Connect with us

Gulf

അല്‍ ജലീല ആശുപത്രി വര്‍ഷാവസാനം തുറക്കും

Published

|

Last Updated

ദുബൈ: അല്‍ ജലീല ആശുപത്രിയുടെ 90 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായും ഈ വര്‍ഷാവസാനത്തോടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നും ദുബൈ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഈസ അല്‍ മൈദൂര്‍.

ബാക്കിവന്ന ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 70 കോടി ദിര്‍ഹമാണ് നിര്‍മാണച്ചെലവ്. മേഖലയിലെ തന്നെ ആദ്യത്തെ സ്മാര്‍ട് ആശുപത്രിയായിരിക്കും അല്‍ ജലീല. നവജാത ശിശുക്കള്‍ മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയുടെ സവിശേഷത.
രാജ്യത്തും മേഖലയിലുമുള്ള കുട്ടികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിചരണം ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയെന്ന, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ താത്പര്യമാണ് അല്‍ ജലീല ആശുപത്രി നിര്‍മിക്കുന്നതിന് പിന്നില്‍.
കുട്ടികളുടെ ചികിത്സാ രംഗത്ത് ലഭ്യമായ അതിനൂതന ഉപകരണങ്ങളും സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാക്കും. പൂര്‍ണമായും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെന്നതിനാല്‍ മേഖലയിലെ ആദ്യത്തെ സ്മാര്‍ട് ഹോസ്പിറ്റലായിരിക്കും അല്‍ ജലീലയെന്നും ഈസാ അല്‍ മൈദൂര്‍ വ്യക്താക്കി.
സമഗ്രവും വിപുലവുമായ പദ്ധതികളാണ് ദുബൈയില്‍ ആരോഗ്യ രംഗത്ത് ഹെല്‍ത് അതോറിറ്റി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പണിയും. 40 ഹെല്‍ത്ത് സെന്ററുകളും പദ്ധതിയുടെ ഭാഗമായുണ്ട്. ദുബൈയിലെ ജനങ്ങളുടെ നിരന്തരമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചാണിത്.
മുഹമ്മദ് ബിന്‍ റാശിദ് ആശുപത്രി, അല്‍ മക്തൂം ആശുപത്രി, അല്‍ ഖവാനീജ് ആശുപത്രി എന്നിവയാണ് ഹെല്‍ത് അതോറിറ്റി തങ്ങളുടെ സ്ട്രാറ്റജിക്ക് പ്ലാന്‍ 2025 ന്റെ ഭാഗമായി ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുക. ഈ വര്‍ഷാവസാനത്തോടെ പുതിയ ആശുപത്രികളുടെ പ്ലാനുകള്‍ അന്തിമമാകും. നിര്‍മിക്കുന്ന സ്ഥലങ്ങള്‍ ദുബൈ നഗരസഭയുമായി ആലോചിച്ച് അന്തിമമായി തീരുമാനിക്കും.
ഇതില്‍ മുഹമ്മദ് ബിന്‍ റാശിദ് ആശുപത്രി അറേബ്യന്‍ റാഞ്ചെസിനു എതിര്‍വശത്തും അല്‍ മക്തൂം ആശുപത്രി ജബല്‍ അലിയിലുമായിരിക്കും. മൂന്നാമത്തെതിന്റെ സ്ഥലം അന്തിമമാക്കിയിട്ടില്ല. പുതിയതായി നിര്‍മിക്കുന്ന ആശുപത്രികളും ഹെല്‍ത് സെന്ററുകളുമെല്ലാം നൂതന സൗകര്യങ്ങളോടെയുള്ളതായിരിക്കുമെന്ന് അതോറിറ്റി ഡയറക്ടര്‍ ഈസാ അല്‍ മൈദൂര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest