മര്‍കസ് ലോ കോളജ് ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും

Posted on: July 17, 2014 8:01 pm | Last updated: July 17, 2014 at 8:04 pm

marakaz law college

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ #മര്‍കസ് ലോ കോളജ് ഈ അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 36 വര്‍ഷത്തോളമായി രാജ്യവ്യാപകമായി വിപുലവും വ്യവസ്ഥാപിതവുമായ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മര്‍കസ്സു സ്സഖാഫത്തി സുന്നിയ്യയുടെ ബഹുമുഖ പദ്ധതിയായ മര്‍കസ് നോളജ് സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിക്കുന്ന പ്രഥമ സംരംഭമാണ് ലോ കോളജ്.
ഉന്നത നിലവാരമുള്ള നിയമവിദ്യാഭ്യാസം സാദ്ധ്യമാക്കി ദേശീയ നിര്‍മിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള കഴിവുറ്റ അഭിഭാഷക സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് മര്‍കസ് ലോ കോളജ് ലക്ഷ്യമാക്കുന്നത്. പ്രമുഖ നിയമജ്ഞന്‍ ഡോ. ത്വാഹിര്‍ മഹ്മൂദ് മുഖ്യ ഉപദേഷ്ടാവാണ്. പ്രശസ്ത നിയമ പണ്ഡിതനും എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ഗവ: ലോ കോളജുകളിലെ പ്രിന്‍സിപ്പലുമായിരുന്ന അഡ്വ. ഗോപിയാണ് പ്രിന്‍സിപ്പല്‍.
ത്രിവത്സര എല്‍.എല്‍.ബി, പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. കോളജിന് സര്‍ക്കാര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കാലിക്കറ്റ് സര്‍വ്വകലാശാല എന്നിവയുടെ അംഗീകാരം ലഭിച്ചു. കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റിയില്‍ ലോ കോളജിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴിന് നടന്ന ചടങ്ങില്‍ ശൈഖ് അബ്ദുല്ല അബ്ദുല്‍ ജലീല്‍ അല്‍ ഫഹീമാണ് ലോ കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. നിലവില്‍ കാരന്തൂരിലെ മര്‍കസ് ക്യാംപസിലാണ് ലോ കോളജ് പ്രവര്‍ത്തനമാരംഭിക്കുക. ലോ കോളജ് ഉദ്ഘാടനസമ്മേളനം അടുത്ത മാസം ആദ്യവാരത്തില്‍ കാരന്തൂര്‍ മര്‍കസില്‍ നടക്കും. പ്രമുഖ നിയമജ്ഞരും ജനപ്രതിനിധികളും പങ്കെടുക്കും. പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിതരണം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495 699 9944.