Connect with us

Ongoing News

നൂറിലധികം മോഷണം നടത്തിയയാള്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: വീടുകളിലും ക്ഷേത്രങ്ങളിലുമായി നൂറിലധികം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോട്ടയം മീനച്ചില്‍ പൂവരണി കൊല്ലക്കാട്ടില്‍ ജോസഫിന്റെ മകന്‍ പൂവരണി ജോയ് എന്ന ജോയ്(48)യെയാണ് ടെമ്പിള്‍ ആന്റി തെഫ്റ്റ് വിഭാഗം പോലീസ് സൂപ്രണ്ട് ആര്‍ കെ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. തൃശൂര്‍ ശക്തന്‍സ്റ്റാന്റ് പരിസരത്ത് നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് മാസം മുമ്പ് ഇതേ സംഘം തൃശൂര്‍ ജെ എഫ് സി എം കോടതിയുടെ വാറന്റ് പ്രകാരം പിടികൂടിയിരുന്നെങ്കിലും അസുഖം അഭിനയിച്ച് ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. നിരവധി മോഷണക്കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ട് വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പത്തനം തിട്ടയിലെ അഭിഭാഷകന്റെ വീട്ടില്‍ നിന്ന് 95 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പിടിയിലായിരുന്നു. 2013 നവംബറില്‍ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് കൂട്ടുപ്രതികളും ചേര്‍ന്ന് തൃശൂര്‍, പാലക്കാട്ട്, കൊല്ലം, കോഴിക്കോട്, തുടങ്ങിയ ജില്ലകളിലായി ഇരുപത്തിനാല് മോഷണങ്ങള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പീരുമേട്ട് പാമ്പനാര്‍ ക്ഷേത്രത്തിലെ മോഷണം, അയര്‍ക്കുന്നം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മുവ്വാറ്റുപുഴ മേക്കടമ്പ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും വിഗ്രഹമോഷണം, കോന്നി ദേവീക്ഷേത്രത്തില്‍നിന്നും മാലമോഷണം, രാമപുരം ഐക്കൊമ്പ് ശ്രീഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയ കേസ്സുകളില്‍ 17 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂട്ടുപ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

 

Latest