Connect with us

National

ഹാഫിസ് സഈദിനെതിരെ തെളിവില്ലെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സഈദിനെതിരെ നിലവില്‍ ഒരു തെളിവും ഇല്ലെന്നും ഇയാള്‍ക്കെതിരെ എന്തെങ്കിലും നിയമ നടപടി എടുത്തതായി വിവരങ്ങളില്ലെന്നും പാക് ദൗത്യസംഘം ഡല്‍ഹിയില്‍ അവകാശപ്പെട്ടു. സംഘ്പരിവാര്‍ സഹയാത്രികനും ബാബാ രാംദേവിന്റെ അടുപ്പക്കാരനുമായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വേദ് പ്രതാപ് വൈദികുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദം നിലനില്‍ക്കെയാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന്റെ പ്രസ്താവന. ഡല്‍ഹി പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരും തമ്മില്‍ നടന്നത് രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയാണ്. പാക്കിസ്ഥാന്‍ സര്‍ക്കാറിന് ഇത് സംബന്ധിച്ച് അറിവുകളൊന്നുമില്ലെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു. അതേസമയം, പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ഉണ്ടായിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, സര്‍ക്കാറിന് ഇത് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്ന് ആവര്‍ത്തിക്കുക മാത്രമായിരുന്നു ബാസിത്. ഹാഫിസ് സഈദിനെ ജയിലില്‍ അടക്കണമെങ്കില്‍ അയാള്‍ക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണ്. അത്തരത്തില്‍ ഒന്നും തന്നെ സര്‍ക്കാര്‍വശം ഇല്ലാത്തതു കൊണ്ട് സഈദിനെ ജയിലിലടക്കുക സാധ്യമല്ല. വൈദികിന് ആവശ്യപ്പെട്ടാല്‍ പാക്കിസ്ഥാന്‍ ഇനിയും വിസ നല്‍കും. ഇതിന് മുമ്പ് അദ്ദേഹം രാജ്യം സന്ദര്‍ശിച്ചത് മുഴുവന്‍ യാത്രാ രേഖകളും ഉപയോഗിച്ചു തന്നെയാണ്. അവിടെ നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റ് പ്രതിനിധികള്‍ക്കൊപ്പമാണ് വൈദിക്കും എത്തിയതെന്നും പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു.
ഇതിനു മുമ്പും വൈദിക്കും ഹാഫിസും കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന് ചോദച്ചപ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു ബാസിതിന്റെ പ്രതികരണം. ഇന്ത്യക്കെതിരെ ഹാഫിസ് നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അയാള്‍ രാഷ്ട്രീയക്കാരനോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയോ അല്ലെന്നാണ് ബാസിത് പറഞ്ഞത്.
രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ രാജ്യം വിടാന്‍ നിര്‍ദേശിച്ച പാക് സര്‍ക്കാര്‍ എന്തുകൊണ്ട വൈദിക്കിന്റെ കാര്യത്തില്‍ ഉദാര സമീപനം പുലര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പാക്ക് ഹൈക്കമ്മീഷണറോട് ആരാഞ്ഞു. തങ്ങള്‍ ആരെയും പുറത്താക്കിയിട്ടില്ലെന്നും അവര്‍ക്ക് രാജ്യത്ത് തുടരാം എന്നുമായിരുന്നു ഇതിനോട് ഹൈക്കമ്മീഷണറുടെ പ്രതികരണം.
ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദുമായി ബി ജെ പി അനുഭാവി കൂടിയായ മാധ്യമ പ്രവര്‍ത്തകന്‍ വൈദിക് കൂടിക്കാഴ്ച നടത്തിയത് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം സംബന്ധിച്ച് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഈ കൂടിക്കാഴ്ച സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2008 ലെ മുംബൈ ആക്രമണക്കേസിലെ മുഖ്യ ആസൂത്രകനായാണ് സഈദ് ഹാഫിസിനെ കണക്കാക്കുന്നത്. അമേരിക്ക ഇയാളുടെ തലക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.