ സംഗമം ഇസ്‌ലാമിന്റെ സമഭാവനയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രായോഗിക തലത്തില്‍ അനുഭവിച്ചറിയുന്ന അപൂര്‍വതയാണ് സമ്മാനിക്കുക. ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നും വിശ്വാസികള്‍ കൊണ്ട് വരുന്ന വിഭവങ്ങളാണ് പ്രസ്തുത ഇഫ്ത്വാര്‍ സംഗമത്തില്‍ ഒരുക്കുക. രാജ്യത്ത് തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്.
രാത്രി ഒന്‍പതുമണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. സ്വലാത്ത്, പാപമോചന പ്രാര്‍ഥന, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.
ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിന്ു വിശ്വാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്.
അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ് എന്നിവ നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും.

Latest